Opinion
കണ്ണൂരിലെ ജനകീയ സമരങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയത്തോട് പറയുന്നത്
കണ്ണൂരില്‍ മണ്ണിനേയും മനുഷ്യനേയും സംരക്ഷിക്കുന്നതിനായുള്ള ജനകീയ സമരങ്ങള്‍ ശക്തി പ്രാപിക്കുകയാണ്. രണ്ടു പ്രളയങ്ങളില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും ജീവനും സ്വത്തിനും ആവാസവ്യവസ്ഥയ്ക്കും അപകടമുണ്ടാക്കുന്ന കോര്‍പറേറ്റ് പുനര്‍നിര്‍മാണ വികസനത്തിലൂടെ കേരളത്തെ മുച്ചൂടും നശിപ്പിക്കാനാണ് കേന്ദ്ര-കേരള ഭരണാധികാരികള്‍ ശ്രമിക്കുന്നത്.
മലയാളക്കരയുടെ കാവല്‍ കോട്ടയായ പശ്ചിമഘട്ടത്തെയാകെ തകര്‍ക്കുന്ന ഖനന പ്രവര്‍ത്തനങ്ങളും വയലുകളും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വായുവും വെള്ളവും മലിനമാക്കുന്ന വികസന പ്രവര്‍ത്തനങ്ങളും കേരളത്തിന്റെ ആവാസവ്യവസ്ഥയെ സമ്പൂര്‍ണ നാശത്തിലാണെത്തിക്കുക. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും അവരുടെ പോഷക സംഘടനകളും കോര്‍പറേറ്റ് വികസനത്തിന് സ്തുതി പാടുമ്പോള്‍ സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ഇരുണ്ടു വരികയാണ്.
ഓരോ വര്‍ഷവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രളയവും ദുരന്തങ്ങളും നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പ്രാപഞ്ചിക ഘടകങ്ങള്‍ക്കു പുറമേ കോര്‍പറേറ്റ് വികസന നയങ്ങളുടെ ഭാഗമായ പരിസ്ഥിതിവിരുദ്ധവുമായ ഇടപെടലുകളാണ് ദുരന്തങ്ങളുടെ ആക്കം വര്‍ധിപ്പിക്കുന്നത്.
പശ്ചിമഘട്ട മേഖലയിലാണ് ഏറ്റവും വലിയ ദുരന്തം സംഭവിച്ചത്. എത്രയോ മനുഷ്യ ജീവനുകള്‍ നമുക്കു നഷ്ടപ്പെട്ടു. ഇതിനിടയിലും ക്വാറികള്‍ക്കുള്ള ഖനനാനുമതി സര്‍ക്കാര്‍ പുനസ്ഥാപിച്ചു നല്‍കിയിരിക്കുകയാണ്. അംഗീകാരമുള്ളതും ഇല്ലാത്തതുമായ നൂറുകണക്കിന് ക്വാറികള്‍, എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ദുരന്ത സാധ്യത സംബന്ധിച്ച് അധികൃതര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. കാരണം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ദുരന്തനിവാരണ അതോറിറ്റിയും മറ്റും വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ മേഖല തിരിച്ച് കൃത്യമായി ഇത് പ്രവചിച്ചിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ടിലും വളരെ വ്യക്തമായി ഇതെല്ലാം പ്രതിപാദിച്ചിട്ടുള്ളതാണ്.
ഈ റിപോര്‍ട്ടുകള്‍ക്കു മേല്‍ അടയിരിക്കുന്ന നമ്മുടെ ഭരണസംവിധാനങ്ങള്‍ ആരുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്നും സാധാരണക്കാരായ മനുഷ്യരോട് എന്ത് ഉത്തരവാദിത്തമാണ് ഇവര്‍ക്കുള്ളതെന്നും ചിന്തിക്കാന്‍ ഇനിയെങ്കിലും നാം തയ്യാറാവണം. മള്‍ട്ടിനാഷണല്‍ കമ്പനികളുടെ കണ്‍സള്‍ട്ടന്റുകളാണ് നമ്മുടെ വികസന സമീപനങ്ങളും മുന്‍ഗണനകളും തീരുമാനിക്കുന്നത്.
ജനങ്ങളുടെ താല്‍പര്യത്തിനും ഇച്ഛയ്ക്കുമെതിരായി അധികൃതര്‍ പ്രവര്‍ത്തിക്കുന്നത് കോര്‍പറേറ്റ് ശക്തികളുടെ സമ്മര്‍ദ്ദം അവര്‍ക്കു മേല്‍ അത്രത്തോളമുള്ളതുകൊണ്ടാണ്. അതു കൊണ്ട് അടിസ്ഥാനപരമായി മാറേണ്ടത് നമ്മുടെ വികസന സമീപനം തന്നെയാണ്. അതിനെതിരേ ജനകീയ ഇച്ഛാശക്തി പ്രകടിപ്പിക്കാന്‍ നാം തയ്യാറാകുമ്പോള്‍ മാത്രമേ ഇതില്‍ നിന്നു മോചനമുണ്ടാവുകയുള്ളൂ.
