ബി.ബി.സി എന്തുകൊണ്ട് ഹമാസിനെ 'തീവ്രവാദികൾ' എന്ന് വിളിക്കുന്നില്ല?; വിശദീകരണവുമായി എഡിറ്റർ
ലണ്ടൻ: എന്തുകൊണ്ടാണ് വാർത്തകളിൽ ഹമാസിനെ ‘തീവ്രവാദികൾ’ എന്ന് വിശേഷിപ്പിക്കാത്തത് എന്ന ചോദ്യത്തിന് വിശദീകരണവുമായി ബി.ബി.സി.
ആരാണ് നല്ലവരെന്നും മോശമെന്നും പറയേണ്ടത് ബി.ബി.സിയുടെ ജോലിയല്ലെന്നും പ്രേക്ഷകർക്ക് മുമ്പിൽ വസ്തുതകൾ അവതരിപ്പിച്ച് അവരെക്കൊണ്ട് ചിന്തിപ്പിക്കുക മാത്രമാണ് തങ്ങളുടെ ജോലിയെന്നും ബി.ബി.സി വേൾഡ് ന്യൂസ് എഡിറ്റർ ജോൺ സിംസൺ വ്യക്തമാക്കി.
ഇസ്രഈലിൽ അക്രമം നടത്തുന്ന ഹമാസിനെ എന്തുകൊണ്ട് തീവ്രവാദികൾ എന്ന് വിളിക്കുന്നില്ലെന്ന് സർക്കാർ മന്ത്രിമാരും മാധ്യമങ്ങളിലെ കോളമിസ്റ്റുകളും സാധാരണ ജനങ്ങളുമെല്ലാം ചോദിക്കുന്ന പശ്ചാത്തലത്തിലാണ് വിശദീകരണമെന്ന് ബി.ബി.സി വ്യക്തമാക്കി.
‘ധാർമികമായി ജനങ്ങൾ അംഗീകരിക്കാത്ത ആളുകൾക്ക് നേരെ ഉപയോഗിക്കുന്ന ഒരു വലിയ വാക്കാണ് തീവ്രവാദം. ആരെ പിന്തുണയ്ക്കണമെന്നും ആരെ അപലപിക്കണമെന്നും പറയേണ്ടത് ബി.ബി.സിയുടെ ജോലിയല്ല. അതുപോലെ തന്നെ ആരാണ് നല്ലവരെന്നും ആരാണ് മോശമാളുകളെന്ന് പറയുന്നതും.
ബ്രിട്ടീഷ് സർക്കാർ ഉൾപ്പെടെ പലരും ഹമാസിനെ ഒരു തീവ്രവാദ സംഘടനയായി അപലപിച്ചിട്ടുണ്ടെന്ന് ഞങ്ങൾ സ്ഥിരമായി ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാൽ അത് അവരുടെ ബിസിനസ്സാണ്. ഞങ്ങൾ അഭിമുഖം നടത്തുന്നവർ ഹമാസിനെ തീവ്രവാദികൾ എന്ന് വിശേഷിപ്പിക്കുന്നത് ഉദ്ധരിച്ചുകൊണ്ട് ഞങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ട്.
എന്നാൽ ഞങ്ങൾ അതേ ശബ്ദം ഉപയോഗിക്കാറില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. വസ്തുതകൾ പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിച്ച് അവരെക്കൊണ്ട് തീരുമാനമെടുപ്പിക്കുക എന്നതാണ് ഞങ്ങളുടെ ജോലി,’ ബി.ബി.സി വ്യക്തമാക്കി.
അതേസമയം, തീവ്രവാദി എന്ന വാക്ക് ഉപയോഗിക്കുന്നില്ല എന്നതിന്റെ പേരിൽ തങ്ങളെ ആക്രമിക്കുന്നവർ ബി.ബി.സിയുടെ ചിത്രങ്ങൾ കാണുകയും ഓഡിയോ കേൾക്കുകയും വാർത്തകൾ വായിക്കുകയും ചെയ്തവരാണെന്നും അവർ വ്യക്തമാക്കി. തങ്ങൾ ഒരുതരത്തിലും സത്യം മറച്ചുവെച്ചിട്ടില്ല എന്നും അവർ പറഞ്ഞു.
‘ഞങ്ങൾ കണ്ട കാര്യങ്ങൾ ഏതൊരു വ്യക്തിയെയും ഞെട്ടിപ്പിക്കുന്നതാണ്. നടന്ന സംഭവങ്ങളെ ‘ക്രൂരത’ എന്ന് പറയുന്നത് തികച്ചും ന്യായമാണ്. കാരണം അത് അങ്ങനെ തന്നെയാണ്.
കുട്ടികളുൾപ്പെടെയുള്ള ജനങ്ങളെ കൊലപ്പെടുത്തുന്നതിനെയോ സമാധാനപരമായി സംഗീതോത്സവത്തിൽ പങ്കെടുത്ത നിരപരാധികളെ ആക്രമിക്കുന്നതിനെയോ ആർക്കും ന്യായീകരിക്കാൻ സാധിക്കില്ല,’ ബി.ബി.സി വ്യക്തമാക്കി.
Content Highlight: Why BBC doesn’t call Hamas militants ‘terrorists’? Explains World Affairs editor