മാഞ്ചസ്റ്റര്‍: എത്ര റണ്‍സ് വാരിക്കൂട്ടിയാലും സ്റ്റീവ് സ്മിത്ത് ചതിയനെന്ന ലേബലില്‍ മാത്രമാണ് അറിയപ്പെടുക എന്ന് ഇംഗ്ലണ്ട് മുന്‍ താരം സ്റ്റീവ് ഹാര്‍മിസണ്‍. ആഷസില്‍ ഇംഗ്ലണ്ടിനെതിരെ സ്മിത്ത് മികച്ച ഫോമില്‍ കളിക്കവെയാണ് ഹാര്‍മിസണിന്റെ പ്രതികരണം.
‘അദ്ദേഹത്തിന് നിങ്ങള്‍ മാപ്പ് കൊടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം ചതിയന്‍ എന്ന പേരില്‍ തന്നെ ആയിരിക്കും അറിയപ്പെടുക. അതിന് മുകളില്‍ തേന്‍ പുരട്ടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല.’
സ്മിത്ത് എന്ത് ചെയ്താലും ദക്ഷിണാഫ്രിക്കയില്‍ അദ്ദേഹം എന്താണോ ചെയ്തത് അത് എന്നും ഓര്‍മ്മിക്കപ്പെടുമെന്നും ഹാര്‍മിസണ്‍ പറഞ്ഞു. സ്മിത്തും ബാന്‍ക്രോഫ്റ്റും വാര്‍ണറും ചെയ്തത് ശരിയാണെന്നുള്ള അഭിപ്രായം ഇതുവരെ എവിടെ നിന്നും കേട്ടിട്ടില്ലെന്നും ഹാര്‍മിസണ്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മറുവശത്ത് സ്മിത്ത് തകര്‍പ്പന്‍ ഫോമിലാണ്. ഈ ആഷസ് സീരിസില്‍ എല്ലാ കളിയിലും 50 ന് മുകളില്‍ റണ്‍സ് ഓരോ ഇന്നിംഗ്‌സിലും സ്മിത്ത് നേടിയിട്ടുണ്ട്. അതില്‍ ഒരു ഡബിള്‍ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടുന്നു.
ഈ സീരിസില്‍ മാത്രം 671 റണ്‍സാണ് സ്മിത്ത് നേടിയിട്ടുള്ളത്.
2018 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പന്തില്‍ കൃത്രിമം കാണിച്ചതിന് അന്നത്തെ ഓസീസ് ക്യാപ്റ്റനായിരുന്ന സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ബൗളര്‍ ബാന്‍ക്രോഫ്റ്റിനും ഐ.സി.സി വിലക്കേര്‍പ്പെടുത്തിയിരുന്നു.