2023 ഐ.സി.സി ലോകകപ്പില്‍ നിന്ന് സെമി ഫൈനല്‍ പ്രതീക്ഷകള്‍ തകര്‍ന്ന് പാകിസ്ഥാന്‍ പുറത്തായിരിക്കുകയാണ്. എട്ട് മത്സരത്തില്‍ നിന്നും നാല് വിജയം മാത്രം സ്വന്തമാക്കിയാണ് മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നും മടങ്ങിയത്. അതേതുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളും ബാബര്‍ അസമും സംഘവും ഏറ്റുവാങ്ങിയിട്ടുണ്ട്. വസീം അക്രവും ഷോയ്ബ് മാലിക്കും വിമര്‍ശനവുമായി നേരത്തെ രംഗത്ത് വന്നിരുന്നു.
ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇംഗ്ലണ്ടുമായുള്ള അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെയാണ് ബാബറും സംഘവും മടങ്ങിയത്. ലോകകപ്പില്‍നിന്നും പുറത്തായശേഷം ബാബര്‍ തിരിച്ച് നാട്ടിലെത്തിയപ്പോള്‍ ആരാധകരുടെ പ്രതികരണങ്ങളാണ് ബാബറിനെ അതിശയിപ്പിച്ചതും ഇപ്പോള്‍ ചര്‍ച്ചയാവുന്നതും.
‘കിങ് ബാബര്‍ നിങ്ങളെ ഞങ്ങള്‍ക്ക് ഇഷ്ടമാണ്, വെല്‍ക്കം ബാക്ക്,’ ബാബറിനൊപ്പം സെല്‍ഫികള്‍ എടുത്തുകൊണ്ട് ആരാധകര്‍ പറഞ്ഞു. സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ബാബറിനെ വളഞ്ഞ ആരാധകരോട് അപ്പോഴും മാറിനില്‍ക്കാന്‍ പറയുന്നുണ്ടായിരുന്നു.
Warm welcome for the King Babar Azam at Airport ❤️ pic.twitter.com/Z2Ea1HLJKj
— SAAD 🇵🇰 (@SaadIrfan258) November 12, 2023
നവംബര്‍ 11ന് നടന്ന പാകിസ്ഥാന്റെ അവസാന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സ് നേടുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 43.3 ഓവറില്‍ 244 റണ്‍സിന് ഓള്‍ ഔട്ടായി.
സെമിയിലേക്ക് തിരിച്ചുവരുമെന്ന് ബാബര്‍ ആത്മവിശ്വാസം കാണിച്ചെങ്കിലും ഉയര്‍ന്ന റണ്‍റേറ്റിന് വിജയിക്കുന്നത് അസാധ്യമായതോടെ ഔദ്യോഗികമായി 2023 ലോകകപ്പില്‍നിന്നും മെന്‍ ഇന്‍ ഗ്രീന്‍ പുറത്താവുകയായിരുന്നു. ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനോടും ശ്രീലങ്കയോടും ബംഗ്ലാദേശിനോടും ന്യൂസിലാന്‍ഡിനോടും മാത്രമാണ് ബാബറിനും സംഘത്തിനും വിജയിക്കാന്‍ സാധിച്ചത്.
ഇതോടെ നിരവധി വിമര്‍ശനങ്ങള്‍ക്കിടയില്‍ ബാബര്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്നും രാജിവെക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പകരം പാക് സീമര്‍ ഷഹീന്‍ അഫ്രീദി ആയിരിക്കും നായക സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കുന്നതെന്നും സൂചനകളുണ്ട്.
Content Highlight: When Babar Asam Returned Pakistan, His fans Welcomed Him