ബാബറിന്റെ കാലമൊക്കെ കഴിഞ്ഞു; പാകിസ്ഥാനെ ഇനി ഇവന്‍ നയിക്കും!
Sports News
ബാബറിന്റെ കാലമൊക്കെ കഴിഞ്ഞു; പാകിസ്ഥാനെ ഇനി ഇവന്‍ നയിക്കും!
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 28th October 2024, 3:22 pm

പാകിസ്ഥാന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റനായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനെ പി.സി.ബി തെരഞ്ഞടുത്തിരിക്കുകയാണ്. മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം അടുത്തിടെ തന്റെ ക്യാപ്റ്റന്‍സി രാജിവെച്ചതിനെ തുടര്‍ന്ന് പി.സി.ബി പുതിയ ക്യാപ്റ്റനായി റിസ്വാനെ തെരഞ്ഞെടുക്കുമെന്ന് പറഞ്ഞിരുന്നു. സല്‍മാന്‍ അലി ആഘയെ ടീമിന്റെ വൈസ് ക്യാപ്റ്റനായും പ്രഖ്യാപിച്ചു.

ഇന്റര്‍ നാഷണല്‍ ടി-20യിലെ 102 മത്സരത്തിലെ 89 ഇന്നിങ്‌സില്‍ നിന്ന് 3313 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഫോര്‍മാറ്റില്‍ 104 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും റിസ്വാനുണ്ട്. 126.45 സട്രൈക്ക് റേറ്റും 48.01 ആവറേജും ടി-20യില്‍ താരത്തിനുണ്ട്. 74 ഏകദിനത്തിലെ 67 ഇന്നിങ്‌സില്‍ നിന്ന് 2088 റണ്‍സാണ് റിസ്വാന്‍ നേടിയത്. 131 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഫോര്‍മാറ്റില്‍ താരത്തിനുണ്ട്.

കഴിഞ്ഞ ഏകദിന ലോകകപ്പിലും ടി-20 ലോകകപ്പിലും മോശം പ്രകടനം കാഴ്ചവെച്ച പാകിസ്ഥാന് ഏറെ കാലങ്ങളായി ക്രിക്കറ്റില്‍ വിജയം നേടാന്‍ സാധിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ടീമിലെ അഴിച്ചുപണികള്‍ വമ്പന്‍ തിരിച്ചുവരവിലേക്കാണ് പാകിസ്ഥാനെ കൊണ്ടെത്തിക്കുന്നത്. വൈറ്റ് ബോളിലെ ക്യാപ്റ്റന്‍സി മാറ്റം പാകിസ്ഥാനെ പഴയ കാല പ്രൗഢിയിലേക്ക് കൊണ്ടുവരുമെന്നാണ് വിശ്വാസം.

അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര പാകിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. അവസാന ടെസ്റ്റില്‍ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് പാകിസ്ഥാന്‍ നേടിയത്. ഇതോടെ 2-1 ന് പരമ്പര സ്വന്തമാക്കാനും പാകിസ്ഥാന് സാധിച്ചു. കാലങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ ഒരു ഹോം ടെസ്റ്റില്‍ വിജയിക്കുന്നത്. നിലവില്‍ പാകിസ്ഥാന്റെ റെഡ് ബോള്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദാണ്.

 

Content Highlight: Wicket keeper batsman Mohammad Rizwane as white ball captain of Pakistan