ബലാത്സംഗം, കൊലപാതകം, ആയുധമേന്തിയ സ്വന്തം സൈന്യം, സിനിമകള്‍; ഇതാണ് ഭക്തകോടികളുടെ കണ്‍കണ്ട ദൈവം ഗുര്‍മീത് റാം റഹീം സിംഗ്
Daily News
ബലാത്സംഗം, കൊലപാതകം, ആയുധമേന്തിയ സ്വന്തം സൈന്യം, സിനിമകള്‍; ഇതാണ് ഭക്തകോടികളുടെ കണ്‍കണ്ട ദൈവം ഗുര്‍മീത് റാം റഹീം സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th August 2017, 6:02 pm

ന്യൂദല്‍ഹി: ദേര സച്ച സൗദ തലവനും ആള്‍ദൈവുമായ ഗുര്‍മീത് റാം റഹീമിനെതിരായ ബലാത്സംഗ കേസിലെ വിധി ഹരിയാനയില്‍ കലാപം സൃഷ്ടിച്ചിരിക്കുകയാണ്. റാം റഹീമിന്റെ അനുയായികള്‍ സ്ഥലത്ത് അഴിഞ്ഞാടുകയാണ്. പൊലീസ് വാഹനങ്ങളും മീഡിയ വാഹനങ്ങളുമെല്ലാം ഇതിനോടകം അനുയായികള്‍ അഗ്നിക്കിരയാക്കിക്കഴിഞ്ഞു.

രാജ്യത്തെ തന്നെ പിടിച്ചുലച്ച റാം റഹീം ആരാണെന്ന് പലര്‍ക്കും അറിയില്ല. ഫേസ്ബുക്ക് ട്വീറ്റര്‍ പ്രൊഫയിലുകളില്‍ ആത്മീയ നേതാവ്, ഗായകന്‍, സിനിമാ സംവിധായകന്‍, കലാസംവിധായകന്‍, സംഗീത സംവിധായകന്‍, എഴുത്തുകാരന്‍, തുടങ്ങി നിരവധി വിശേഷങ്ങളാണ് റാം റഹീം എഴുതിയിട്ടുള്ളത്. എന്നാല്‍ അതിനേക്കാളുപരിയായി ഹരിയാന, പഞ്ചാബ് സര്‍ക്കാരുകളിലും നിര്‍ണായക സ്വാധീനമുള്ള വ്യക്തിയാണ് ഗുര്‍മീത് റാം റഹീം.

ആള്‍ ദൈവമായി വിലസുമ്പോഴും വിവാദങ്ങളും എന്നും എം.എസ്.ജി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന റാം റഹീമിന് കൂട്ടുണ്ടായിരുന്നു. 2002ല്‍ മാധ്യമ പ്രവര്‍ത്തകനായ രാം ചന്ദര്‍ ചത്രപതിയെ കൊലപ്പെടുത്തി എന്ന കേസില്‍ വിചാരണ നേരിടുന്നയാളാണ് ഗൂര്‍മീത് റാം റഹീം. ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീമിനെതിരായ റിപ്പോര്‍ട്ട് പത്രത്തില്‍ പ്രസിദ്ധപ്പെടുത്തി മാസങ്ങള്‍ക്കുള്ളിലാണ് രാം ചന്ദര്‍ ചത്രപതി കൊല്ലപ്പെട്ടതെന്നത് ശ്രദ്ധേയമാണ്.

2002 ഒക്ടോബര്‍ 24നാണ് രാം ചന്ദര്‍ ചത്രപതി കൊല്ലപ്പെടുന്നത്. കേസില്‍ അദ്ദേഹത്തിന്റെ മകന്‍ അന്‍ഷുല്‍ ഇപ്പോഴും നിയമയുദ്ധത്തിലാണ്. പതിനഞ്ച് വര്‍ഷം മുമ്പ് നടന്ന ഈ കൊലപാത കേസിലും ഗുര്‍മീത് ഇപ്പോള്‍ വിചാരണ നേരിടുന്നുണ്ട്.

അതിന് പുറമേ 2002ല്‍ ദേര ആശ്രമത്തെിനുള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുറത്തേക്ക് എത്തിച്ച ആശ്രമവാസി രഞ്ജിത്ത് സിങ്ങിന്റെ മരണത്തിലും ഇയാളുടെ മേല്‍ ആരോപണമുണ്ട്.


Also Read: 128 ഇടത്ത് റാം റഹീമിന്റെ അനുകൂലികളുടെ അക്രമം; 11പേര്‍ കൊല്ലപ്പെട്ടു; വീഡിയോ


2014ല്‍ 400 ഓളം വരുന്ന അനുയായികളെ നിര്‍ബന്ധിത വ്യഷണച്ഛേദത്തിന് വിധേയമാക്കിയെന്ന കേസിലും കുറ്റാരോപിതാനാണ്. വിശ്വാസികളില്‍ ഒരാള്‍ ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ നിര്‍ബന്ധിത വൃഷണച്ഛേദത്തിന് റാം റഹീം വിധേയനാക്കിയെന്ന പരാതിയുമായി് അനുയായികളില്‍ ഒരാള്‍ തന്നെ രംഗത്തെത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

കൊലപാതകത്തിന് പുറമേ ആയുധക്കടത്തിലും ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഇതൊന്നും പോരാത്തതിന് സ്വന്തം കഥ പറയുന്ന മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന പേരില്‍ സിനിമയും റാം റഹീം പുറത്തിറക്കിയിട്ടുണ്ട്. സിക്ക് വംശജരെ അപമാനിക്കുവെന്ന് ആരോപിച്ച് സിക്ക് സംഘടനകള്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

രാ സച്ചാ സൗധ മഠാധിപതി ഗുര്‍മീത് റാം റഹീം സിങ് ദൈവമായി അവതരിപ്പിക്കപ്പെടുന്ന വിവാദ ചിത്രം മെസഞ്ചര്‍ ഓഫ് ഗോഡിന് പ്രദര്‍ശനാനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയായിരുന്ന ലീലാ സാംസണ്‍ രാജിവെച്ചത്.

ബലാത്സംഗകേസില്‍ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്നു കോടതി വിധിച്ചതിനു പിന്നാലെ ഹരിയാനയിലും പഞ്ചാബിലും വ്യാപക അക്രമമാണ് നടമാടുന്നത്. 128 ഇടത്ത് നടന്ന അക്രമസംഭവങ്ങളില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

കലാപത്തിനു സമാനമായ സംഭവങ്ങളാണ് കോടതി വിധിക്ക് പിന്നാലെ ഇരുസംസ്ഥാനങ്ങളിലും ഉടലെടുത്തിരിക്കുന്നത്. മാദ്ധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങളും ഉപകരണങ്ങളും തകര്‍ത്ത ഗുര്‍മീതിന്റെ അനുയായികള്‍ റെയില്‍വേ സ്റ്റേഷനുകളും പൊലീസ് സ്റ്റേഷനുകളും പെട്രോള്‍ പമ്പുകളും ആക്രമിച്ചു.

ആക്രമണത്തില്‍ നിരവധി മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ടെലിവിഷന്‍ ചാനലുകളുടെ മൂന്ന് ഒ.ബി വാനുകള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.