Entertainment
ഡെഡിക്കേറ്റഡായ നടന്‍, ഡാന്‍സെന്നും അഭിനയമെന്നും കേട്ടാല്‍ അദ്ദേഹത്തിന് ആവേശമാണ്: ദേവയാനി

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ദേവയാനി. തമിഴ് സിനിമയിലും സീരിയലുകളിലും സ്ഥിര സാന്നിധ്യമായ നടി തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

1994ല്‍ കിന്നരിപ്പുഴയോരം എന്ന ചിത്രത്തിലൂടെയാണ് ദേവയാനി മലയാള സിനിമയില്‍ എത്തുന്നത്. പിന്നീട് അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്, മഹാത്മ, സുന്ദരപുരുഷന്‍, ബാലേട്ടന്‍, നരന്‍ ഉള്‍പ്പെടെയുള്ള മികച്ച ഒരുപാട് മലയാള സിനിമകളില്‍ നടി അഭിനയിച്ചു.

തമിഴില്‍ മിക്ക മുന്‍നിര താരങ്ങളുടെ കൂടെ സിനിമ ചെയ്യാനും ദേവയാനിക്ക് സാധിച്ചിട്ടുണ്ട്. 1998ല്‍ വിജയ് നായകനായി എത്തിയ നിനൈത്തന്‍ വന്തൈ എന്ന സിനിമയില്‍ നടി അഭിനയിച്ചിരുന്നു. ഇപ്പോള്‍ ആ സിനിമയെ കുറിച്ചും വിജയ്‌യെ കുറിച്ചും പറയുകയാണ് ദേവയാനി.

നിനൈത്തന്‍ വന്തൈ എന്ന സിനിമ ശരിക്കും ഒരു പിക്‌നിക്ക് പോലെയായിരുന്നു. ഞങ്ങള്‍ക്ക് വളരെ മികച്ച അനുഭവം നല്‍കിയ സിനിമയായിരുന്നു അത്. എന്റെ കൂടെ വിജയ് സാറും രംഭയുമായിരുന്നു ഉണ്ടായിരുന്നത്.

വിജയ് സാര്‍ അന്നും വളരെ ശാന്തനായി തന്നെയാണ് ഇരിക്കുക. അദ്ദേഹം എപ്പോഴും ശാന്തനായിരിക്കും. എന്നാല്‍ വളരെ ഡെഡിക്കേറ്റഡായ മനുഷ്യനാണ്. ഡാന്‍സെന്നും അഭിനയമെന്നും കേട്ടാല്‍ അദ്ദേഹത്തിന് ആവേശമാണ്. പക്ഷെ കൂടുതല്‍ സമയവും സെറ്റില്‍ വളരെ ശാന്തനായിട്ടാണ് ഉണ്ടാകുക,’ ദേവയാനി പറയുന്നു.

നിനൈത്തന്‍ വന്തൈ:

കെ. സെല്‍വ ഭാരതി സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് നിനൈത്തന്‍ വന്തൈ. അല്ലു അരവിന്ദ് നിര്‍മിച്ച ഈ ചിത്രം 1996ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ പെല്ലി സന്ദദിയുടെ തമിഴ് റീമേക്കാണ്.

വിജയ്, രംഭ, ദേവയാനി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമയില്‍ മണിവണ്ണന്‍, മലേഷ്യ വാസുദേവന്‍, രഞ്ജിത്ത്, സെന്തില്‍, വിനു ചക്രവര്‍ത്തി എന്നിവരും അഭിനയിച്ചിരുന്നു.

Content Highlight: Devayani Talks About Vijay