തൃശൂര്‍: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നോ കണ്ണൂരില്‍ നിന്നോ മത്സരിക്കാന്‍ തയ്യാറാണെന്ന് നടന്‍ സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം എടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ കേരളം എടുത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ നേതൃത്വത്തില്‍ തൃശൂരില്‍ വെച്ച് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരിലെ ജനങ്ങള്‍ തന്നെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘തൃശൂര്‍ ഞാനിങ്ങെടുക്കുകയാണ്. ഏത് ഗോവിന്ദന്‍ വന്നാലും ശരി. ഞാന്‍ ഹൃദയം കൊണ്ടാവശ്യപ്പെടുന്നു തൃശൂര്‍ക്കാരെ നിങ്ങള്‍ എനിക്ക് തൃശൂര്‍ തരണം. നിങ്ങള്‍ തന്ന്, ഞാനിങ്ങെടുക്കും.
കൂലിക്കെഴുതുന്നതിന് വേണ്ടി കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ചെലവാക്കി നിയോഗിച്ചിട്ടുള്ള അന്തം കമ്മികളേ, ചൊറിയന്‍ മാക്രി കൂട്ടങ്ങളേ വരൂ.. ട്രോള്‍ ചെയ്യു,’ അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി കേരളം എടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ എടുത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു നരേന്ദ്രന്‍ വടക്ക് നിന്ന് തെക്കോട്ട് ഇറങ്ങി വന്ന് കേരളം ഞാനെടുത്തിരിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ശ്രീ. ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസിലാക്കി കൊള്ളൂ, കേരളം എടുത്തിരിക്കും.
ഞാനിവിടെ വെച്ച് ബഹുമാന്യ അമിത്ഷായോട് ആവശ്യപ്പെടുകയാണ് ജയമല്ല പ്രാധാന്യം. നിങ്ങളുടെയൊക്കെ അടിത്തറ ഇളക്കണം, അത്രയും നിങ്ങള്‍ കേരള ജനതയെ തോല്‍പ്പിച്ചു. വഞ്ചിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ തരാനും കണ്ണൂര്‍ താന്‍ എടുക്കുമെന്നും അമിതാഷായോട് സുരേഷ് ഗോപി ആവശ്യപ്പെട്ടു.
content highlight: Whatever Govinda comes will take Kerala; If necessary, Kannur will also compete: Suresh Gopi