Kerala News
മുനമ്പം കേസില്‍ വിധി പുറപ്പെടുവിക്കുന്നതിന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന് ഹൈക്കോടതിയുടെ വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 11, 03:33 pm
Friday, 11th April 2025, 9:03 pm

കൊച്ചി: മുനമ്പം കേസില്‍ വിധി പുറപ്പെടുവിക്കുന്നതിന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന് വിലക്കുമായി ഹൈക്കോടതി. വഖഫ് ബോര്‍ഡ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

അതേസമയം വഖഫ് ട്രൈബ്യൂണലിന് വാദം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. പറവൂര്‍ സബ് കോടതിയില്‍ നിന്ന് രേഖകള്‍ വരുത്തണമെന്ന വഖഫ് ബോര്‍ഡിന്റെ ഹരജി തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയത്.

വഖഫ് ബോര്‍ഡിന്റെ അപ്പീല്‍ ഹൈക്കോടതി മെയ് 26ന് പരിഗണിക്കും. മുനമ്പത്തെ ഭൂമി ഏറ്റെടുത്ത വഖഫ് ബോര്‍ഡിന്റെ ഉത്തരവ് ട്രൈബ്യൂണല്‍ പരിശോധിച്ച് വരികയാണ്. പ്രസ്തുത ഭൂമി വഖഫ് ആണോ ദാനമാണോ എന്ന് രേഖകളുടെ അടിസ്ഥാനത്തില്‍ ട്രൈബ്യൂണല്‍ പരിശോധിക്കും.

അതേസമയം മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന് ഫാറൂഖ് കോളേജ് തന്നെ തെളിയിക്കുന്ന പറവൂര്‍ സബ് കോടതിയിലെ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് പുറത്ത് വന്നിട്ടുണ്ട്. 1970ല്‍ പറവൂര്‍ കോടതിയില്‍ ഹാജരാക്കിയ രേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ഭൂമി ദാനം ലഭിച്ചതാണെന്ന കോളേജിന്റെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖയാണിത്.

Content Highlight: High Court restrains Kozhikode Waqf Tribunal from passing verdict in Munambam case