ഇപ്പോള്‍ പപ്പു ആരായി? ബി.ജെ.പിയെയും മോദിയേയും ട്രോളി ശത്രുഘ്‌നന്‍ സിന്‍ഹ
D' Election 2019
ഇപ്പോള്‍ പപ്പു ആരായി? ബി.ജെ.പിയെയും മോദിയേയും ട്രോളി ശത്രുഘ്‌നന്‍ സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st April 2019, 11:06 am

വഡോദര: ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ട്രോളി ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്‌നന്‍ സിന്‍ഹ. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആരാണ് പപ്പുവെന്നും ആരാണ് യഥാര്‍ത്ഥ ഫേക്കു എന്നുമായിരുന്നു സിന്‍ഹയുടെ ചോദ്യം.

ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശും രാജസ്ഥാനും ചത്തീസ്ഗഡും ബി.ജെ.പിയില്‍ നിന്നും പിടിച്ചെടുത്ത കോണ്‍ഗ്രസിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു സിന്‍ഹിയുടെ പ്രസ്താവന.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് അധിക്ഷേപിക്കുന്ന ബി.ജെ.പി യഥാര്‍ത്ഥ പപ്പുവായി മാറിയത് ആരാണെന്ന് കണ്ടല്ലോവെന്നും സിന്‍ഹ ചോദിച്ചു.

വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി വീണ്ടും ജനങ്ങളെ പറ്റിക്കുകയാണ് മോദിയെന്നും 2022 ലും 2024 വും 2029 ലും പ്രധാനമന്ത്രിയായില്ലെങ്കില്‍ കൂടി അദ്ദേഹം അത് തന്നെ തുടരുമെന്നും സിന്‍ഹ പറഞ്ഞു.

ചലനാത്മകമായ, ശക്തമായ ഒരു പാര്‍ട്ടിയാണ് രാഹുലിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ്. ടി.എം.സിയില്‍ നിന്നും എസ്.പിയില്‍ നിന്നും ബി.എസ്.പിയില്‍ നിന്നും ക്ഷണമുണ്ടായിട്ടും കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത് അത് മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ പട്ടേലും നേതാജി സുഭാഷ് ചന്ദ്രബോസും എല്ലാം ചേര്‍ന്ന് കെട്ടിപ്പടുത്ത പാര്‍ട്ടിയായതുകൊണ്ടാണെന്നും സിന്‍ഹ പറഞ്ഞു.

നോട്ട് നിരോധനവും ജി.എസ്.ടിയും ലക്ഷക്കണക്കിന് പേരെ തൊഴില്‍ രഹിതരാക്കിയെന്നും ചെറുകിട ബിസ്സിനസും അല്ലാത്തതുമായ പല സംരംഭങ്ങളും തകര്‍ന്ന് തരിപ്പണമായെന്നും ഉത്പാദനം 50 ശതമാനത്തിലേറെ പല മേഖലകളിലും ഇടിഞ്ഞെന്നും സിന്‍ഹ ചൂണ്ടിക്കാട്ടി.

റാഫേല്‍, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളില്‍ ഞാന്‍ നരേന്ദ്രമോദിയെ നിരന്തരമായി വിമര്‍ശിക്കുന്ന ആളായിരുന്നു. കാരണം, ഈ വിഷയങ്ങളിലൊന്നും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായോ കാബിനറ്റ് മന്ത്രിമാരുമായോ കൂടിയാലോചിക്കാതെയാണ് തീരുമാനമെടുത്തത്.

മോദിയുടെ ഇത്തരം നയങ്ങള്‍ കൊണ്ടൊക്കെ തന്നെയാണ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും സിന്‍ഹ പറഞ്ഞു. 2019 ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നത് ബി.ജെ.പിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്നും സിന്‍ഹ പറഞ്ഞു.