എന്തുകൊണ്ട് യു.ഡി.എഫ് വോട്ട് ചോദിക്കുന്നു | രമേശ് ചെന്നിത്തല എഴുതുന്നു...
Kerala Election 2021
എന്തുകൊണ്ട് യു.ഡി.എഫ് വോട്ട് ചോദിക്കുന്നു | രമേശ് ചെന്നിത്തല എഴുതുന്നു...
രമേശ് ചെന്നിത്തല
Monday, 5th April 2021, 9:04 am

കേരളത്തിന്റെ വികസന ചരിത്രം സത്യസന്ധമായി മനസ്സിലാക്കുന്ന ഏതൊരാളും അംഗീകരിക്കുന്ന ഒന്നുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍, അല്ലെങ്കില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാരുകളാണ് ഈ നാടിനെ മുന്നോട്ടു നയിച്ചിട്ടുള്ളത്. കേരളത്തില്‍ ഒരു കാലത്തുണ്ടായിരുന്ന വ്യവസായങ്ങളെ പൂട്ടിച്ചതാര് എന്ന ചോദ്യത്തിന് ഒരു കൊടിയുടെ നിറം മാത്രമേ ചരിത്രബോധമുള്ളവര്‍ക്ക് പറയാനുണ്ടാകൂ.

കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ കൊണ്ടും പ്രൊപ്പഗന്‍ഡ കൊണ്ടും ഈ ഓര്‍മ്മകളെ ഇല്ലാതാക്കാമെന്ന ചിന്ത ജനങ്ങളുടെ സാമാന്യ ബോധത്തോടുള്ള കൊഞ്ഞനം കുത്തലാണ്. തൊഴില്‍ തിന്നുന്ന ബകന്‍ എന്നു പറഞ്ഞ് കംപ്യൂട്ടറിനെതിരെ സമരം ചെയ്ത പഴയ കാലത്തെക്കുറിച്ചു മാത്രമല്ല, ഭൂമിക്കടിയിലെ ബോംബ് എന്നു പറഞ്ഞ് അഞ്ചു കൊല്ലം മുന്‍പ് ഗെയില്‍ പൈപ്പ് ലൈനിനെതിരേ സമരം ചെയ്യുകയും ഇപ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കുകയും ചെയ്യുന്ന കാപട്യത്തെക്കുറിച്ച് കൂടിയാണ് സൂചിപ്പിക്കുന്നത്. എത്രയോ വ്യവസായികളുടെ കണ്ണീരു വീണ മണ്ണാണ് ഇത്.

ഗെയില്‍ പൈപ്പ് ലൈന്‍

ഭക്ഷ്യ സുരക്ഷാ നിയമം കൊണ്ടുവന്ന യുപിഎ സര്‍ക്കാരാണ് രാജ്യത്തെ ജനങ്ങളുടെ ഭക്ഷണം ഉറപ്പാക്കിയത്. സൗജന്യ ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന് തുടക്കംകുറിച്ചത് ഈ നിയമമാണ്. ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചതും വ്യാപിപ്പിച്ചതും യു.ഡി.എഫ് സര്‍ക്കാരാണ്. അതിന്റെ കാലാനുസൃതമായ തുടര്‍ച്ച മാത്രമായിരുന്നു പിന്നീടുണ്ടായത്. ജനങ്ങളുടെ അവകാശമായ പെന്‍ഷനുകള്‍ പക്ഷേ ഒരു പരസ്യ പ്രചാരണമാക്കി മാറ്റാന്‍ യു.ഡി.എഫ് ശ്രമിച്ചിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി കൊണ്ടുവന്നത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാരാണ്.

അഴിമതിഭരണവും പ്രതിപക്ഷ ധര്‍മ്മവും

കേരളം കണ്ട ഏറ്റവും വലിയ അഴിമതി ഭരണമായിരുന്നു പിണറായി വിജയന്റേത്. നവമുതലാളിമാരുമായും വിദേശ കമ്പനികളുമായും ചേര്‍ന്ന് അഴിമതിയുടെ ഉത്സവമാണ് ഇവിടെ നടന്നത്. ഡേറ്റാ കച്ചവടം തൊട്ട് ആഴക്കടല്‍ കൊള്ള വരെ അതില്‍ ഉള്‍പ്പെടും. കുത്തക വിരോധം വിട്ട കമ്യൂണിസ്റ്റുകളുടെ ഒക്കച്ചങ്ങായിയാണ് അദാനി. പാവപ്പെട്ടവരുടെ മനുഷ്യാന്തസ്സിനെ ചവിട്ടി മെതിച്ചുകൊണ്ടാണ് പൊലീസ് ഇവിടെ പെരുമാറിയത്. കസ്റ്റഡിമരണത്തിലും മാവോയിസ്റ്റ് കൊലപാതകങ്ങളിലും മാത്രമല്ല, നീതി തേടി സമരം ചെയ്ത അമ്മമാരെ വരെ പൊലീസ് ആക്രമിച്ചു. ജിഷ്ണു പ്രണോയിയുടെ അമ്മയെ വലിച്ചിഴച്ചു. വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ ഇന്നും തെരുവില്‍ സമരം ചെയ്യുന്നു. അനീതിക്ക് കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രൊമോഷന്‍ നല്‍കുന്നു.

