Kerala News
പിണറായി എന്നത് മുഖ്യമന്ത്രിയുടെ പേരാണെന്നാണ് ഇത്രയും കാലം കരുതിയത്‌; നാടിന്റെ പേരാണെന്ന് ഇപ്പോഴാണ് മനസിലായത്: ശിവകാര്‍ത്തികേയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
5 days ago
Tuesday, 15th April 2025, 6:05 pm

കണ്ണൂര്‍: പിണറായി പെരുമയില്‍ തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍ പിണറായി വിജയനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. പിണറായി എന്നത് മുഖ്യമന്ത്രിയുടെ പേരാണെന്നാണ് ഇത്രയും കാലം താന്‍ വിചാരിച്ചിരുന്നതെന്നും നാടിന്റെ പേരാണെന്ന് ഇപ്പോഴാണ് മനസിലായതെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു. കണ്ണൂരിലെ പിണറായി പെരുമയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ തമിഴില്‍ സംസാരിക്കാം  മലയാളത്തില്‍ സംസാരിച്ചാല്‍ നിങ്ങള്‍ പോലും മലയാളം മറന്നുപോകും എന്ന മുഖവുരയോടെയായിരുന്നു ശിവകാര്‍ത്തികേയന്‍ തന്റെ പ്രസംഗം ആരംഭിച്ചത്. ആദ്യമായാണ് കണ്ണൂരില്‍ വരുന്നതെന്ന് പറഞ്ഞ നടന്‍ മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയതിന്റെയും മറ്റ് അനുഭവങ്ങളും പങ്കുവെച്ചു.

‘ഞാന്‍ തമിഴില്‍ സംസാരിക്കാം,  ഞാന്‍ മലയാളത്തില്‍ സംസാരിച്ചാല്‍ നിങ്ങള്‍ മലയാളമേ മറന്ന് പോകും. ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ കാണാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. ഇന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ് ഞാന്‍ ഉച്ചഭക്ഷണം കഴിച്ചത്. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു കുടുംബാംഗമെന്ന നിലയിലാണ് എന്നെ സ്വീകരിച്ചത്.

ആദ്യമായാണ് കണ്ണൂരില്‍ വരുന്നത്. അതിലുപരി ആദ്യമായാണ് പിണറായില്‍ വരുന്നത്. പിണറായി എന്നത് മുഖ്യമന്ത്രിയുടെ പേരാണെന്നാണ് ഞാന്‍ ഇത്രയും കാലം വിചാരിച്ചിരുന്നത്. ഇപ്പോഴാണ് ഇത് ഈ നാടിന്റെ പേരാണെന്ന് മനസിലായത്.

രജനി സാറിന്റെ പ്രശസ്തമായ ഒരു ഡയലോഗ് ഉണ്ടായിരുന്നു. ‘പൊറന്ത ഊരുക്ക് പെരുമ സൈയറ് വളര്‍ന്ത നാട്ടുക്ക് പുകഴ്‌സൈയറ്’ മൊരട്ടു കാളൈയിലെ ഈ പ്രശസ്തമായ വരി എങ്ങനെയാണ് അന്വര്‍ത്ഥമാകുന്നതെന്ന മുഖ്യമന്ത്രിയിലൂടെ മനസിലാവും. അദ്ദേഹം ഈ നാടിന്റെ പേര് പ്രശസ്തമാക്കുകയും ഒരു ഐക്കണമായി മാറുകയും ചെയ്തു,’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത സമാപനച്ചടങ്ങില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എന്‍. റാം, സിനിമ താരം ആസിഫ് അലി, മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തുടങ്ങി കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. പിണറായി പെരുമ കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Content Highlight: Actor Sivakarthikeyan talk’s about Pinarayi Vijayan