മലയോര മേഖല മാത്രമല്ല ഇടനാടന്‍ തീരദേശ മേഖലകളെല്ലാം തന്നെ ഇന്ന് വന്‍ ഭീഷണിയിലാണ്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രളയവും കേരള ജനതയെ ആകമാനം ബാധിക്കുന്ന വിഷയങ്ങളാണ്. ഒപ്പം സമ്പദ്ഘടനയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രതിസന്ധികളും ഭീകരമായി പെരുകിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും സാംസ്‌ക്കാരിക തകര്‍ച്ചയും ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വങ്ങളിലെ അഴിമതിയുമെല്ലാം നമ്മള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ തന്നെയാണ്.
പരിസ്ഥിതി പ്രശ്‌നങ്ങള്‍ കേവല പരിസ്ഥിതി മൗലികവാദത്തിനപ്പുറം നാടിന്റെ ഭൂമി ശാസ്ത്രപരമായ നിലനില്‍പിന്റെയും ജീവിവര്‍ഗത്തിന്റെ അതിജീവനത്തിന്റെയും വിഷയമാണ്. ഗൗരവമുള്ള സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നമായി പരിസ്ഥിതി പ്രശ്‌നങ്ങള്‍ മാറിക്കഴിഞ്ഞു എന്നര്‍ഥം. ഈ ഒരു സമീപനത്തില്‍ നിന്നു കൊണ്ട് ഓരോ മേഖലയിലും ഇരകളാക്കപ്പെടുന്ന ജനവിഭാഗങ്ങള്‍ കൃത്യമായ ഡിമാന്റുകള്‍ ഉന്നയിച്ചു കൊണ്ട് സമരവേദികളില്‍ ഐക്യപ്പെടണം. ജനപക്ഷ വികസന നയത്തിലേക്ക് രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ തിരുത്തിയെടുക്കാനുള്ള സമരശക്തിയായി ജനങ്ങള്‍ മാറേണ്ടതുണ്ട്.
ഈ ലക്ഷ്യത്തോടെയാണ് 2019 ആഗസ്ത് 18ന് കണ്ണൂരില്‍ ‘സേവ് കേരള കാമ്പയിന്‍ കമ്മിറ്റി’ രൂപീകരിച്ചത്. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ നിലനില്‍പിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി രൂപപ്പെട്ടു വരേണ്ട രാഷ്ട്രീയ പാരിസ്ഥിതിക അവബോധം വളര്‍ത്തിയെടുക്കുകയാണ് കാമ്പയിന്‍ കമ്മിയുടെ ഉദ്ദേശ്യം.
ഇത് ഏതെങ്കിലും കക്ഷിരാഷ്ട്രീയ പ്രസ്ഥാനങ്ങളാല്‍ നയിക്കപ്പെടുന്ന വേദിയല്ല. മറിച്ച് കേരളം നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന, ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് സൈ്വര ജീവിതം നയിക്കാനുതകുന്ന, സാമൂഹ്യ, രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുകയെന്ന മര്‍മ്മപ്രധാന ലക്ഷ്യമാണ് ഇതിനുള്ളത്.
കണ്ണൂര്‍ ജില്ലയിലെ വിവിധ ക്വാറിവിരുദ്ധ സമരസമിതികള്‍, തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ സമിതികള്‍, പരിസ്ഥിതി മനുഷ്യാവകാശ പ്രതിരോധ സംഘങ്ങള്‍, ജനകീയ സമരങ്ങളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പ്രസ്ഥനങ്ങള്‍ തുടങ്ങി മറ്റു നിരവധി മനുഷ്യ സ്‌നേഹികള്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന വിപുലമായ പൊതുവേദിയാണിത്.
