ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശം ഒരു പാര്‍ട്ടിക്കെതിരെയാണെന്നും ഒരു മതത്തിനെതിരെയും സംസാരിക്കുന്ന ആളല്ല അദ്ദേഹമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ആളുകളുടെ മനസിലേക്ക് നല്ലത് പോലെ കയറുന്ന പോലെയുള്ള അവതരണ രീതിയാണ് വെള്ളാപ്പള്ളിയുടേതെന്നും എന്നാല്‍ അദേഹം കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ആളുകള്‍ വക്രീകരിച്ച് മറ്റൊരു രീതിയിലേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായി വെള്ളാപ്പള്ളി 30വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിറ്റ് സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എല്ലാ കാലത്തും മതനിരപേക്ഷ ചിന്ത ഉയര്‍ത്തി പിടിക്കാന്‍ ശ്രമിച്ചിട്ടും അടുത്ത കാലത്ത് നിര്‍ഭാഗ്യകരമായ ഒരു സംഭവം ഉണ്ടായെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത്.
വെള്ളാപ്പള്ളിയെ അറിയുന്ന എല്ലാവര്‍ക്കും അറിയാം അദ്ദേഹം ഏതെങ്കിലും ഒരു മതവിഭാഗത്തിനെതിരെ നിലപാട് സ്വീകരിച്ച ആളല്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി എല്ലാ ഘട്ടത്തിലും വിവിധ മതവിഭാഗങ്ങളുമായി യോജിച്ച് പ്രവര്‍ത്തിച്ച് ആളാണ് അദ്ദേഹമെന്നും കൂട്ടിച്ചേര്‍ത്തു.
‘വെള്ളാപ്പള്ളിയുടെ നേതൃശേഷിയുടെ ഭംഗി എന്ന് പറയുന്നത് അദ്ദേഹത്തിന്റെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ശേഷിയാണ്. ആളുകളുടെ മനസിലേക്ക് നല്ലത് പോലെ കയറുന്നത് പോലെയുള്ള അവതരണ രീതിയാണ് അദ്ദേഹത്തിന്റേത്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ സരസ്വതി വിലാസം അദ്ദേഹത്തിന്റെ നാവിലുണ്ട്.
അതില്‍ അദ്ദേഹം എപ്പോഴും നല്ല കരുതല്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാലും ചില തെറ്റിദ്ധാരണകള്‍ പകരാനുള്ള അവസരം അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഭാഗമായി വന്നു. അതിന് നമ്മുടെ നാട് ഇന്ന് എങ്ങനെയാണെന്ന് തിരിച്ചറിയണം. അത്തരം കാര്യങ്ങളില്‍ അദ്ദേഹം കൂടുതല്‍ ജാഗ്രത പുലര്‍ത്താനുണ്ട് എന്നാണ് ഈ ഘട്ടത്തില്‍ പറയാനുള്ളത്,’ മുഖ്യമന്ത്രി പറഞ്ഞു.
അത് ഏന്തെങ്കിലും തെറ്റ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് കൊണ്ടല്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മറിച്ച് എന്തിനേയും വക്രീകരിക്കുന്ന നമ്മുടെ കാലത്തിന്റെ കുഴപ്പമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളാപ്പള്ളി തന്നെ പിന്നീട് ഒരു രാഷട്രീയ പ്രസ്ഥാനത്തിനോടാണ് അത് പറഞ്ഞതെന്ന കാര്യം പറയുകയുണ്ടായി. എന്നാല്‍ അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് പ്രത്യേക വിരോധം ഉള്ളത് കൊണ്ടല്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി നിലവിലുള്ള യഥാര്‍ത്ഥ്യം അതായത് കൊണ്ടാണ് അങ്ങനെ പറയേണ്ടി വന്നതെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ രാഷ്ട്രീയ പാര്‍ട്ടിയോട് പ്രത്യേക താത്പര്യമുള്ളവരാണ് അതിനെതിരെ രംഗത്ത് വന്നതെന്ന കാര്യം മനസില്‍ വെക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗത്തിന്റെ അമരക്കാരനായി കുമാരനാശാന്‍ പോലും 16 വര്‍ഷം മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളുവെന്നും എന്നാല്‍ വെള്ളാപ്പള്ളി മൂന്ന് ദശാബ്ദം ഈ പദവിയില്‍ ഇരുന്നു എന്നത് എപ്പോഴും ഓര്‍മ്മിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം നേതൃത്വം കൊടുത്ത പ്രവര്‍ത്തനങ്ങള്‍ പകരം വെക്കാനില്ലാത്തതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആത്മാഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാന്‍ വേണ്ട ധൈര്യവും ആര്‍ജവവും അംഗങ്ങള്‍ക്ക് പകര്‍ന്നുകൊടുത്ത നേതൃസ്ഥാനമാണ് വെള്ളാപ്പള്ളിയുടേത്. അതാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: Vellappally’s Malappuram remarks are against a party; he is not someone who speaks against a religion: Chief Minister Pinarayi Vijayan