തിരുവനന്തപുരം: വനിത സി.പി.ഒ റാങ്ക് ലിസ്റ്റിൽ 45 പേർക്ക് അഡ്വൈസ് മെമോ നൽകി സർക്കാർ. വനിത സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് 45 പേർക്ക് കൂടി അഡ്വൈസ് മെമോ അയച്ചിരിക്കുന്നത്. സമരത്തിലിരിക്കുന്ന മൂന്ന് പേർക്കും മെമോ ലഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില് 45 ഒഴിവുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് നിയമനം.
കഴിഞ്ഞ മൂന്ന് ആഴ്ചയായി സി.പി.ഒ റാങ്ക് ലിസ്റ്റിൽ പെട്ട പെൺകുട്ടികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുകയാണ്. 900 ത്തിലധികം ആളുകളുടെ റാങ്ക് ലിസ്റ്റായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. ഇതിൽ 265 പേർക്ക് മാത്രമേ ഇതുവരെയും നിയമനം നല്കിയിരുന്നുള്ളൂ. കൂടുതൽ നിയമനം ആവശ്യപ്പെട്ടാണ് ഇവർ കഴിഞ്ഞ മൂന്ന് ആഴ്ചയായി സമരം ചെയ്തുകൊണ്ടിരിക്കുന്നത്.
ഇതിനിടയിലാണ് ഈ ലിസ്റ്റിൽ നിന്നും 45 പേർക്ക് കൂടി അഡ്വൈസ് മെമ്മോ അയക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ അടുത്തകാലത്ത് സർക്കാർ കേരളം പൊലീസിൽ പോക്‌സോ വിഭാഗമെന്ന പ്രത്യേക വിഭാഗം കൊണ്ടുവന്നു. ഈ വിഭാഗത്തിൽ മൊത്തം 300 വേക്കൻസികളാണ് ഉണ്ടായിരുന്നത്.
ഈ 300 ൽ 28 എണ്ണം സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുൾപ്പെട്ട 2024 ലെ ബാച്ചിന് നൽകിയിരിക്കുകയാണ്. ഒപ്പം കേരള പൊലീസ് അക്കാദമിയിൽ വിവിധ കാരണങ്ങളാൽ ഒഴിഞ്ഞുപോയ 13 പേരുടെ ഒഴിവുകളും 2024 റാങ്ക് ലിസ്റ്റിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നൽകി. ഒപ്പം ജോലിയിൽ ജോയിൻ ചെയ്യാത്ത മൂന്ന് പേരുടെ ഒഴിവുകളും സർക്കാർ ഈ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നൽകിയിരിക്കുകയാണ്.
അതേസമയം അവസാന ദിവസം വരെ സമരം തുടരാനാണ് റാങ്ക് ഹോൾഡേഴ്സിന്റെ തീരുമാനം. ഇന്നലെ 11 മണിക്ക് റീത്ത് വെച്ച് പ്രതിഷേധിച്ചിരുന്നു. 570 ഒഴിവുകൾ നിലനിൽക്കെ 292 നിയമനങ്ങൾ മാത്രം നടത്തിയെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം. ഒഴിവുകളിൽ പരമാവധി നിയമനങ്ങൾ നടത്തിയെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
Content Highlight: Government issues advice memo to 45 people in CPO rank list