ജനപക്ഷത്തുനിന്നു കൊണ്ട് പാരിസ്ഥിതിക രാഷ്ട്രീയ വിഷയങ്ങളില്‍ പ്രചാരണ, സമര പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം. കാമ്പയിന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടിയന്തര പ്രാധാന്യമുള്ള മുദ്രാവാക്യങ്ങളുയര്‍ത്തി സപ്തംബര്‍ 18ന് ഭരണസിരാ കേന്ദ്രമായ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത ബഹുജന മാര്‍ച്ച് നടന്നു.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതും ദുരന്ത സാധ്യതയുള്ളതുമായ മേഖലകളിലെ എല്ലാ ഖനന പ്രവര്‍ത്തനങ്ങളും അടിയന്തരമായി നിര്‍ത്തിവയ്ക്കുക, കുന്നിടിച്ചും നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്തിയുമുള്ള എല്ലാ വികസന പദ്ധതികളും ഉപേക്ഷിക്കുക, കീഴാറ്റൂര്‍ ബൈപാസ് പദ്ധതി ഉപേക്ഷിക്കുക, കണ്ടങ്കാളി എണ്ണ സംഭരണപദ്ധതി ഉപേക്ഷിക്കുക, കരിങ്കല്‍, ചെങ്കല്‍, മണല്‍ തുടങ്ങിയ ഖനന മേഖലകളുടെ പൂര്‍ണമായ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കുക, വ്യക്തമായ മാനദണ്ഡം പാലിച്ചുകൊണ്ട് പ്രകൃതിവിഭവങ്ങളുടെ ഫലപ്രദമായ വിതരണ സംവിധാനം ആവിഷ്‌കരിക്കുക, കേരളത്തിന്റെ ഭൂവിനിയോഗം സംബന്ധിച്ച് ശാസ്ത്രീയമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുക.
അതിനനുസരിച്ച് കാര്‍ഷിക വ്യാവസായിക നയങ്ങളിലും കെട്ടിട നിര്‍മാണചട്ടങ്ങളിലും ഭേദഗതി വരുത്തുക, കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കുമിണങ്ങുന്ന കെട്ടിട നിര്‍മാണ സാമഗ്രികള്‍ വികസിപ്പിക്കാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക, ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ട് ചര്‍ച്ച ചെയ്ത് നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ളതായിരുന്നു കലക്ടറേറ്റ് മാര്‍ച്ച്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തൃപ്പങ്ങോട്ടൂര്‍ മുതല്‍ ചെറുപുഴ വരെ പശ്ചിമഘട്ട മേഖലയിലുള്ള ക്വാറിവിരുദ്ധ ജനകീയ സമരസമിതികളും പെരിങ്ങോം മുതല്‍ പാനൂര്‍ വരെ ഇടനാടന്‍ മേഖലയിലുള്ള ചെങ്കല്‍ ക്വാറിവിരുദ്ധ സമരസമിതികളും കണ്ടങ്കാളി മുതല്‍ തലശ്ശേരി വരെ തീരദേശ മേഖലയിലെ വിവിധ ജനകീയ സമരസമിതികളും അവരവരുടെ ബാനറിന് പിറകില്‍ കലക്ടറേറ്റ് മാര്‍ച്ചില്‍ അണി ചേര്‍ന്നു.
ശുദ്ധവായുവിനും ശുദ്ധജലത്തിനും സൈ്വര ജീവിതത്തിനും വേണ്ടി പൊരുതുന്ന മനുഷ്യരുടെ ഉജ്ജ്വലമായ മുന്നേറ്റം ഉദ്ഘാടനം ചെയ്ത് പ്രമുഖ മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തക ദയാബായ് ആണ്. ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ വികസന പദ്ധതികള്‍ക്കും ഖനന പ്രവര്‍ത്തനങ്ങള്‍ക്കും എതിരായി പശ്ചിമഘട്ടം മുതല്‍ കടലോരം വരെ നടക്കുന്ന സമരങ്ങള്‍ ഐക്യപ്പെടണമെന്നവര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് കലക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. മാര്‍ച്ചിനെ തുടര്‍ന്ന് മലനാട്ടിലും ഇടനാട്ടിലും തീരപ്രദേശത്തും ജനകീയ സമിതികളുടെ നേതൃത്വത്തില്‍ ബഹുജന സമരങ്ങള്‍ ശക്തിപ്പെട്ടു വരികയാണ്.
മഞ്ഞുമല സമരം
കണ്ണൂര്‍ ജില്ലയില്‍ പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ മലമുടികളിലൊന്നാണ് മഞ്ഞുമല. നടുവില്‍ പഞ്ചായത്തിലെ ഈ പ്രദേശത്ത് 500 മീറ്ററിനുള്ളില്‍ മൂന്നു ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ടില്‍ അതീവ പരിസ്ഥിതി ലോല പ്രദേശമെന്ന് രേഖപ്പെടുത്തിയ മഞ്ഞുമല, മാവുംചാല്‍, പാത്തന്‍ പാറ എന്നിവിടങ്ങളിലാണ് നിയമങ്ങള്‍ കാറ്റില്‍ പറത്തി നിര്‍ബാധമായ ഖനനം നടക്കുന്നത്.
