Entertainment
കംപ്ലീറ്റ് പോസിറ്റീവ് വന്നിട്ടും വിജയ്‌യെ മറികടക്കാനായില്ല, ബോക്‌സ് ഓഫീസില്‍ ഇയാള്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 11, 04:04 pm
Friday, 11th April 2025, 9:34 pm

ആദ്യദിനം തന്നെ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് അജിത് നായകനായ ഗുഡ് ബാഡ് അഗ്ലി. അജിത്തിന്റെ കടുത്ത ആരാധകനായ ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജിത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള എല്ലാ ചേരുവയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആക്ഷന്‍ കോമഡി ഴോണറില്‍ ഒരുങ്ങിയ ചിത്രം ആദ്യദിനം മികച്ച കളക്ഷനാണ് സ്വന്തമാക്കിയത്.

30.9 കോടിയാണ് ഗുഡ് ബാഡ് അഗ്ലി തമിഴ്‌നാട്ടില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. അജിത്തിന്റെ കരിയറിലെ റെക്കോഡ് തമിഴ്‌നാട് ഫസ്റ്റ് ഡേ കളക്ഷനാണ് ഗുഡ് ബാഡ് അഗ്ലിയിലൂടെ പിറന്നത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ അജിത്തിന്റെ പ്രധാന എതിരാളിയായ വിജയ്‌യുടെ റെക്കോഡിനടുത്തെത്താന്‍ പോലും അജിത്തിന് സാധിച്ചിട്ടില്ല.

ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ കംപ്ലീറ്റ് നെഗറ്റീവ് റിവ്യൂ ലഭിച്ച ബീസ്റ്റാണ് ഇപ്പോഴും തമിഴ്‌നാട് ബോക്‌സ് ബോക്‌സ് ഓഫീസില്‍ ഏറ്റവുമുയുര്‍ന്ന ഫസ്റ്റ് ഡേ കളക്ഷന്‍. 35 കോടിയാണ് ചിത്രം ആദ്യദിനം സ്വന്തമാക്കിയത്. ലിസ്റ്റില്‍ ആദ്യ നാലും വിജയ് ചിത്രങ്ങള്‍ തന്നെയായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയാണ് രണ്ടാം സ്ഥാനത്ത്. 34 കോടിയാണ് ലിയോ ആദ്യദിനം സ്വന്തമാക്കിയത്.

എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്ത സര്‍ക്കാര്‍ (31.6 കോടി) മൂന്നാം സ്ഥാനത്തും, രാഷ്ട്രീയപ്രഖ്യാപനത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (30.8 കോടി) നാലാം സ്ഥാനത്തുമായിരുന്നു. ഈ നാലാം സ്ഥാനത്താണ് അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി ഇടംപിടിച്ചത്. ഇതോടെ തമിഴ്‌നാട് ബോക്‌സ് ഓഫീസിന്റെ രാജാവ് വിജയ് തന്നെയാണെന്ന് വീണ്ടും ഉറപ്പായിരിക്കുകയാണ്.

വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 52 കോടിയോളമാണ് ഗുഡ് ബാഡ് അഗ്ലി സ്വന്തമാക്കിയത്. അജിത്തിന്റെ കരിയറിലെ ആദ്യത്തെ 50 കോടി ഓപ്പണിങ്ങിനും ഗുഡ് ബാഡ് അഗ്ലി വഴിയൊരുക്കി. ക്ലാഷിന് മറ്റ് സിനിമകളില്ലാത്തതും മികച്ച പ്രതികരണവും ചിത്രത്തിന്റെ കളക്ഷന് സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്. എല്ലാം ഒത്തു വന്നാല്‍ കരിയറിലെ ആദ്യത്തെ 300 കോടി ഈ സിനിമയിലൂടെ അജിത് സ്വന്തമാക്കും.

അഞ്ചോളം ഗെറ്റപ്പിലാണ് അജിത് ഗുഡ് ബാഡ് അഗ്ലിയില്‍ പ്രത്യക്ഷപ്പെട്ടത്. പഴയ സിനിമകളുടെ റഫറന്‍സ് ഡയലോഗുകളും സീനുകളുമായി വിഷ്വല്‍ ട്രീറ്റ് തന്നെയാണ് ആദിക് രവിചന്ദ്രന്‍ ഗുഡ് ബാഡ് അഗ്ലിയില്‍ ഒരുക്കിവെച്ചത്. തൃഷയാണ് ചിത്രത്തിലെ നായിക. അര്‍ജുന്‍ ദാസാണ് വില്ലനായി വേഷമിടുന്നത്. സുനില്‍, പ്രസന്ന, കാര്‍ത്തികേയ ദേവ്, പ്രിയ വാര്യര്‍, ഷൈന്‍ ടോം ചാക്കോ, പ്രഭു തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

Content Highlight: Ajith’s Good Bad Ugly collected 30.6 crores from Tamilnadu on First day