ബ്യൂണിസ് ഐറിസ്: അര്‍ജന്റീനയില്‍ പ്രസിഡന്റ് യാവിയര്‍ മിലി അടിയന്തിരമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഉത്തരവുകളില്‍ വ്യാപക പ്രതിഷേധം. രാജ്യത്തെ 11 സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ നിര്‍ത്തലാക്കുന്നതിനെതിരെയും അമിതമായ പണപ്പെരുപ്പവും കടവും മൂലം പ്രതിസന്ധി നേരിടുന്ന സമ്പദ്വ്യവസ്ഥയില്‍ വ്യാപകമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മിലിയുടെ നീക്കത്തിനെതിരെയുമാണ് പ്രതിഷേധം.
അധികാരമേറ്റതിനുശേഷം ഗതാഗതം, വനിതാക്ഷേമം, തൊഴില്‍, പരിസ്ഥിതി, സാമൂഹിക വികസനം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയവയുടെ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ നിര്‍ത്തലാക്കാന്‍ മിലി നീക്കം നടത്തിയിട്ടുണ്ട്.
രാജ്യത്തെ പണപ്പെരുപ്പത്തെ നേരിടാനും മാക്രോ ഇക്കണോമിക് സാഹചര്യം മെച്ചപ്പെടുത്താനുമുള്ള സ്ഥിരതയാര്‍ന്ന പാക്കേജാണ് അടിയന്തിര ഉത്തരവുകള്‍ എന്ന് മിലി പറയുന്നു. അടിയന്തര നടപടികള്‍ കമ്പോളത്തിന് അനുകൂലവും കോര്‍പറേറ്റുകള്‍ക്ക് പ്രതികൂലമാണെന്നും റേഡിയോ റിവാഡാവിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അര്‍ജന്റീനയിലെ ജനങ്ങളോട് പ്രസിഡന്റ് യാവിയര്‍ മിലി അറിയിച്ചു.
പുതിയ നീക്കങ്ങളില്‍ അധികാര വിഭജനം ലംഘിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം മിലിയുടെ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചു. അര്‍ജന്റീനയുടെ സ്വകാര്യവത്കരണം, നിയന്ത്രണം, തൊഴിലാളികളുടെ അവകാശങ്ങള്‍ തടയല്‍, മുഴുവന്‍ ഉത്പാദന മേഖലകാള്‍ ഇല്ലാതാക്കല്‍, ഫുട്‌ബോള്‍ ക്ലബ്ബുകളും അര്‍ജന്റീനയുടെ പൈതൃകവും അട്ടിമറിക്കല്‍ തുടങ്ങിയവയാണ് മിലിയുടെ പ്രധാന ആഗ്രഹങ്ങളെന്ന് കിര്‍ച്‌നറിസ്റ്റ് വിഭാഗത്തിന്റെ നേതാക്കള്‍ പറഞ്ഞു.
അതേസമയം തനിക്കെതിരെ പ്രതിഷേധം നടത്തുന്നവര്‍ക്ക് ‘സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം’ ബാധിച്ചിട്ടുണ്ടെന്ന് മിലി കുറ്റപ്പെടുത്തി. തങ്ങളെ ദരിദ്രരാക്കിയ മാതൃകയെ പ്രതിഷേധത്തക്കാര്‍ സ്വീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുവെന്ന് മിലി പറഞ്ഞു. കമ്മ്യൂണിസത്തെ ഗൃഹാതുരത്വത്തോടെയും സ്‌നേഹത്തോടെയും വാത്സല്യത്തോടെയും കാണുന്ന പ്രതിഷേധക്കാര്‍ രാജ്യത്തുണ്ടെന്ന് മിലി പരിഹസിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സെന്‍ട്രല്‍ ബാങ്ക് പിരിച്ചുവിടല്‍, ചെലവ് കുറക്കല്‍, അമേരിക്കന്‍ രാജ്യങ്ങളുടെ പൊതുനാണയമായ ‘പെസോ’ ഒഴിവാക്കല്‍ തുടങ്ങിയവയാണ് മിലി രാജ്യത്ത് മുന്നോട്ട് വെച്ച വാഗ്ദാനങ്ങള്‍. പരമ്പരാഗതമായ കക്ഷികളെ മാറ്റിനിര്‍ത്തിക്കൊണ്ടാണ് വോട്ടര്‍മാര്‍ മിലിയെ തെരഞ്ഞെടുത്തത്. ഡൊണാള്‍ഡ് ട്രംപിന്റെയും ജയ് ബൊള്‍സനാരോയുടെയും പിന്തുടര്‍ച്ചക്കാരനായി എത്തിയ മിലി രണ്ടു വര്‍ഷം മുമ്പാണ് ‘ലിബാര്‍ട്ടസ് അവന്‍സ’ എന്ന പാര്‍ട്ടിയുടെ അര്‍ജന്റീനയില്‍ സാന്നിധ്യമറിയിക്കുന്നത്.
ബന്ദികളാക്കിയവരോട് തടവുകാര്‍ക്ക് തോന്നുന്ന സഹതാപത്തെയാണ് സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്.
Content Highlight: Widespread protests in Argentina against President Javier Milei