വംശനാശത്തിന്റെ വക്കത്തുള്ള ലോകത്തിലെ അപൂര്‍വ ആദിവാസി ഗോത്ര വിഭാഗമായ കരിമ്പാലരുടെ 300 കുടുംബങ്ങള്‍ അധിവസിക്കുന്ന മേഖലയാണിത്. കോടമഞ്ഞും മഴയും നിറഞ്ഞ ഈ ഭൂപ്രദേശത്താണ് പാലക്കയം തട്ട് എന്ന വിനോദസഞ്ചാര കേന്ദ്രം. സമീപ പ്രദേശത്തു തന്നെയാണ് പൈതല്‍മല വിനോദസഞ്ചാര കേന്ദ്രവും. ഇടതൂര്‍ന്ന വനങ്ങളും പുല്‍മേടുകളും സസ്യ-ജന്തു വൈവിധ്യങ്ങളും പുഴയും കാട്ടരുവികളും കൊണ്ട് ചാരുതയാര്‍ന്ന ഈ ഭൂഭാഗം ഇന്ന് മൂലധനമൂര്‍ത്തികളുടെ കൈകളില്‍ ഞെരിഞ്ഞമരുകയാണ്.
മഞ്ഞുമലയില്‍ നിന്നും പാത്തന്‍പാറയില്‍ നിന്നും ഉത്ഭവിക്കുന്ന നീര്‍ച്ചാലുകളാണ് കുപ്പം പുഴയെ ജലസമൃദ്ധമാക്കുന്നത്. ഇവിടെയുള്ള കാട്ടരുവികളില്‍ നിന്നുള്ള വെള്ളമാണ് ജനങ്ങള്‍ കാലാകാലമായി കുടിവെള്ളമായി ഉപയോഗിക്കുന്നത്. ഖനന പ്രവര്‍ത്തനം മൂലം കുടിവെള്ളം മലിനമായിരിക്കുന്നു. വായു മലിനീകരണം മൂലം പിഞ്ചു കുട്ടികളടക്കം ശ്വാസകോശ രോഗങ്ങള്‍ ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.
പാത്തന്‍പാറ ക്വാറിയിലെ നിരന്തര സ്‌ഫോടനം സമീപത്തുള്ള അങ്കണവാടി കെട്ടിടത്തിന്റെ ചുവരും തറയും വിണ്ടു കീറുന്നതിനിടയാക്കി. കെട്ടിടത്തിന്റെ സുരക്ഷിതത്വമില്ലായ്മയും ശബ്ദമലിനീകരണവും കാരണം പിഞ്ചു കുട്ടികള്‍ക്ക് പഠനം മുടങ്ങിയിട്ട് ഒരു മാസമായി.
മഞ്ഞുമലയിലെ കുട്ടികള്‍ക്ക് പാടാനും പഠിക്കാനുമുള്ള അവകാശത്തിനായി സമരം നടത്തേണ്ട അവസ്ഥയാണുള്ളത്. ജനജീവിതം ദുസ്സഹമാക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണമെന്ന് ജനങ്ങള്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും അധികാരികള്‍ തിരിഞ്ഞു നോക്കിയില്ലെന്നു മാത്രമല്ല, ഖനന മാഫിയകള്‍ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കാനാണ് ഗ്രാമപ്പഞ്ചായത്ത് ഭരണാധികാരികളും ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്.
ഈയൊരു പശ്ചാത്തലത്തിലാണ് മഞ്ഞുമല, മാവുംചാല്‍, പാത്തന്‍പാറ ക്വാറികള്‍ അടച്ചുപൂട്ടുക, ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളിലെ മുഴുവന്‍ ക്വാറികളും അടച്ചു പൂട്ടുക, നിയമസഭാ പരിസ്ഥിതി കമ്മിറ്റി റിപോര്‍ട്ട് നടപ്പാക്കുക, സൈ്വരമായി ജീവിക്കാനുള്ള മനുഷ്യരുടെ അവകാശം സംരക്ഷിക്കുക, ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ട് ചര്‍ച്ച ചെയ്ത് നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഇക്കഴിഞ്ഞ സപ്തംബര്‍ 27 മുതല്‍ മഞ്ഞുമല തുരുമ്പിക്കവലയില്‍ പന്തല്‍ കെട്ടി ജനകീയ സമരസമിതി അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്.
വന്ദ്യവയോധികനായ ഗോപാലന്‍ ചേട്ടന്‍ ഉദ്ഘാടനം ചെയ്ത സമരം 52 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ വന്‍ ജനപിന്തുണ നേടിയെടുത്തു. സേവ് കേരള കാമ്പയിന്‍ കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ നോബിള്‍ പൈകടയുടെ മുന്‍കയ്യില്‍ നടക്കുന്ന സമരത്തില്‍ സ്ത്രീകളും കുട്ടികളും വിദ്യാര്‍ഥികളുമടക്കം നിരവധി പേര്‍ പങ്കെടുക്കുന്നുണ്ട്. ഒക്ടോബര്‍15ന് നടുവില്‍ പഞ്ചായത്തിലേക്ക് നടന്ന ബഹുജന മാര്‍ച്ച് നടന്നു.
