IPL
'ഞങ്ങളെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ധോണിയേട്ടാ!' വെടിക്കെട്ട് നടത്തേണ്ടപ്പോള്‍ ഒച്ചിനെ തോല്‍പ്പിക്കുന്ന വേഗം; മോശം നേട്ടത്തില്‍ ഒന്നാമതും രണ്ടാമതും
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 11, 03:15 pm
Friday, 11th April 2025, 8:45 pm

ഐ.പി.എല്ലില്‍ രണ്ടാം ജയം തേടിയുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കാത്തിരിപ്പ് അവസാനിക്കുന്ന കാഴ്ചയ്ക്കാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ ചിര വൈരികളായ മുംബൈ ഇന്ത്യന്‍സിനെതിരെ വിജയിച്ചതിന് പിന്നാലെ തുടര്‍ച്ചയായ നാല് മത്സരങ്ങളിലാണ് സൂപ്പര്‍ കിങ്‌സിന് പരാജയപ്പെടേണ്ടി വന്നത്. സ്വന്തം തട്ടകമെന്നോ എതിരാളികളുടെ ഹോം ഗ്രൗണ്ടെന്നോ വ്യത്യാസമില്ലാതെയാണ് സൂപ്പര്‍ കിങ്‌സ് തോല്‍വിയേറ്റുവാങ്ങിയത്.

ഇപ്പോള്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഹോം ഗ്രൗണ്ടായ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ നേരിടുകയാണ് സൂപ്പര്‍ കിങ്‌സ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്.

 

എന്നാല്‍ മോശം തുടക്കമാണ് ടീമിന് ലഭിച്ചത്. ടീം സ്‌കോര്‍ 16ല്‍ നില്‍ക്കവെ ഓപ്പണര്‍മാര്‍ രണ്ട് പേരെയും സൂപ്പര്‍ കിങ്‌സിന് നഷ്ടമായി.

ഡെവോണ്‍ കോണ്‍വേയുടെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടപ്പെട്ടത്. നാലാം ഓവറിലെ ആദ്യ പന്തില്‍ മോയിന്‍ അലിക്ക് വിക്കറ്റ് സമ്മാനിച്ച് കോണ്‍വേ പുറത്തായി. 11 പന്തില്‍ 12 റണ്‍സാണ് താരം നേടിയത്.

മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ രാഹുല്‍ ത്രിപാഠിക്ക് ശേഷിച്ച അഞ്ച് പന്തിലും സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ വന്നതോടെ സീസണിലെ നാലാം മെയ്ഡന്‍ ഓവറും പിറവിയെടുത്തു.

അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ രചിന്‍ രവീന്ദ്രയും മടങ്ങി. ഒമ്പത് പന്തില്‍ നാല് റണ്‍സാണ് രചിന് നേടാന്‍ സാധിച്ചത്. ഹര്‍ഷിത് റാണയുടെ പന്തില്‍ കൊല്‍ക്കത്ത നായകന്‍ അജിന്‍ക്യ രഹാനെക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

നാലാം നമ്പറിലെത്തിയ വിജയ് ശങ്കറും രാഹുല്‍ ത്രിപാഠിയും വിക്കറ്റ് നഷ്ടപ്പെടുത്താതെ പവര്‍പ്ലേ പൂര്‍ത്തിയാക്കി. ആദ്യ ആറ് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സാണ് ചെന്നൈ നേടിയത്.

ഈ സീസണിലെ രണ്ടാമത് മോശം പവര്‍പ്ലേ ടോട്ടലാണിത്. ഈ അനാവശ്യ നേട്ടത്തില്‍ ഒന്നാമതുള്ളതും ചെന്നൈ തന്നെയാണ്.

ഐ.പി.എല്‍ 2025ലെ ഏറ്റവും മോശം പവര്‍പ്ലേ സ്‌കോറുകള്‍

(സ്‌കോര്‍ – ടീം – എതിരാളികള്‍ – വേദി എന്നീ ക്രമത്തില്‍)

30/3 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ചെന്നൈ

31/2 – ചെന്നൈ സൂപ്പര്‍ കിങ്‌സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ചെന്നൈ*

33/3 – സണ്‍റൈസേഴ്‌സ് ഹൈരദാബാദ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – കൊല്‍ക്കത്ത

38/3 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഗുജറാത്ത് ടൈറ്റന്‍സ് – ബെംഗളൂരു

39/3 – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – പഞ്ചാബ് കിങ്‌സ് – ലഖ്‌നൗ

അതേസമയം, പവര്‍പ്ലേയ്ക്ക് ശേഷവും സൂപ്പര്‍ കിങ്‌സിന്റെ പതനം തുടരുകയാണ്. നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ 70ന് അഞ്ച് എന്ന നിലയിലാണ് സൂപ്പര്‍ കിങ്‌സ്. വിജയ് ശങ്കര്‍ (21 പന്തില്‍ 29), രാഹുല്‍ ത്രിപാഠി (22 പന്തില്‍ 16), ആര്‍. അശ്വിന്‍ ഏഴ് പന്തില്‍ ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.

 

Content Highlight: IPL 2025: CSK vs KKT: Chennai Super Kings has the 2 worst powerplay scores in this IPL