Sports News
പന്തിനേയും കൂട്ടരേയും ചാരമാക്കി അയ്യര്‍പ്പട; രണ്ടാം വിജയവും കലക്കി!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 01, 05:51 pm
Tuesday, 1st April 2025, 11:21 pm

ഐ.പി.എല്ലില്‍ ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി പഞ്ചാബ് കിങ്‌സ്. ലക്‌നൗവിന്റെ തട്ടകമായ ഏകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ 22 പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം. ഇതോടെ സീസണിലെ തങ്ങളുടെ രണ്ടാം വിജയവും സ്വന്തമാക്കി മുന്നോറുകയാണ് ക്യാപ്റ്റന്‍ അയ്യരും സഘവും.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 16.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയാണ് വിജയം സ്വന്തമാക്കിയത്.

ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും പ്രഭ്‌സിമ്രാന്‍ സിങ്ങുമാണ്. അയ്യര്‍ പുറത്താകാതെ 30 പന്തില്‍ നിന്ന് നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടിയാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. പ്രഭ്‌സിമ്രാന്‍ 34 പന്തില്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 69 റണ്‍സാണ് നേടിയത്. ദിഗ്‌വേഷ് സിങ്ങിന്റെ പന്തില്‍ ആയുഷ് ബധോണി നേടിയ ഐതിഹാസികമായ ക്യാചിലൂടെയാണ് പ്രഭ്‌സിമ്രാനെ പുറത്താക്കിയത്.

അയ്യരിന് കൂട്ടുനിന്ന ഇംപാക്ട് പ്ലെയര്‍ നേഹല്‍ വധേര 25 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 43 റണ്‍സ് നേടിയും പുറത്താകാതെ നിന്നിരുന്നു. പ്രിയാന്‍ഷ് ആര്യയുടെ (എട്ട് റണ്‍സ്) വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. ദിഗ്‌വേഷ് സിങ്ങിന്റെ പന്തില്‍ ഉയര്‍ത്തിയടിച്ച പന്ത് രാഹുല്‍ ചഹറിന്റെ കയ്യിലാകുകയായിരുന്നു.

ലഖ്‌നൗവിന്റെ ബാറ്റിങ്ങില്‍ ആദ്യ ഓവറിനെത്തിയ അര്‍ഷ്ദീപ് സിങ് തന്റെ നാലാം പന്തില്‍ മിച്ചല്‍ മാര്‍ഷിനെ പറഞ്ഞയച്ചാണ് തുടങ്ങിയത്. മാര്‍ക്കോ യാന്‍സന് ക്യാച്ച് നല്‍കി പൂജ്യം റണ്‍സിനാണ് താരം പുറത്തായത്. ലഖ്‌നൗവിന്റെ സ്‌കോര്‍ ഉയര്‍ത്തിയ എയ്ഡന്‍ മാര്‍ക്രത്തിന്റെ (28 റണ്‍സ്) വിക്കറ്റ് നേടി ലോക്കി ഫെര്‍ഗൂസണ്‍ മിന്നും പ്രകടനമാണ് നടത്തിയത്. മാര്‍ക്രത്തിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ലോക്കി കരുത്ത് കാട്ടിയത്.

എന്നാല്‍ ഏറെ പ്രതീക്ഷയോടെ ലഖ്‌നൗ ആരാധകര്‍ കാത്തിരുന്നത് തങ്ങളുടെ ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ പ്രകടനത്തിന് വേണ്ടിയായിരുന്നു. ടീമിന് വേണ്ടി പന്ത് രക്ഷകനായി എത്തുമെന്ന് വിശ്വസിച്ചവര്‍ക്ക് വലിയ നിരാശയാണ് ഉണ്ടായത്. അഞ്ച് പന്തില്‍ വെറും രണ്ട് റണ്‍സ് നേടിയാണ് പന്ത് കളം വിട്ടത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ യുസ്വേന്ദ്ര ചഹലിന് ക്യാച് നല്‍കിയാണ് പന്ത് മടങ്ങിയത്.

കളത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ചാണ് നിക്കോളാസ് പൂരന്‍ പുറത്തായത്. 30 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 44 റണ്‍സ് നേടിയാണ് പൂരന്‍ പുറത്തായത്. ചഹലാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. തുടര്‍ന്ന് 19 റണ്‍സ് നേടി ഡേവിഡ് മില്ലര്‍ മാര്‍ക്കോയാന്‍സന് ഇരയായി. മത്സരത്തിന്റെ അവസാന ഘട്ടം ആയുഷ് ബധോണി 41 റണ്‍സും അബ്ദുള്‍ സമദ് 27 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയാണ് മടങ്ങിയത്.

അവസാന ഓവറില്‍ ഇരുവരുടേയും വിക്കറ്റ് നേടിയത് അര്‍ഷ്ദീപ് സിങ്ങാണ്. പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റും, ലോക്കി ഫെര്‍ഗൂസന്‍, ഗ്ലെന്‍ മാക്‌സവെല്‍, മാര്‍ക്കോ യാന്‍സന്‍, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

Content Highlight: IPL2025: Panjab Kings Won Against LSG And Own Their Second Win