ജിഷ്ണു പ്രണോയിയുടെ അമ്മയെ സമരസ്ഥലത്ത് നിന്ന് പൊലീസ് നീക്കുന്നു

ജാഗ്രതയോടെയാണ് പ്രതിപക്ഷം ഈ അഞ്ചുവര്‍ഷം നിലകൊണ്ടത്. സഹകരിക്കാവുന്ന മേഖലകളിലെല്ലാം സഹകരിക്കുകയും ചോദ്യം ചെയ്യേണ്ടിടത്ത് ചോദ്യം ചെയ്തും ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായിട്ടാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. പ്രളയകാലത്തും മറ്റും നിര്‍ലോഭമായ പിന്തുണയാണ് പ്രതിപക്ഷം നല്‍കിയത്. പക്ഷേ കോവിഡ് പോലുള്ള കാലത്ത് ദുരന്തങ്ങള്‍ അഴിമതിക്കുള്ള അവസരമായി ഭരണപക്ഷം കണക്കാക്കിയപ്പോള്‍ ഞങ്ങള്‍ക്ക് വിരല്‍ ചൂണ്ടേണ്ടിവന്നു. ഈ സംസ്ഥാനത്തിന്റെ നട്ടെല്ലായ പ്രവാസികളെ ശത്രുക്കളെപ്പോലെ കണ്ടപ്പോള്‍ പ്രതിപക്ഷത്തിന് കൈയുംകെട്ടി നോക്കി നില്‍ക്കാന്‍കഴിഞ്ഞില്ല. സര്‍ക്കാരിന്റെ ഒട്ടേറെ അഴിമതികളും പൊലീസ് ആക്ട് പോലുള്ള കിരാത നിയമങ്ങളും തിരുത്തിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞു. നിയമസഭ തല്ലിപ്പൊളിക്കുക, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുക തുടങ്ങിയ ഇടതു ശൈലിയിലുള്ള സമരമല്ലായിരുന്നു ഞങ്ങളുടേത്.

ഇനി ഐശ്വര്യ കേരളം, ലോകോത്തര കേരളം

കൊച്ചി മെട്രോ പോലെ, വിമാനത്താവളം പോലെ, വിഴിഞ്ഞം പദ്ധതിയും വല്ലാര്‍പ്പാടം പദ്ധതിയും പോലെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ എന്നപോലെ യു.ഡി.എഫ് കെണ്ടുവന്ന പദ്ധതികളുടെ തുടര്‍ച്ചയായി ഐശ്വര്യ കേരളം കെട്ടിപ്പടുക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി കൊണ്ടുവന്ന, ഭരണരംഗത്തെ സുതാര്യതയ്ക്കായി വിവരാവകാശനിയമം കൊണ്ടുവന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് സാധിക്കും.

കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡില്‍ നടപ്പിലാക്കിത്തുടങ്ങിയ, മിനിമം വരുമാനം ഉറപ്പുവരുത്തല്‍ പദ്ധതിയായ ന്യായ് കേരളത്തിലെ പാവപ്പെട്ടവരുടെ ജീവിതത്തെ മാറ്റിത്തീര്‍ക്കുമെന്ന് ഉറപ്പാണ്. രാഹുല്‍ ഗാന്ധിയുടെ സ്വപ്ന പദ്ധതിയായ ന്യായ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന കേരളത്തിന്റെ യശസ്സ് ലോകമെമ്പാടും ഉയര്‍ത്തും. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം ആറായിരം രൂപ ഉറപ്പുവരുത്തുന്നതാണ് ന്യായ്. ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കുമെന്നതാണ് യു.ഡി.എഫ് നല്‍കുന്ന മറ്റൊരു ഉറപ്പ്. ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത 45 നും 60 നും മധ്യേയുള്ള വീട്ടമ്മമാര്‍ക്ക് 2000 രൂപ ഉറപ്പുവരുത്തും. പെന്‍ഷന്‍ ഒരു അവകാശമാക്കുകയും ശമ്പള കമ്മീഷന്‍ മാതൃകയില്‍ പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കുകയും ചെയ്യും.

