Advertisement
national news
ഒഡീഷയിൽ റെയിൽവേ ലൈൻ നിർമാണത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ ഒരാൾ മരിച്ചു; എഫ്.ഐ.ആർ ഇടാതെ പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 21, 03:29 am
Monday, 21st April 2025, 8:59 am

ഭുവനവശ്വർ: ഒഡീഷയിലെ റൂർക്കല സ്റ്റീൽ പ്ലാന്റിനായി (ആർ‌.എസ്‌.പി) റെയിൽവേ ലൈൻ നിർമിക്കുന്നതിനെതിരെ പ്രതിഷേധിച്ച വ്യക്തിക്ക് മണ്ണുമാന്തിയെന്ത്രത്തിനടിയിൽ പെട്ട് ദാരുണാന്ത്യം. എട്ടുവ എക്ക (40) എന്ന വ്യക്തിയാണ് അന്തരിച്ചത്. സംഭവത്തിൽ പൊലീസ് ഇതുവരെയും എഫ്.ഐ.ആർ ഇട്ടില്ലെന്ന് പ്രതിഷേധക്കാർ വിമർശിച്ചു. റൂർക്കലയിലെ ബിസ്ര സ്ക്വയറിൽ നിന്ന് ഏകദേശം ഏഴ് കിലോമീറ്റർ അകലെ ബർക്കാനിയിലാണ് റൂർക്കല സ്റ്റീൽ പ്ലാന്റ് നിർമിക്കുന്നത്.

റൂർക്കല സ്റ്റീൽ പ്ലാന്റിന്റെ (ആർ‌.എസ്‌.പി) റെയിൽവേ ലൈൻ പദ്ധതിക്കെതിരെ 40 ദിവസമായി ബർകാനി ഗ്രാമവാസികൾ സമരം നടത്തുകയാണ്.
റെയിൽവേ ലൈൻ നിർമിക്കുന്ന ഭൂമി ഗ്രാമീണരുടേതാണെന്നും തങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് ഗ്രാമീണർ പ്രതിഷേധം നടത്തുന്നത്.

ശനിയാഴ്ച പൊലീസ് സഹായത്തോടെ പണി പുനരാരംഭിക്കാൻ പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. രോഷാകുലരായ ഗ്രാമവാസികൾ മണ്ണുമാന്തിയന്ത്രം തടയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് സംഘർഷം ഉണ്ടായി. അതിനിടെ എട്ടുവ എക്ക യന്ത്രത്തിന്റെ ചക്രങ്ങൾക്കിടയിൽ പെടുകയായിരുന്നു. മണ്ണുമാന്തിയന്ത്രത്തിന്റെ മുൻവശത്തെ ബക്കറ്റ് ഇടിച്ച് മറ്റൊരു പ്രക്ഷോഭകന് പരിക്കേറ്റു. പരിക്കേറ്റ പ്രക്ഷോഭകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തങ്ങളിലൊരാൾ കൊല്ലപ്പെട്ടിട്ടും പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച ഗ്രാമവാസികൾ എട്ടുവ എക്കയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകാൻ അനുവദിച്ചില്ല. 32 മണിക്കൂറിലധികം മൃതദേഹം പ്രതിഷേധ സ്ഥലത്ത് തന്നെ സൂക്ഷിച്ചുകൊണ്ട് ഗ്രാമവാസികൾ പ്രതിഷേധം തുടർന്നു.

പ്രക്ഷോഭകന്റെ മരണത്തെത്തുടർന്ന് രോഷാകുലരായ പ്രതിഷേധക്കാർ പൊലീസിനും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർക്കും നേരെ കല്ലെറിഞ്ഞു. കല്ലേറിൽ എട്ട് പൊലീസുകാർ , ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, എക്സ്കവേറ്റർ ഡ്രൈവർ, മറ്റുള്ളവർ എന്നിവരുൾപ്പെടെ 11 പേർക്ക് പരിക്കേറ്റു. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് മാസമായി, ആർ‌.എസ്‌.പിയുടെ പ്രവർത്തനരഹിതമായ നാല് കിലോമീറ്റർ റെയിൽ പാത പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പ്രവർത്തനരഹിതമായ ലൈനിന് സമാന്തരമായി ഒരു പുതിയ ഇരട്ട പാത സ്ഥാപിക്കാൻ ആർ‌.എസ്‌.പി പദ്ധതിയിട്ടിട്ടുണ്ട്, ഇതിനായി ഏകദേശം 2.5 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഈ ഭൂമി ഗ്രാമീണരുടേതാണെന്നും അവർക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് ഗ്രാമീണരുടെ ആവശ്യം. അതേസമയം ആ ഭൂമി സർക്കാർ ഭൂമി ആണെന്നും ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് ആർ‌.എസ്‌.പി ഏറ്റെടുത്തതാനെന്നും ആർ‌.എസ്‌.പി അവകാശപ്പെടുന്നു.

പദ്ധതിക്കായി ആർ‌.എസ്‌.പി സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ (എസ്‌.ഇ.ആർ) ഏകദേശം 132 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. പുതിയ റെയിൽ‌വേ ലൈൻ പദ്ധതിയുടെ പണി ആരംഭിക്കാൻ ശ്രമിച്ചപ്പോൾ ഗ്രാമവാസികൾ രോഷാകുലരായി. ഭൂമി തങ്ങളുടെ പൂർവ്വികരുടെതാണെന്ന് ബർകാനി ഗ്രാമവാസികൾ അവകാശപ്പെട്ടു. അവർക്ക് ഇതുവരെ ആർ‌.എസ്‌.പിയിൽ നിന്ന് നഷ്ടപരിഹാരമോ പുനരധിവാസ ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ല.

 

Content Highlight: Day after protester run over by excavator, his body becomes focus of Rourkela rail line agitation; no FIR yet