IPL
വിമര്‍ശനങ്ങളെ അതിര്‍ത്തി കടത്തിയ ഇന്നിങ്സ്; ക്രിസ് ഗെയ്‌ലിനെ വെട്ടി ഒന്നാമനായി ഹിറ്റ്മാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 21, 03:28 am
Monday, 21st April 2025, 8:58 am

ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്.
മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ഹോം ടീം സ്വന്തമാക്കിയത്.

ചെന്നൈ ഉയര്‍ത്തിയ 171 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 26 പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഈ സീസണിലെ തുടര്‍ച്ചയായ മൂന്നാം വിജയം സ്വന്തമാക്കാനും മുംബൈക്കായി.

മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ ഗംഭീര തിരിച്ചുവരവിന് കൂടെയാണ് വാംഖഡെ സ്റ്റേഡിയം വേദിയായത്. രോഹിത്തിന്റെയും സൂര്യകുമാര്‍ യാദവിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മുംബൈ അനായാസ വിജയം സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് മുന്നില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്താണ് രോഹിത് തിരിച്ചുവരവ് നടത്തിയത്. മത്സരത്തില്‍ 45 പന്തില്‍ 76 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. സീസണിലെ ആദ്യ അര്‍ധ സെഞ്ച്വറി കരസ്ഥമാക്കിയ ഹിറ്റ്മാന്‍ 168.89 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത് ആറ് സിക്സും നാല് ഫോറുമാണ് നേടിയത്. ഈ പ്രകടനത്തോടെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും താരം സ്വന്തമാക്കി.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും രോഹിത് സ്വന്തം പേരില്‍ കുറിച്ചു. ടി-20 ക്രിക്കറ്റില്‍ ഒരു രാജ്യത്ത് കൂടുതല്‍ സിക്‌സ് നേടുന്ന താരമാകാനാണ് ഇന്ത്യന്‍ നായകന് സാധിച്ചത്. വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ലിനെ മറികടന്നാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്.

ഒരു രാജ്യത്ത് ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരം

(സിക്‌സുകള്‍ – താരം – രാജ്യം എന്നീ ക്രമത്തില്‍)

360* – രോഹിത് ശര്‍മ – ഇന്ത്യ

357 – ക്രിസ് ഗെയ്ല്‍ – ഇന്ത്യ

325 – വിരാട് കോഹ്ലി – ഇന്ത്യ

286 – എം.എസ്. ധോണി – ഇന്ത്യ

276 – കീറോണ്‍ പൊള്ളാര്‍ഡ് – വെസ്റ്റ് ഇന്‍ഡീസ്

രോഹിതിന് പുറമെ വാംഖഡെയില്‍ സൂര്യകുമാര്‍ യാദവും മികച്ച പ്രകടനം പുറത്തെടുത്തു. 30 പന്തില്‍ അഞ്ച് സിക്സും ആറ് ഫോറുമടക്കം 68 റണ്‍സുമാണ് താരം നേടിയത്. 19 പന്തില്‍ 24 റണ്‍സെടുത്ത ഓപ്പണര്‍ റിയാന്‍ റിക്കല്‍ടണ്‍ പുറത്തായതിന് ശേഷമെത്തിയ സൂര്യകുമാര്‍ യാദവുമായി സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് രോഹിത് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. സീസണില്‍ ഇതാദ്യമായാണ് മുംബൈ ഇന്ത്യന്‍സിന്റെ പേരില്‍ സെഞ്ച്വറി കൂട്ടുകെട്ട് പിറക്കുന്നത്.

ചെന്നൈക്ക് വേണ്ടി ബാറ്റിങ്ങില്‍ 35 പന്തില്‍ 53 റണ്‍സ് നേടി പുറത്താകാതെ നിന്ന് രവീന്ദ്ര ജഡേജയും 32 പന്തില്‍ 50 റണ്‍സ് നേടിയ ശിവം ദുബെയുമാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്.

മുംബൈയ്ക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹര്‍, അശ്വിനി കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. വിജയത്തോടെ മുംബൈയ്ക്ക് പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് ഉയരാനും സാധിച്ചു.

Content Highlight: IPL 2025: MI vs CSK: Rohit Sharma tops the list of most sixes in T20 cricket in a country