ക്വാറി മാഫിയകളുടെ പ്രലോഭനവും ഭീഷണിയും അതിജീവിച്ച് സമരം മുന്നോട്ടു പോവുമെന്നായപ്പോള്‍ രാത്രിയുടെ മറവില്‍ പന്തല്‍ പൊളിച്ച് സമരത്തെ തകര്‍ക്കാനുള്ള ശ്രമം നടന്നു. എരിതീയില്‍ എണ്ണയൊഴിച്ചതുപോലെ ഇത് ജനകീയ സമരവീര്യത്തെ ആളിക്കത്തിച്ചു.
പന്തല്‍ പൊളിച്ചാല്‍ സമരം തകരുമെന്ന മാഫിയകളുടെ മോഹത്തിനു കനത്ത പ്രഹരമേല്‍പ്പിച്ചു കൊണ്ട് നവംബർ 6ന് സ്ത്രീകളും കുട്ടികളും ചെറുപ്പക്കാരും വൃദ്ധരുമടക്കം നൂറുകണക്കിനാളുകള്‍ കിഴുക്കാം തൂക്കായ മലമടക്കിലൂടെ പെരുമഴയെയും കോടമഞ്ഞിനെയും അവഗണിച്ച് മഞ്ഞുമല ക്വാറിയിലേക്ക് മാര്‍ച്ച് ചെയ്തു. ക്വാറിക്ക് ഒരു കിലോമീറ്ററിപ്പുറം മാര്‍ച്ച് പോലിസ് തടഞ്ഞു. സേവ് കേരള കാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ്, വര്‍ക്കിങ്ങ് ചെയര്‍മാന്‍ നോബിള്‍ പൈകട, ജനറല്‍ കണ്‍വീനര്‍ പി മുരളീധരന്‍ നേതൃത്വം നല്‍കി.
തൊഴിലവസരങ്ങളുടെ പേരില്‍ ക്വാറികളെ ന്യായീകരിക്കുന്നവരുടെ കണ്ണു തുറപ്പിക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം മഞ്ഞുമലയിലുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. മിനിമം വേതനം പോലും നല്‍കാതെ ഉടമകള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്ന് പലപ്പോഴും പുറം ലോകം അറിയില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൂലി ചോദിച്ച അസംകാരനായ തൊഴിലാളി മൃഗീയ മര്‍ദ്ദനമേറ്റ് സമരപ്പന്തലില്‍ അഭയം തേടിയപ്പോഴാണ് ഉടമകളുടെ തൊഴിലാളി സ്‌നേഹത്തിന്റെ കാപട്യം വെളിവായത്. ജില്ലയിലെ പ്രമുഖനായ ഒരു നിയമസഭാ സാമാജികന്റെ അടുത്ത ബന്ധുവിന്റെ ക്വാറി ഈ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യധാരാ പാര്‍ട്ടികളുടെ ഫണ്ടിന്റെ ഉറവിടം ക്വാറികളാണെന്നത് പരസ്യമായ രഹസ്യമാണ്.
ജീവനും സ്വത്തും കുടിവെള്ളവും സംരക്ഷിക്കാനുള്ളതാണ് മഞ്ഞുമലക്കാരുടെ സമരം. കവളപ്പാറയുടെയും പുത്തുമലയുടെയും കരിഞ്ചോല മലയുടെയും വിധി ഏറ്റുവാങ്ങാന്‍ തങ്ങള്‍ തയ്യാറല്ലെന്ന മലയോര ജനതയുടെ പ്രഖ്യാപനം കൂടിയാണ് മഞ്ഞുമല സമരം.
പെടേന സമരം
രണ്ടരപ്പതിറ്റാണ്ടു മുമ്പ് ജനവിരുദ്ധമായ ആണവ നിലയത്തിനെതിരായ സമരത്തില്‍ അധികാരിവര്‍ഗത്തെ മുട്ടുകുത്തിച്ച പെരിങ്ങോം ജനത, ശുദ്ധവായുവിനും ശുദ്ധജലത്തിനും സൈ്വര ജീവിതത്തിനുമുള്ള അവകാശങ്ങള്‍ക്കായി പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് പെടേനയെന്ന ഗ്രാമത്തില്‍.
