പത്ത്‌ പന്തിൽ സെഞ്ച്വറി നേട്ടം; തകർത്തെറിഞ്ഞത് ഗെയ്‌ലിന്റെ 11 വർഷത്തെ ആരുംതൊടാത്ത റെക്കോഡ്
Cricket
പത്ത്‌ പന്തിൽ സെഞ്ച്വറി നേട്ടം; തകർത്തെറിഞ്ഞത് ഗെയ്‌ലിന്റെ 11 വർഷത്തെ ആരുംതൊടാത്ത റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th April 2024, 7:42 am

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മൂന്നാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഒമ്പത് വിക്കറ്റിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്.

ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബെംഗളൂരു 16 ഓവറില്‍ ഒമ്പത് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇംഗ്ലണ്ട് സൂപ്പര്‍ താരം വില്‍ ജാക്‌സിന്റെ സെഞ്ച്വറിയുടേയും വിരാട് കോഹ്‌ലിയുടെ അര്‍ധസെഞ്ച്വറിയുടെ കരുത്തിലുമാണ് റോയല്‍ ചലഞ്ചേഴ്‌സ് ജയിച്ചു കയറിയത്.

41 പന്തില്‍ പുറത്താവാതെ 100 റണ്‍സ് നേടിക്കൊണ്ടായിരുന്നു വില്‍ ജാക്‌സിന്റെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളും പത്ത് കൂറ്റന്‍ സിക്‌സുകളും ആണ് ഇംഗ്ലണ്ട് താരം അടിച്ചെടുത്തത്. 243.90 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അഞ്ചാമത്തെ സെഞ്ച്വറി ആയിരുന്നു ഇത്.

ഈ തകര്‍പ്പന്‍ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്രനേട്ടമാണ് വില്‍ ജാക്‌സ് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഒരു മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതിന് ശേഷം ഏറ്റവും കുറഞ്ഞ പന്തില്‍ നിന്നും സെഞ്ച്വറിയിലേക്ക് എത്തുന്ന ആദ്യത്തെ താരമായി മാറാനാണ് വില്‍ ജാക്‌സിന് സാധിച്ചത്. പത്ത് പന്തില്‍ നിന്നുമാണ് താരം 50 ല്‍ നിന്നും 100 റണ്‍സിലേക്ക് മുന്നേറിയത്.

ഇതിനുമുമ്പ് ഈ നേട്ടത്തില്‍ ഉണ്ടായിരുന്നത് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസതാരം ക്രിസ് ഗെയ്ല്‍ ആയിരുന്നു. 2013 പൂനെ വാരിയേഴ്‌സിനെതിരായ മത്സരത്തില്‍ 13 പന്തുകളില്‍ നിന്നാണ് ഗെയില്‍ ഈ നേട്ടം സ്വന്തമാക്കിയത്. 2016 ഗുജറാത്ത് ലയണ്‍സിനെതിരെ കോഹ്‌ലി 14 പന്തില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കി.

ജാക്‌സിനു പുറമേ 44 പന്തില്‍ 70 റണ്‍സ് നേടി കോഹ്‌ലിയും ബെംഗളൂരുവിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ആറു ഫോറുകളും മൂന്ന് സിക്‌സുകളും ആണ് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററുടെ ബാറ്റില്‍ നിന്നും പിറന്നത്.

അതേസമയം 49 പന്തില്‍ 84 റണ്‍സ് നേടിയ സായ് സുദര്‍ശന്റെയും 30 പന്തില്‍ 58 റണ്‍സ് നേടിയ ഷാരൂഖ് ഖാന്റെയും ഇന്നിംഗ്‌സിന്റെ കരുത്തിലാണ് ഗുജറാത്ത് മികച്ച ടോട്ടലിലേക്ക് നീങ്ങിയത്.

Content Highlight: Will Jacks create a new Record in IPL