ജാതി വിവേചനത്തെ എന്തുകൊണ്ട് മോദി വെല്ലുവിളിക്കുന്നില്ല; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
national news
ജാതി വിവേചനത്തെ എന്തുകൊണ്ട് മോദി വെല്ലുവിളിക്കുന്നില്ല; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th November 2024, 10:29 pm

തെലങ്കാന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍നവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് ജാതി വിവേചനത്തെ മോദി പരസ്യമായി വെല്ലുവിളിക്കാത്തതെന്നാണ് രാഹുലിന്റെ വിമര്‍ശനം.

രാജ്യത്തുണ്ടാവുന്ന ജാതി വിവേചനത്തെ വെല്ലുവിളിക്കുമെന്ന് മോദി പരസ്യമായി പ്രഖ്യാപിക്കുന്നില്ലെന്നും അതിന്റെ കാരണമെന്താണെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

തെലങ്കാനയിലെ ബോവന്‍പള്ളിയില്‍ നടന്ന ജാതി സെന്‍സസ് കണ്‍സള്‍ട്ടേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.

രാജ്യത്ത് വ്യാപകമായി ജാതി വിവേചനം നടക്കുന്നുണ്ടെന്നും ജാതി സെന്‍സസിനെ കുറിച്ച് ചിന്തിക്കാത്തവര്‍ സത്യത്തെ മറച്ചുവെക്കുന്നവരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്ത് വ്യാപകമായി നടക്കുന്ന ജാതി വിവേചനത്തെ കുറിച്ചുള്ള സത്യവും വിവേചനത്തില്‍ നിന്ന് നേട്ടം കൊയ്യുന്നവരെ കുറിച്ചും ജനങ്ങളറിയണമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ജാതി സെന്‍സസ് ആവശ്യപ്പെട്ട താന്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രധാനമന്ത്രിയും ബി.ജെ.പിയും പറയുന്നതെന്നും എന്നാല്‍ എന്നുമുതലാണ് രാജ്യത്തെ വിഭജിക്കാന്‍ തുടങ്ങിയതെന്ന സത്യം പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഒ.ബി.സി, എസ്.സി,എസ്.ടി, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവര്‍ വിഭജനത്തിനിരയായയെന്നും ഇവര്‍ക്കെല്ലാം തൊഴിലവസരങ്ങള്‍ നഷ്ടമായെന്നുമുള്ള കണക്കുകള്‍ വ്യക്തമാകണമെങ്കില്‍ ജാതി സെന്‍സസ് നടക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ജാതി സെന്‍സസ് നടത്താനുള്ള തെലങ്കാനയുടെ ശ്രമത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിക്കുകയുണ്ടായി. തെലങ്കാന നടത്തുന്ന സെന്‍സസ് ദേശീയ ജാതി സെന്‍സസിന് മാതൃകയാവുമെന്നും പുതിയ തുടക്കമാണ് നടക്കാനിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Content Highlight: Why Modi does not challenge caste discrimination; Criticized by Rahul Gandhi