1990 ഏപ്രില്‍ 26നാണ് കേരളത്തിന്റെ സമര ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചു കൊണ്ട് പെരിങ്ങോം ഗ്രാമത്തിലെ ആയിരങ്ങള്‍ ആണവ നിലയത്തിനെതിരായ മഹത്തായ പ്രക്ഷോഭം ആരംഭിച്ചത്. ഇന്ത്യയും ലോകവും ശ്രദ്ധിച്ച ഈ സമരം വിജയിച്ച സമരമായിരുന്നു. സൈലന്റ് വാലി പ്രസ്ഥാനം ഉണ്ടാക്കിയ പാരിസ്ഥിതിക അവബോധത്തിന്റെയും ചെര്‍ണോബില്‍ ദുരന്തത്തെ തുടര്‍ന്നുണ്ടായ ജനകീയ ജാഗ്രതയുടെയും കരുത്തിലാണ് പെരിങ്ങോം ആണവ നിലയത്തിനെതിരായ സമരം ശക്തിപ്പെട്ടു വന്നത്.
ഈ സമരം ജനങ്ങളുടെ ബോധ നിലവാരത്തെ വലിയ തോതില്‍ ഉയര്‍ത്തി. വികസനത്തിന്റെ പേരില്‍ അധികാരികള്‍ പടച്ചു വിടുന്ന പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടിയ പൊതുയോഗങ്ങള്‍, സെമിനാറുകള്‍, സ്ലൈഡ് പ്രദര്‍ശനങ്ങള്‍, സിനിമാ പ്രദര്‍ശനങ്ങള്‍, തെരുവുനാടകങ്ങള്‍, സംവാദങ്ങള്‍ തുടങ്ങി ജനകീയ സമര ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പെരിങ്ങോത്തും അതിനു പുറത്ത് കേരളമെമ്പാടും വ്യാപിച്ചു.
1991ലെ ഹിരോഷിമാ ദിനത്തില്‍ ആയിരക്കണക്കിനാളുകളാണ് ഗ്രാമത്തിലെ മുഴുവന്‍ സര്‍ക്കാര്‍ കാര്യാലയങ്ങളും പിക്കറ്റ് ചെയ്തത്. നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ പെരിങ്ങോത്തു നിന്ന് ആരംഭിച്ച കലക്ടറേറ്റ് മാര്‍ച്ച്, നവംബർ 4ന് കണ്ണൂരിലെത്തിയപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്നവരടക്കം ആയിരങ്ങളുടെ സമരസംഗമമാണ് നടന്നത്.
ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഗുജറാത്തില്‍ നിന്ന് പെരിങ്ങോത്തേക്ക് അണു മുക്തി സംഘം നടത്തിയ പ്രതിഷേധ സൈക്കിള്‍ യാത്ര അവിസ്മരണീയമായ അനുഭവമാണ്. ആണവ വിരുദ്ധ പ്രവര്‍ത്തകരായ ഡോ. സുരേന്ദ്ര ഗാഡേക്കര്‍, ഡോ. സംഘമിത്ര ഗാഡേക്കര്‍ എന്നിവര്‍ സമരത്തിനു പിന്തുണയുമായി പെരിങ്ങോത്ത് എത്തിച്ചേരുകയുണ്ടായി.
മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമരത്തോട് മുഖം തിരിഞ്ഞു നിന്നുവെങ്കിലും സാധാരണ പ്രവര്‍ത്തകരില്‍ പലരും സമരത്തിലണി ചേര്‍ന്നു. വളര്‍ന്നു വന്ന ജനരോഷത്തിന്റെ പാരമ്യത്തില്‍, ജന വിരുദ്ധമായ ആണവ പദ്ധതി ഉപേക്ഷിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ചരിത്രപരമായ ഇത്തരമൊരടിത്തറയിലാണ് നാടിന്റെ സ്വസ്ഥത തകര്‍ത്തു കൊണ്ട് മൂലധനമാഫിയകള്‍ നടത്തുന്ന അനധികൃത ഖനനത്തിനെതിരേ പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേന, ഓടമുട്ട്, മടക്കാംപൊയില്‍ നിവാസികള്‍ സമരരംഗത്തേക്കു വന്നത്. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ നിലനില്‍പിനും ജനങ്ങളുടെ സുരക്ഷയ്ക്കു മായി രാഷ്ട്രീയ, പാരിസ്ഥിതിക അവബോധം വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിച്ച സേവ് കേരള കാമ്പയിന്‍ കമ്മിറ്റിയുടെ മുന്‍കൈയില്‍, പെടേന ജനകീയ സമരസമിതിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
ജനവിരുദ്ധമായ ക്വാറി
ക്വാറികളിലേക്ക് സപ്തംബര്‍ 1ന് സേവ് കേരള കാമ്പയിന്‍ കമ്മിറ്റിയുടെ വസ്തുതാന്വേഷണ സംഘം പോവുകയും ഗ്രാമവാസികളുടെ ദുരിതം നേരിട്ടറിയുകയും ചെയ്തു. കുടുംബയോഗങ്ങള്‍, നോട്ടീസ് വിതരണം, പത്രസമ്മേളനം എന്നിവ നടത്തിയതിനു ശേഷം ക്വാറിയിലേക്ക് ബഹുജന മാര്‍ച്ച് നടന്നു.
