Entertainment
ഗതികെട്ട ആങ്ങള സ്റ്റാര്‍ എന്ന ടൈറ്റിലാണ് എനിക്ക് ഇപ്പോള്‍ പലരും തരുന്നത്: ആനന്ദ് മന്മഥന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 21, 03:33 am
Monday, 21st April 2025, 9:03 am

ചുരുക്കം സിനിമകള്‍ കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ നടനാണ് ആനന്ദ് മന്മഥന്‍. ഹിമാലയത്തിലെ കശ്മലന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറിയതെങ്കിലും ജയ ജയ ജയഹേയിലൂടെയാണ് ആനന്ദ് ശ്രദ്ധേയനായത്. പിന്നീട് ഒരുപിടി മികച്ച വേഷങ്ങള്‍ ആനന്ദിനെ തേടിയെത്തിയിരുന്നു. ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന വെബ് സീരീസിലെ കോണ്‍ട്രാക്ടര്‍ ജിജിയും പൊന്മാനിലെ ബ്രൂണോയും ആനന്ദിലെ നടനെ അടയാളപ്പെടുത്തുന്നവയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ തനിക്ക് ഇപ്പോള്‍ ലഭിക്കുന്ന വിളിപ്പേരിനെക്കുറിച്ച് സംസാരിക്കുകയാണ് ആനന്ദ് മന്മഥന്‍. ‘ഗതികെട്ട ആങ്ങള സ്റ്റാര്‍’ എന്ന ടൈറ്റിലിലാണ് താനിപ്പോള്‍ അറിയപ്പെടുന്നതെന്ന് ആനന്ദ് മന്മഥന്‍ പറഞ്ഞു. ജയ ജയ ജയ ഹേയിലും പൊന്മാനിലും ഒരേ പോലുള്ള കഥാപാത്രങ്ങളാണ് ലഭിച്ചതെന്നും രണ്ടിനെയും താരതമ്യപ്പെടുത്തിയാണ് ആ ടൈറ്റില്‍ തനിക്ക് തന്നതെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു.

ഒരു നടനെന്ന നിലയില്‍ ജയ ജയ ഹേ ബ്രേക്ക് നല്‍കിയെന്നും എന്നാല്‍ ഇപ്പോഴും പലര്‍ക്കും തന്റെ പേര് അറിയില്ലെന്നും ആനന്ദ് മന്മഥന്‍ പറഞ്ഞു. കാണുമ്പോള്‍ പലര്‍ക്കും തന്നെ മനസിലാകുമെന്നും എന്നാല്‍ പേര് അറിയാത്തത് വലിയ പ്രശ്‌നമായി താന്‍ കരുതുന്നില്ലെന്നും ആനന്ദ് കൂട്ടിച്ചേര്‍ത്തു. ആളുകള്‍ തിരിച്ചറിയുന്നത് തന്നെ വലിയ കാര്യമാണെന്നും ആനന്ദ് പറയുന്നു.

പല സിനിമകളിലും ചെറിയ വേഷം ചെയ്തിട്ടാണ് ജയ ജയഹേയില്‍ എത്തിയതെന്ന് ആനന്ദ് മന്മഥന്‍ പറഞ്ഞു. ആ സിനിമയിലും ചെറിയ വേഷമാണെങ്കിലും ആളുകള്‍ ആ കഥാപാത്രത്തെ ശ്രദ്ധിച്ചെന്നും കരിയറില്‍ വലിയൊരു വഴിത്തിരിവായി ആ കഥാപാത്രം മാറിയെന്നും ആനന്ദ് മന്മഥന്‍ കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു ആനന്ദ് മന്മഥന്‍.

‘സ്ട്രഗ്‌ളിങ് സ്റ്റാര്‍ എന്ന പേര് അത്രക്ക് ചേര്‍ച്ചയില്ല. പകരം സോഷ്യല്‍ മീഡിയ എനിക്ക് വേറൊരു പേര് തന്നിട്ടുണ്ട്. ഗതികെട്ട ആങ്ങള സ്റ്റാര്‍. ജയ ജയഹേയിലും ഇപ്പോള്‍ പൊന്മാനിലും ഗതികെട്ട ആങ്ങളയായി അഭിനയിച്ചതുകൊണ്ടാണ് ആ പേര് കിട്ടിയത്. രണ്ട് പടത്തിലും ഏതാണ്ട് ഒരുപോലുള്ള ക്യാരക്ടേഴ്‌സാണ് ലഭിച്ചത്.

ആക്ടര്‍ എന്ന നിലയില്‍ ബ്രേക്ക് തന്നത് ജയ ജയ ജയഹേ ആയിരുന്നു. എന്നാല്‍ ഇപ്പോഴും എന്റെ പേര് അറിയാത്തവരുണ്ട്. പക്ഷേ, എന്നെ സംബന്ധിച്ച് ആളുകള്‍ തിരിച്ചറിയുന്നത് തന്നെ വലിയ കാര്യമാണ്. കുറേ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടാണ് ജയ ജയ ജയഹേയില്‍ എത്തിയത്. ആ പടത്തിലെ ക്യാരക്ടര്‍ ആളുകള്‍ ശ്രദ്ധിച്ചു. കരിയറില്‍ വലിയൊരു വഴിത്തിരിവായി അത് മാറി,’ ആനന്ദ് മന്മഥന്‍ പറയുന്നു.

Content Highlight: Anand Manmadhan about the new title he got from Social Media