Sports News
ടി-20യില്‍ എങ്ങനെ കളിക്കണമെന്ന് അവനറിയാം; സൂപ്പര്‍ താരത്തെ പ്രശംസിച്ച് യുവരാജ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 01, 06:18 pm
Tuesday, 1st April 2025, 11:48 pm

ഐ.പി.എല്ലില്‍ ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്. ലക്‌നൗവിന്റെ തട്ടകമായ ഏകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ 22 പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം. ഇതോടെ സീസണിലെ തങ്ങളുടെ രണ്ടാം വിജയവും സ്വന്തമാക്കി മുന്നോറുകയാണ് ക്യാപ്റ്റന്‍ അയ്യരും സഘവും.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 16.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയാണ് വിജയം സ്വന്തമാക്കിയത്.

ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പ്രഭ്‌സിമ്രാന്‍ സിങ്ങുമാണ്. അയ്യര്‍ പുറത്താകാതെ 30 പന്തില്‍ നിന്ന് നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടിയാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. പ്രഭ്‌സിമ്രാന്‍ 34 പന്തില്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 69 റണ്‍സാണ് നേടിയത്. ദിഗ്‌വേഷ് സിങ്ങിന്റെ പന്തില്‍ ആയുഷ് ബധോണി നേടിയ ഐതിഹാസികമായ ക്യാചിലൂടെയാണ് പ്രഭ്‌സിമ്രാനെ പുറത്താക്കിയത്.

ഇപ്പോള്‍ പ്രഭ്‌സിമ്രാനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. പ്രഭ്‌സിമ്രാന്‍ ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് മിന്നും പ്രകടനമാണ് കാഴ്ചവെച്ചതെന്നും അത് ഐ.പി.എല്ലില്‍ താരത്തിന് മികവ് പുലര്‍ത്തുന്നതില്‍ നിര്‍ണായകമായെന്നും യുവരാജ് പറഞ്ഞു. മാത്രമല്ല ടി-20 ക്രിക്കറ്റില്‍ ഇന്നിങ്‌സ് എങ്ങനെ കൊണ്ടുപോകണമെന്ന് താരത്തിനറിയാമെന്നും യുവരാജ് പറഞ്ഞു. തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിപ്പ് പങ്കുവെച്ചാണ് താരം ഈ കാര്യം പറഞ്ഞത്.

‘ഈ സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ @prabhsimran01 വലിയ പുരോഗതി കൈവരിച്ചു, അത് ഇപ്പോള്‍ @IPL-ല്‍ ഫലങ്ങള്‍ പ്രകടമാണ്! ടി-20യില്‍ എങ്ങനെ ഇന്നിങ്‌സ് കെട്ടിപ്പടുക്കണമെന്നും എങ്ങനെ കളിക്കണമെന്നും അവനറിയാം. ഫോമിലുള്ള ക്യാപ്റ്റന്‍ @ShreyasIyer15നൊപ്പം @PunjabKingsIPLനായി ലക്ഷ്യം പിന്തുടരണം,’ യുവരാജ് സിങ് എക്‌സില്‍ എഴുതി.

Content Highlight: IPL 2025: Yuvaraj Singh Praises Prabhsimran Singh Great Performance