സപ്തംബര്‍ 21 ന് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളു പങ്കെടുത്ത പഞ്ചായത്ത് മാര്‍ച്ചിനൊടുവില്‍ പെരിങ്ങോം ടൗണിലെ പഞ്ചായത്ത് കാര്യാലയത്തിനു മുമ്പില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. മനുഷ്യാവകാശ പ്രവര്‍ത്തകനും സേവ് കേരള കാമ്പയിന്‍ കമ്മിറ്റി നേതാവുമായ കെ സുനില്‍കുമാര്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.
സാമൂഹ്യസാംസ്‌കാരിക സംഘടനകളും വ്യക്തികളും സമരത്തെ പിന്തുണച്ചു. കുടിവെള്ളവും വായുവും മലിനമാക്കുകയും ജനങ്ങളുടെ സൈ്വര ജീവിതം തകര്‍ക്കുകയും ചെയ്യുന്ന ക്വാറികള്‍ക്കെതിരായ ജനരോഷം ശക്തിപ്പെട്ടു വന്നിട്ടും പഞ്ചായത്ത് അധികൃതരോ ജില്ലാതല മേധാവികളോ സമരത്തെ ഗൗനിക്കുകയുണ്ടായില്ല.
അപവാദപ്രചാരണങ്ങള്‍ കൊണ്ട് സമരവീര്യം തളര്‍ത്താമെന്നു ധരിച്ച ഭരണകക്ഷി സ്വയം പരിഹാസ്യരായി. ഖനന മാഫിയകള്‍ക്ക് സൗകര്യം ചെയ്യുന്ന പണികളാണ് അധികാരികളുടെ ഭാഗത്തുനിന്നുണ്ടായത്.
പെടേന ഗവ. എല്‍പിസ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സ്വസ്ഥമായ പഠനം അസാധ്യമായിട്ട് വര്‍ഷങ്ങളായി. ക്വാറികള്‍ വ്യാപകമായതോടെ നൂറിലധികം കുട്ടികള്‍ പഠിച്ചിരുന്ന വിദ്യാലയത്തില്‍ ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം കുറയാന്‍ തുടങ്ങി. വിഷയം അധികൃതരെ ധരിപ്പിച്ചുവെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
ക്വാറികളിലെ സ്‌ഫോടനം മൂലം സ്‌കൂള്‍ കെട്ടിടത്തിന്റെ ചുവരും തറയും വിണ്ടുകീറി അപകടാവസ്ഥയിലായിട്ട് മാസങ്ങളേറെയായി. സ്‌ഫോടനത്തിന്റെ ഭാഗമായുണ്ടായ കമ്പനത്തെ തുടര്‍ന്ന് ഉച്ചക്കഞ്ഞിപ്പുരയിലെ പാചകപ്പാത്രങ്ങള്‍ ചിതറിത്തെറിച്ചു പോവുന്ന സ്ഥിതിയുണ്ടായി. പൊറുതിമുട്ടിയ കുട്ടികള്‍ ഒടുവില്‍ പഠിക്കാനുള്ള അവകാശത്തിനായി പഠിപ്പുമുടക്കാന്‍ തീരുമാനിച്ചു. 55 കുട്ടികള്‍ തങ്ങളുടെ അവകാശം സ്ഥാപിച്ചു കിട്ടാന്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് ചെയ്തു.
”ഇല്ലാത്ത ഭാവിക്കു വേണ്ടി നമ്മളെന്തിന് പഠിക്കണം? നമ്മുടെ ഭരണകൂടങ്ങള്‍ പഠിച്ചവരുടെ വാക്കുകള്‍ കേള്‍ക്കാതിരിക്കുമ്പോള്‍, പഠിക്കാന്‍ വേണ്ടി നമ്മളെന്തിന് ഇത്രയധികം പരിശ്രമിക്കണം?” ഗ്രേറ്റ തുന്‍ ബെര്‍ഗ് എന്ന പതിനാറുകാരി വിദ്യാര്‍ഥിനിയുടെ ചോദ്യങ്ങള്‍ സാര്‍വദേശീയമായി അലയടിക്കുമ്പോള്‍, അതു കേള്‍ക്കാത്ത ഭരണാധികാരികളെങ്ങനെ നാട്ടിലെ കുട്ടികളെ കേള്‍ക്കും? പെടേനയിലെ കുട്ടികളെ കാണാനോ കേള്‍ക്കാനോ പഞ്ചായത്ത് അധികാരികള്‍ക്കെവിടെ സമയം?
