Cricket news
ലോകത്തിലെ മികച്ച ടി-20 ബാറ്ററായിട്ടും അവനെന്തു കൊണ്ടാണ് അണ്‍സോള്‍ഡായത്; പാക് താരത്തെ പിന്തുണച്ച് ആന്‍ഡേഴ്‌സണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Apr 02, 12:20 pm
Sunday, 2nd April 2023, 5:50 pm

തരംഗമായി മാറിയ ഇംഗ്ലണ്ടിലെ ഹണ്‍ഡ്രഡ് ക്രിക്കറ്റ് ലീഗില്‍ നിന്നും പാകിസ്ഥാന്‍ താരം ബാബര്‍ അസം തഴയപ്പെട്ടതില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരമായ ജയിംസ് ആന്‍ഡേഴ്‌സണ്‍.

ഹണ്‍ഡ്രഡ് ലീഗിന്റെ ലേലത്തില്‍ ബാബര്‍ അസം വിറ്റു പോയില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഏതെങ്കിലും ഒരു ടീമിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം തനിക്കുണ്ടായിരുന്നെങ്കില്‍ ടീമിന്റെ ബജറ്റ് മുഴുവനും താന്‍ ബാബറിനെ വാങ്ങാനായി ഉപയോഗിക്കുമായിരുന്നുവെന്നുമാണ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞത്.

‘ബാബര്‍ അസം ലീഗ് ലേലത്തില്‍ വിറ്റുപോയില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. കാര്യങ്ങള്‍ എന്റെ കയ്യിലായിരുന്നെങ്കില്‍ ഉള്ള മുഴുവന്‍ തുകയും ഞാന്‍ അസമിനായി ചെലവഴിക്കുമായിരുന്നു,’ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ആന്‍ഡേഴ്‌സന്റെ അഭിപ്രായത്തോട് യോജിച്ച് കൊണ്ട് മുന്‍ പാക് പേസ് ബൗളര്‍ അക്തറും രംഗത്തെത്തി. ലോകത്തിലെ ഏറ്റവും മികച്ച ടി20 പ്ലേയറായിട്ടും ഹണ്‍ഡ്രഡ് ലീഗില്‍ താരം അണ്‍സോള്‍ഡായത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് അക്തര്‍ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയായിരുന്നു ഹണ്‍ഡ്രഡ് ലീഗില്‍ താരങ്ങളുടെ ലേലം നടന്നത്. എട്ടു ടീമുകള്‍ പങ്കെടുത്ത ലേലത്തില്‍ 30 താരങ്ങള്‍ വിറ്റു പോയിരുന്നു. പാക്കിസ്ഥാന്റെ ഷഹീന്‍ അഫ്രീദിയെയും ഹാരിസ് റൗഫിനെയും വെല്‍ഷ് ഫയര്‍ ടീമായിരുന്നു സ്വന്തമാക്കിയത്.

ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ച വെക്കുന്ന താരമാണ് ബാബര്‍ അസം. ടി-20, ഏകദിന റാങ്കിങ്ങുകളില്‍ മുന്‍ നിരയിലാണ് താരത്തിന്റെ സ്ഥാനം.

ടി-20 ഫോര്‍മാറ്റില്‍ വിവിധ മാറ്റങ്ങളുമായി രംഗപ്രവേശം ചെയ്ത പുതിയ ലീഗാണ് ദി ഹണ്‍ഡ്രഡ്. അഞ്ച് പന്തുകളുള്ള 20 ഓവര്‍, അഥവാ 100 പന്തുകള്‍ മാത്രമാണ് ഒരു ഇന്നിങ്സില്‍ എറിയുന്നത് എന്നതാണ് ഇംഗ്ലണ്ടിലെ ഈ ലീഗിനെ മറ്റുള്ള ഫ്രാഞ്ചൈസി ലീഗില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ കളിച്ചു തുടങ്ങിയ ഈ ലീഗ് ഇത്തരത്തിലെ നിയമങ്ങള്‍ കാരണം ഇന്‍സ്റ്റന്റ് അട്രാക്ഷനായി മാറിയിരുന്നു.

Content Highlights: Why babar asam remain unsold in hundred league: Anderson