ന്യൂദല്‍ഹി: 30 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാരില്‍നിന്നും ഇടഞ്ഞ് നില്‍ക്കുന്ന സച്ചിന്‍ പൈലറ്റുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്താന്‍ തയ്യാറായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി നേതൃത്വവുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ ദല്‍ഹിയിലെത്തിയ പൈലറ്റിന് ഇതുവരെയും ഇരു നേതാക്കളെയും കാണാന്‍ അനുമതി ലഭിച്ചിട്ടില്ല.
പൈലറ്റ് ഞായറാഴ്ച സോണിയ ഗാന്ധിയെ കാണുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് രാഹുലുമായും ചര്‍ച്ച നടത്തിയേക്കും എന്ന സൂചനകളും ഉയര്‍ന്നിരുന്നു.
കൂടിക്കാഴ്ചയ്ക്ക് മുമ്പ് അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാകണമെന്നാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആഗ്രഹിക്കുന്നതെന്നാണ് കോണ്‍
ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചകളിലേക്ക് നീങ്ങാന്‍ ഇരുവര്‍ക്കും താല്‍പര്യമില്ല. ഇക്കാര്യം സോണിയയും രാഹുലും ചില നേതാക്കള്‍ വഴി അറിയിച്ചിട്ടുണ്ട്.
എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തില്‍ കുറഞ്ഞതൊന്നും സച്ചിന്‍ പൈലറ്റ് പ്രതീക്ഷിക്കുന്നില്ല.
ഒരുഘട്ടത്തില്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാമെന്ന ആലോചന നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ നടന്നിരുന്നെങ്കിലും പൈലറ്റ് ചെറുപ്പമായതുകൊണ്ട് അല്‍പം കൂടി കാത്തിരിക്കാനാണ് പാര്‍ട്ടി നേതൃത്വം അന്ന് അന്തിമമായി അറിയിച്ചുരുന്നത്. തുടര്‍ന്നാണ് അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും അഞ്ച് വകുപ്പുകളും കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷ ചുമതലയും നല്‍കിയത്.
2018ലെ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തന്നോട് നീതി പുലര്‍ത്തിയില്ല എന്ന തോന്നലില്‍ സച്ചിന്‍ പൈലറ്റിനുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതിന് ശേഷം പൈലറ്റും അശോക് ഗെലോട്ടും തമ്മിലുള്ള വിള്ളല്‍ വര്‍ധിക്കുകയായിരുന്നു.
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കി ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്ന സമയത്തുതന്നെ സച്ചിന്‍ പൈലറ്റും അത്തരമൊരു നീക്കം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പൈലറ്റ് ബി.ജെ.പിയുമായി സംസാരിക്കുന്നുണ്ടെന്നായിരുന്നു ഈ റിപ്പോര്‍ട്ടുകളുടെ ഉള്ളടക്കം.
രാജ്യസഭാ തെരഞ്ഞെടുപ്പോടെ പൈലറ്റ് പാളയം മാറുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. എന്നാല്‍ നിരാശയായിരുന്നു ഫലമെന്ന് സിന്ധ്യയുടെ അടുപ്പക്കാരിലൊരാള്‍ പറഞ്ഞു.