ഭോപ്പാല്‍: ഗാന്ധി ഘാതകനായ ഗോഡ്‌സെയെ ദേശഭക്തനെന്ന് വിളിച്ചതിന് പിന്നാലെ ബി.ജെ.പി എം.പി പ്രജ്ഞാസിംഗ് ഠാക്കൂറിനെതിരെ ഭീഷണിയുമായി കോണ്‍ഗ്രസ് എം.എല്‍.എ. പ്രജ്ഞസിംഗ് സംസ്ഥാനത്ത് കാല് കുത്തിയാല്‍ ജീവനോടെ കത്തിക്കുമെന്ന് മധ്യപ്രദേശിലെ ബയോറയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ഗോവര്‍ധന്‍ ദംഗി പറഞ്ഞു.
‘മധ്യപ്രദേശില്‍ പ്രജ്ഞാസിംഗ് കാല് കുത്തിയാല്‍ അവരെ ജീവനോടെ കത്തിക്കും.’ ഗോവര്‍ധന്‍ ദംഗി പറഞ്ഞു.
ലോക്‌സഭയില്‍ എസ്.പി.ജി ബില്ലിനെകുറിച്ചുള്ള പ്രത്യേക ചര്‍ച്ചക്കിടെയായിരുന്നു പ്രജ്ഞാസിംഗ് ഠാക്കൂറിന്റെ പ്രതികരണം. പ്രസ്താവന വിവാദമായതോടെ ഇവരെ പ്രതിരോധ സമിതിയില്‍ നിന്ന് ഒഴിവാക്കുന്നതായി ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ അറിയിച്ചിരുന്നു.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തിനിടെ നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ പ്രജ്ഞയെ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സഭാ രേഖകളില്‍ നിന്ന് പ്രജ്ഞയുടെ പരാമര്‍ശം നീക്കം ചെയ്തിട്ടുണ്ട്.
ഡി.എം.കെ അംഗമായ എ. രാജ മഹാത്മാ ഗാന്ധിയെ എന്തുകൊണ്ടു താന്‍ വധിച്ചുവെന്ന ഗോഡ്‌സെയുടെ വാക്കുകള്‍ ഉദ്ധരിച്ചിരുന്നു. ഗാന്ധിയെ വധിക്കുന്നതിനും 32 വര്‍ഷങ്ങള്‍ക്കു മുന്‍പേ അദ്ദേഹത്തോടു വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഗോഡ്‌സെ പറഞ്ഞതായി രാജ പറഞ്ഞിരുന്നു. ഇതിനിടെ രാജയെ ഖണ്ഡിച്ചുകൊണ്ടാണ് പ്രജ്ഞ രംഗത്തെത്തിയത്. ഒരു ദേശഭക്തനെ ഉദാഹരിക്കാന്‍ കഴിയില്ലെന്നായിരുന്നു പ്രജ്ഞാസിംഗിന്റെ പ്രസ്താവന.