തിരുവനന്തപുരം: ജിഹാദി പരാമര്‍ശത്തില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പാലാ ബിഷപ് പറഞ്ഞത് അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞത് പുതിയ കാര്യമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബിഷപ്പിനെ എല്ലാവരും ചേര്‍ന്ന് ആക്രമിക്കേണ്ടതില്ലെന്നും നര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം പരിശോധിക്കപ്പെടേണ്ടതാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലവ് ജിഹാദ് പോലെ നര്‍ക്കോട്ടിക് ജിഹാദും ശക്തമായിരിക്കുന്നുവെന്ന പാലാ ബിഷപിന്റെ പ്രസ്താവന ഗൗരവമുള്ളതാണ്. മുന്‍വിധികളില്ലാതെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ നര്‍ക്കോട്ടിക് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരെ പരിശോധിച്ചാലറിയാം. എല്ലാവര്‍ക്കും തീവ്രവാദികളുമായി ബന്ധമുണ്ട്. ഡ്രഗ് മാഫിയ, നാര്‍ക്കോട്ടിക് കേസുകളില്‍ പെടുന്നവരുടെ പേരുകളും കണക്കുകളും പരിശോധിച്ചാല്‍ എല്ലാവരുടെയും ബന്ധം എത്തുന്നത് തീവ്രവാദ ബന്ധത്തിലാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ലോകത്തുള്ള എല്ലാ ഭീകരവാദ സംഘടനകളും മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലും അറസ്റ്റു ചെയ്യപ്പെടുന്നവരുടെ പശ്ചാത്തലമെടുത്താല്‍ വലിയൊരു വിഭാഗത്തിന് ഈ ബന്ധമുണ്ട്. അതുകൊണ്ട് ഈ വിഷയം കേരള സമൂഹം ചര്‍ച്ച ചെയ്യട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പാല ബിഷപ്പിനെ പിന്തുണച്ച് ഇരിങ്ങാലക്കുട ബിഷപ്പും രംഗത്ത് എത്തിയിരുന്നു. അതേസമയം പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത് എത്തി.
പാലാ ബിഷപ്പിന്റെ പ്രസ്താവന അതിരുകടന്നതായിപ്പോയെന്നും മതമേലധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ നേതാക്കളോട് വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ ജെന്‍ഡറോ ഇല്ലെന്നും വി.ഡി. സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ക്രിസ്ത്യന്‍ മതത്തില്‍ പെട്ട പെണ്‍കുട്ടികളെയും യുവാക്കളെയും ലവ് ജിഹാദിലൂടെയും നാര്‍കോട്ടിക് ജിഹാദിലൂടെയും വഴിതെറ്റിക്കുകയാണെന്നും ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചത്. എട്ട് നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു ബിഷപ്പിന്റെ പരാമര്‍ശം.
ചെറിയ പ്രായത്തില്‍ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നാര്‍കോട്ടിക് ജിഹാദ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
മുസ്ലിങ്ങളല്ലാത്തവരെ നശിപ്പിക്കണമെന്നും മതവ്യാപനം നടത്തണമെന്നുമുള്ള ലക്ഷ്യത്തോടെയുള്ള ജിഹാദിന് കേരളത്തില്‍ നിലവില്‍ ഉപയോഗിക്കുന്ന പ്രധാന മാര്‍ഗങ്ങളാണ് ലവ് ജിഹാദും നാര്‍കോട്ടിക് ജിഹാദുമെന്നാണ് ജോസഫ് കല്ലറങ്ങോട്ട് പറഞ്ഞത്.
കേരളത്തില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കാര്യങ്ങള്‍ നടക്കില്ലെന്ന് മനസിലായപ്പോഴാണ് ഇത്തരം മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതെന്നും ബിഷപ്പ് പറഞ്ഞിരുന്നു..
കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ബിഷപ്പ് പറയുന്നത്. കോളേജുകളെയും സ്‌കൂളുകളെയും കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും പ്രസംഗത്തില്‍ പറയുന്നുണ്ട്.
ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാര്‍ക്ക് മറ്റു താല്‍പര്യങ്ങളുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഹലാല്‍ വിവാദം പോലുള്ള സംഭവങ്ങളെന്നും ഇത്തരത്തില്‍ വിവിധ ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.