കേരളത്തെ സന്തോഷം നിറഞ്ഞ ഒരു സംസ്ഥാനമാക്കുക യു.ഡി.എഫിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രകടനപത്രിക ഈ ലക്ഷ്യം മുന്നില്‍ നിര്‍ത്തുന്നു. ഹാപ്പിനെസ് മിനിസ്ട്രിക്ക് സമാനമായി സന്തോഷദായകമായ ഒരു സംസ്ഥാനമായി കേരളത്തെ മാറ്റിത്തീര്‍ക്കുന്ന ഭരണപരമായ ഇടപെടലുകളുണ്ടാകും. അതിന്റെ ഭാഗമാണ് പ്രകടനപത്രികയില്‍ മുന്നോട്ടുവച്ച ഹാര്‍മണി സെന്ററുകള്‍. അഞ്ചു ലക്ഷം വീടുകള്‍, എല്ലാ വെള്ളക്കാര്‍ഡുകള്‍ക്കും അഞ്ചു കിലോ സൗജന്യ അരി, ബില്ല് രഹിത ആശുപത്രികള്‍, കാരുണ്യ പദ്ധതി വീണ്ടും ആരംഭിക്കുന്നത്, കാര്‍ഷിക-വാണിജ്യ വിളകള്‍ക്കുള്ള നവീകരിച്ച താങ്ങുവില, എല്ലാവര്‍ക്കും നൂറു യൂണിറ്റ് വൈദ്യുതി സൗജന്യം തുടങ്ങിവ യു.ഡി.എഫിന്റെ വാക്കാണ്.

ജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സ്വീകരിച്ചാണ് ഞങ്ങള്‍ ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കിയത്. അതുകൊണ്ടുതന്നെ ജനാഭിലാഷങ്ങളോട് നീതി പുലര്‍ത്തുന്നതാണ് അവ. പ്രകടനപത്രിക നൂറു ശതമാനം ഉറപ്പാക്കുന്ന ഒരു സര്‍ക്കാരായിരിക്കും യു.ഡി.എഫിന്റേത്. കിറ്റും പെന്‍ഷനും വോട്ടും തട്ടാനുള്ള തന്ത്രങ്ങളായി കാണുന്നവരില്‍ നിന്ന് അത് ജനങ്ങളുടെ അവകാശമാണ് എന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട്. മുന്‍കാല യു.ഡി.എഫ് സര്‍ക്കാരുകളുടെ ചരിത്രം അതായിരുന്നു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോട് ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ടാണ് കോണ്‍ഗ്രസും യു.ഡി.എഫും എക്കാലവും നിലകൊണ്ടത്. ആദിവാസികള്‍, പട്ടികജാതി-വര്‍ഗ വിഭാഗത്തിലുള്ളവര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി ഇടതു സര്‍ക്കാര്‍ അവഗണിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത വിഭാഗങ്ങള്‍ക്കൊപ്പം യു.ഡി.എഫ് നിലകൊള്ളുന്നു. കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്കായിരിക്കും. കാടിന്റെ അവകാശം ആദിവാസി വിഭാഗങ്ങള്‍ക്കും. ആദിവാസി സമൂഹത്തിന്റെ വനാവകാശം സംരക്ഷിക്കുന്നതിന് യു.പി.എ സര്‍ക്കാര്‍ 2006 ല്‍ പ്രാബല്യത്തില്‍ വരുത്തിയ വനാവകാശ നിയമം പൂര്‍ണമായും കേരളത്തില്‍ നടപ്പിലാക്കും.

കേരളത്തിന്റെ അടിസ്ഥാന വികസന ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തിയ നേട്ടങ്ങളില്‍ ബഹുഭൂരിപക്ഷവും യു.ഡി.എഫിന് അവകാശപ്പെട്ടതായിരിക്കും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോട് വരെ ആറുവരിപ്പാതയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്ന പ്രധാന അടിസ്ഥാന വികസനങ്ങളിലൊന്ന്. തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ- ലൈറ്റ് മെട്രോ പദ്ധതികള്‍, കൊച്ചി മെട്രോ രണ്ടാംഘട്ടം ത്വരിതപ്പെടുത്തുന്നത് തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിന് യു.ഡി.എഫ് പ്രാമുഖ്യം നല്‍കുന്നു.

നാടു നന്നാവാന്‍ യു.ഡി.എഫ്

ഏകാധിപത്യ പ്രവണതയുള്ള ഏത് ഭരണകൂടവും നാശത്തിനു മാത്രമേ കാരണമായിട്ടുള്ളു. കേരളം വര്‍ഷങ്ങളായി സംരക്ഷിച്ചുകൊണ്ടിരുന്ന ചില ജനാധിപത്യ മൂല്യങ്ങളെയും മനുഷ്യവകാശങ്ങളെയും ലംഘിക്കുന്ന എത്രയോ നടപടികള്‍ക്കാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം സാക്ഷ്യം വഹിച്ചത്. വിശ്വാസി സമൂഹത്തിന്റെ വികാരങ്ങള്‍ വൃണപ്പെടുത്താനും ജനങ്ങളെ വിഭജിക്കാനുമുള്ള സംഘടിത ശ്രമങ്ങള്‍ ഭരണകൂടം തന്നെ ചെയ്തു.

