കോഴിക്കോട്: രാജ്യത്തെ സര്‍വകലാശാലകളിലെ സംവരണ അട്ടിമറിക്കെതിരെ ലേഖനമെഴുതിയ എഴുത്തുകാരനും ദളിത് ചിന്തകനും പ്രഭാഷകനുമായ ഡോ.കെ.എസ്. മാധവന് കാലിക്കറ്റ് സര്‍വകലാശാല കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതില്‍ പ്രതികരണവുമായി ചിന്തകനും സഹഎഴുത്തുകാരനുമായ പ്രൊഫ. പി.കെ. പോക്കര്‍. ഏപ്രില്‍ 21ന് മാധ്യമം എഡിറ്റോറിയല്‍ പേജില്‍ കെ.എസ്. മാധവനും പി.കെ. പോക്കറും ചേര്‍ന്നെഴുതിയ ‘സര്‍വകലാശാലകളില്‍ നിറഞ്ഞാടുന്നു സംവരണ വിരുദ്ധ മാഫിയ’ എന്ന ലേഖനത്തിനാണ് സര്‍വകലാശാല കാരണം കാണിക്കല്‍നോട്ടീസ് നല്‍കിയിരുന്നത്.
സര്‍വകലാശാലകളില്‍ കാലാകാലമായി നിലനില്‍ക്കുന്ന കീഴാള വിരുദ്ധതയെ കുറിച്ച് തങ്ങളിരുവരും വളരെക്കാലമായി നടത്തിവരുന്ന പഠനങ്ങളുടെയും പ്രവര്‍ത്തനത്തിന്റെയും തുടര്‍ച്ചയായാണ് ലേഖനമെഴുതിയതെന്ന് പി.കെ. പോക്കര്‍ മാധ്യമത്തില്‍ പ്രതികരിച്ചു.
ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ലേഖനമെഴുതിയതിന്റെ പേരില്‍ ഒരു അക്കാദമീഷ്യനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നത് പുരോഗമന ജനാധിപത്യ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യ സംഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഏതെങ്കിലും ഒരു പ്രത്യേക സര്‍വകലാശാലയെ മാത്രം വിമര്‍ശിക്കുന്നതായിരുന്നില്ല ആ ലേഖനം.
മറിച്ച് ഇന്ത്യന്‍ സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലും കാലാകാലങ്ങളായി നടമാടുന്ന കീഴാള വിരുദ്ധതയിലേക്കും സംവരണ വിരുദ്ധ മനോഭാവത്തിലേക്കും ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു.
അഭിപ്രായം തുറന്നു പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനും ഇന്ത്യന്‍ ഭരണഘടനയാണ് ഓരോ പൗരനും പരിരക്ഷ നല്‍കിയിരിക്കുന്നത്. നാട്ടുരാജാക്കന്മാരെപ്പോലെ അത് പരിമിതപ്പെടുത്താനോ ഞങ്ങളുടെ പ്രവിശ്യയില്‍ അനുവദിക്കില്ലെന്ന് പറയാനോ ഒരാളും മുതിരാതിരിക്കുന്നതാവും നല്ലത്,’ പോക്കറിന്റെ വാക്കുകള്‍.
ലേഖനത്തില്‍ പറഞ്ഞതുപോലെ ഭരണഘടന നിര്‍ദേശങ്ങളെ വെല്ലുവിളിക്കുന്ന, സാമൂഹിക നീതി അട്ടിമറിക്കുന്ന മാഫിയ സര്‍വകലാശാലകളില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ തെളിവാണ് ഡോ.കെ.എസ്. മാധവനെ വേട്ടയാടാനുള്ള നീക്കമെന്നും പോക്കര്‍ ചൂണ്ടിക്കാട്ടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക