'ഗസയിലെ വംശഹത്യയിൽ ഞങ്ങളുടെ സർക്കാരുകൾക്കും പങ്ക്'; പ്രസ്താവനയിൽ ഒപ്പുവെച്ച് യു.എസിലെയും യൂറോപ്പിലെയും 800 ഉദ്യോഗസ്ഥർ
World News
'ഗസയിലെ വംശഹത്യയിൽ ഞങ്ങളുടെ സർക്കാരുകൾക്കും പങ്ക്'; പ്രസ്താവനയിൽ ഒപ്പുവെച്ച് യു.എസിലെയും യൂറോപ്പിലെയും 800 ഉദ്യോഗസ്ഥർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd February 2024, 10:31 pm

ന്യൂയോർക്ക്: ഗസയിലെ ഇസ്രഈൽ യുദ്ധത്തിൽ തങ്ങളുടെ സർക്കാരുകൾ സ്വീകരിക്കുന്ന നയം അന്താരാഷ്ട്ര നിയമ ലംഘനത്തിന് സമമാകുമെന്ന് മുന്നറിയിപ്പുമായി യു.എസിലെയും യൂറോപ്പിലെയും 800ഓളം സർക്കാർ ഉദ്യോഗസ്ഥർ.

യു.എസിലെയും യൂറോപ്യൻ യൂണിയനിലെയും യു.കെ, ഫ്രാൻസ്, ജർമനി ഉൾപ്പെടെയുള്ള 11 യൂറോപ്യൻ രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരാണ് സർക്കാർ നയങ്ങളിൽ ആശങ്ക അറിയിച്ചുകൊണ്ട് പ്രസ്താവനയിൽ ഒപ്പുവെച്ചതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.

ഇസ്രഈലിനെ പിന്തുണക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലെ സർക്കാരുകളോട് രാജ്യത്തിനകത്ത് നിന്ന് തന്നെ അതൃപ്തി ഉയർന്നുവരുന്നതിൽ ഏറ്റവും പുതിയ സംഭവമാണ് ഇതെന്ന് ബി.ബി.സി ചൂണ്ടിക്കാട്ടി.

തങ്ങളുടെ ആശങ്കകൾ തുടർച്ചയായി അവഗണിക്കുകയാണെന്ന് യു.എസ് ദേശീയ സുരക്ഷാ വകുപ്പിൽ 25 വർഷമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ബി.ബി.സിയോട് പറഞ്ഞു.

800ഓളം ഉദ്യോഗസ്ഥർ ഒപ്പുവെച്ച പ്രസ്താവനയിൽ ഇസ്രഈൽ പരിധികൾ ലംഘിച്ചുവെന്നും ഇത് പതിനായിരക്കണക്കിന് സിവിലിയന്മാർ കൊല്ലപ്പെടുന്നതിനും മനപ്പൂർവ്വം സഹായങ്ങൾ തടയുന്നതിനും കാരണമായെന്നും ആരോപിക്കുന്നു.

ജനങ്ങൾ പട്ടിണി മൂലം പതിയെ മരണത്തിന് കീഴടങ്ങുകയാണെന്നും പറയുന്നു.

‘അന്താരാഷ്ട്ര നിയമങ്ങൾ ക്രൂരമായി ലംഘിക്കപ്പെടുന്നതിലും യുദ്ധക്കുറ്റത്തിലും വംശീയ ഉന്മൂലനത്തിലും നമ്മുടെ സർക്കാരുകളുടെ നയങ്ങൾ പങ്കുവഹിക്കുന്നു എന്ന വലിയ അപകടം നിലനിൽക്കുന്നു,’ പ്രസ്താവനയിൽ പറയുന്നു.

പ്രസ്താവനയിൽ ഒപ്പുവെച്ചവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇവർ ഒരു ദശാബ്ദത്തിലേറെയായി അതാത് സർക്കാരുകളെ സേവിച്ചുവരികയാണെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.

Content Highlight: Western officials in protest over Israel Gaza policy