എന്ത് അനീതി ചെയ്താലും ഭരണം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമുള്ളവര്‍ക്ക് അഴിമതി അതിനുള്ള മുഖ്യ മാര്‍ഗമായി മാറി. സ്വന്തം ആവശ്യത്തിനും പാര്‍ട്ടിക്കും പ്രൊപ്പഗന്‍ഡയ്ക്കും എല്ലാ വളഞ്ഞ വഴിയിലൂടെയും പണം സമ്പാദിക്കുക, ജനങ്ങള്‍ക്ക് അവര്‍ക്ക് സ്വാഭാവികമായി ലഭിക്കേണ്ട അവകാശങ്ങള്‍ എന്തോ ഔദാര്യമെന്ന പോലെ നല്‍കി മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുക എന്ന തന്ത്രത്തിലൊതുങ്ങി ഇപ്പോഴത്തെ ഭരണം. പാവപ്പെട്ടവര്‍ക്കുള്ള ലൈഫ് പദ്ധതി പോലും അഴിമതിക്കുള്ള അവസരമായി അവര്‍ കണ്ടു. കോവിഡ് കാലം കച്ചവടകാലമാക്കി മാറ്റി.

പുതിയ രാഷ്ട്രീയപാര്‍ട്ടികളുടെ ആവിര്‍ഭാവമാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രാദേശികമായി കാണുന്ന ഒന്ന്. ഒറ്റ നോട്ടത്തില്‍ നിഷ്പക്ഷമെന്ന് കരുതുന്ന അവരുടെ ആത്യന്തികമായ ലക്ഷ്യം ഇടതു മുന്നണിയെ വിജയിപ്പിക്കുക എന്നതുമാത്രമാണ്. വികസന വിഷയങ്ങള്‍ പറഞ്ഞ് തങ്ങള്‍ സ്വതന്ത്രരാണെന്ന മിഥ്യാധാരണയുണ്ടാക്കി, സാധാരണ രീതിയില്‍ യു.ഡി.എഫിന് ലഭിക്കുന്ന വികസന വോട്ടുകള്‍ പിളര്‍ത്താനുള്ള ഇത്തരം ശ്രമങ്ങളെ കരുതിയിരിക്കണം. ഗൂഢലക്ഷ്യങ്ങളുമായി എത്തുന്ന കോര്‍പറേറ്റുകളുടെ രാഷ്ട്രീയനാടകത്തിന് പ്രബുദ്ധ കേരളം തിരശ്ശീലയിടണം.

ഏകാധിപത്യ സ്വഭാവത്തിലേക്ക് രാജ്യവും നമ്മുടെ സംസ്ഥാനവും പോകുന്നത് ആര്‍ക്കും ഗുണകരമല്ല. ഭയത്തിന്റേതായ ഒരു അന്തരീക്ഷമാണ് രാജ്യത്തിന്റെ പല ഭാഗത്തുമുള്ളത്. അതിന്റെ അലയൊലികള്‍ കേരളത്തിലുമെത്തുന്നു. അലന്‍-താഹ എന്നീ രണ്ടു ചെറുപ്പക്കാരെ ഇടതു സര്‍ക്കാര്‍ വേട്ടയാടിയത് വലിയൊരു സൂചനയാണ്. മാവോയിസ്റ്റ് കൊലപാതകങ്ങള്‍ അതിന്റെ പ്രകട ഉദാഹരണങ്ങളാണ്. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന, മത ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയില്ലാത്ത, സാഹോദര്യത്തിന്റെ അന്തരീക്ഷം ഇവിടെയുണ്ടാകണം.

എല്ലാ ജനങ്ങളുടേതുമായിരുന്ന രാജ്യം അതിന്റെ വിപരീത ദിശയിലേക്ക് പോകുന്ന സമയത്ത് കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തുക എന്നത് എല്ലാ മതേതര ജനാധിപത്യവിശ്വാസികളുടേയും കടമയാണ്. രബീന്ദ്ര നാഥ ടഗോറിന്റെ കവിതയിലെന്നപോലെ നിര്‍ഭയമായ മനസ്സും ഉയര്‍ന്ന ശിരസ്സുമുള്ള രാജ്യമായി ഇന്ത്യയെ മാറ്റുന്നതിന് കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക ബോധമുള്ള ജനങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Why UDF Seeks Votes- Ramesh Chennithala Writes