national news
മധ്യപ്രദേശില്‍ ദലിതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നു, വിഷയത്തില്‍ മോദി മൗനം വെടിയണം; ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 19, 04:15 pm
Friday, 19th April 2024, 9:45 pm

ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. ദലിതര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് മധ്യപ്രദേശില്‍ ആണെന്ന് അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി പ്രധാനമന്ത്രി മധ്യപ്രദേശ് സന്ദര്‍ശിക്കാനിരിക്കെയാണ് ജയറാം രമേശിന്റെ പ്രതികരണം. മധ്യപ്രദേശ് സന്ദര്‍ശിക്കുന്ന മോദിയോട് ചില ചോദ്യങ്ങള്‍ എന്ന തലക്കെട്ടോടെ എക്‌സിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം മധ്യപ്രദേശാണ് ദലിതര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനം. രണ്ട് പതിറ്റാണ്ടിലേറെയായി ബി.ജെ.പിയാണ് സംസ്ഥാനം ഭരിക്കുന്നത്. എന്ത് കൊണ്ടാണ് ദലിതര്‍ക്ക് സംസ്ഥാനത്ത് സുരക്ഷ ഇല്ലാത്തത്. ദലിത് വിഭാഗം നേരിടുന്ന അതിക്രമത്തില്‍ പ്രധാനമന്ത്രിക്ക് ലജ്ജ തോന്നുന്നില്ല?. വിഷയത്തില്‍ പ്രധാനമന്ത്രി മൗനം വെടിയണം,’ ജയറാം രമേശ് പറഞ്ഞു.

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, റിക്രൂട്ട്‌മെന്റ് അഴിമതി എന്നിവയില്‍ പ്രധാനമന്ത്രി ആരെയാണ് സംരക്ഷിക്കുന്നതെന്ന് ജയറാം രമേശ് ചോദിച്ചു. വനാവകാശ നിയമം നടപ്പിലാക്കുമ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ എന്ത് കൊണ്ടാണ് ആദിവാസികളെ ഒഴിവാക്കിയതെന്നും അദ്ദേഹം ചോദിച്ചു.

ദലിതര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് മധ്യപ്രദേശിലാണ്. എന്ത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മധ്യപ്രദേശിലെ എംപ്ലോയീസ് സെലക്ഷന്‍ ബോര്‍ഡിന്റെ പേര് സര്‍ക്കാര്‍ മാറ്റിയെങ്കിലും പത്ത് വര്‍ഷമായി സംസ്ഥാനത്തെ പിടിച്ച് കുലുക്കിയ വ്യാപം അഴിമതി ആരും മറന്നിട്ടില്ലെന്നും ജയറാം രമേശ് എക്‌സില്‍ കുറിച്ചു.

Content Highlight: Why crime rate against Dalits increasing in MP: Congress jabs PM Modi