‘കാലാവസ്ഥയ്ക്കു വേണ്ടിയുള്ള സ്‌കൂള്‍ സമരം’ നടത്തിയ സ്വീഡനിലെ ഗ്രേറ്റ തുന്‍ബെര്‍ഗിനെ പെടേനയിലെ കുട്ടികള്‍ക്കറിയില്ലായിരുന്നു. 262 വര്‍ഷത്തിനിടെ സ്വീഡനിലുണ്ടായ ഏറ്റവും വലിയ ഉഷ്ണതരംഗത്തിനും കാട്ടുതീക്കുമെതിരേ പ്രതികരിക്കാന്‍ ഗ്രേറ്റ തുന്‍ബെര്‍ഗ് എല്ലാ വെള്ളിയാഴ്ചകളിലുമാണ് ക്ലാസ് ബഹിഷ്‌കരിച്ചതെങ്കില്‍ പെടേനയിലെ കുട്ടികള്‍ ഇനിയങ്ങോട്ടുള്ള ദിവസങ്ങളെല്ലാം ക്ലാസ് ബഹിഷ്‌കരിച്ച് അധികാരികളുടെ ബധിരകര്‍ണങ്ങള്‍ തുറപ്പിക്കാനുള്ള സമരത്തെക്കുറിച്ചാണ് ആലോചിച്ചത്.
രണ്ടു വന്‍കരകളിലെ കുട്ടികള്‍ സ്വച്ഛമായ കാലാവസ്ഥയ്ക്കു വേണ്ടി തിരഞ്ഞെടുത്ത സമരരൂപത്തിന് എന്തൊരു സാദൃശ്യം! മറ്റൊരര്‍ഥത്തില്‍ യൂറോപ്പും ഏഷ്യയും കാലാവസ്ഥയ്ക്കു വേണ്ടി സമര സാഹോദര്യം പ്രഖ്യാപിക്കുകയാണ്.
അങ്ങനെ അവരഞ്ചു പേര്‍; രണ്ടാം തരത്തിലെ ജാസിമും നദീമയും മൂന്നിലെ റിനാസും റാഷിദും നാലിലെ സാബിറും ജില്ലാ ഭരണാധികാരിയായ കണ്ണൂര്‍ കലക്ടറെ കണ്ടു. ആവശ്യങ്ങള്‍ ബോധിപ്പിച്ചു. അഞ്ചു ദിവസം 55 കുട്ടികള്‍ നടത്തിയ പെടേന പഠിപ്പുമുടക്ക് അധികാരികളുടെ കണ്ണും കാതും തുറപ്പിച്ചു.
കലക്ടര്‍ ചുമതലപ്പെടുത്തിയ പ്രകാരം തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും സബ് കലക്ടറുമായ ഇലാക്കിയ വിക്ടോറിയ പെടേന ഗവ. എല്‍പിസ്‌കൂള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുടെ ദുസ്ഥിതി മനസ്സിലാക്കി. ക്വാറികള്‍ സന്ദര്‍ശിച്ച് അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തി. സമരപ്പന്തലിലെത്തി സമരക്കാരുമായി സംസാരിച്ചു.
വിദ്യാര്‍ഥികളും നാട്ടുകാരും ഉന്നയിച്ച ആവശ്യങ്ങള്‍ ശരിവച്ചു കൊണ്ടുള്ള സബ്കലക്ടറുടെ റിപോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. നവംബര്‍ 1ന് കേരളപ്പിറവിയുടെ 63ാം വാര്‍ഷിക ദിനത്തില്‍ പെടേനയിലെ ജനവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ ക്വാറികളും ക്രഷറുകളും താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. 12 ദിവസം പഞ്ചായത്തു പടിക്കല്‍ പെടേനയിലെ ജനങ്ങളും അഞ്ചു ദിവസം 55 വിദ്യാര്‍ഥികളും നടത്തിയ സമാനതകളില്ലാത്ത സമരം വിജയിച്ചത് ജില്ലയിലെ സമീപകാല സമര ചരിത്രത്തിലെ വലിയ ചുവടുവയ്പ്പായി മാറി.
രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയാ കൂട്ടുകെട്ടിനെ മുട്ടുകുത്തിച്ച പെടേനയിലെ പോരാളികള്‍ പ്രഖ്യാപിച്ചു: ‘ഞങ്ങളുടെ സമരം ഇവിടെ അവസാനിക്കുന്നില്ല; അധികാരികള്‍ വാക്കു ലംഘിച്ചാല്‍ വര്‍ധിത വീര്യത്തോടെ സമരം തുടരും’.
മൂലധനത്തിന്റെ വികസനാര്‍ത്തിയെ വിചാരണ ചെയ്യുന്ന സമരമായി പെടേന സമരം, ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും.
(കടപ്പാട്: മറുവാക്ക് മാസിക)