ഹരിഹരന്‍ മലയാളികള്‍ക്ക് സമ്മാനിച്ച മികച്ച നടന്മാരില്‍ ഒരാളാണ് വിനീത്. നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ വിനീത് ഒരുകാലത്ത് മലയാളത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നായകനായി തിളങ്ങാന്‍ വിനീതിന് സാധിച്ചു. നടന്‍ എന്നതിലുപരി മികച്ച ഡാന്‍സര്‍ എന്ന നിലയിലും വിനീത് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
എം.ടി- ഹരിഹരന്‍ കൂട്ടുകെട്ടില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമായിരുന്നു അമൃതം ഗമയ. കോളേജ് റാഗിങ് പ്രധാന പ്രമേയമായെത്തിയ ചിത്രം 36 വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ചിത്രത്തില്‍ വിനീതും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അമൃതം ഗമയയുടെ ഓര്‍മകള്‍ പങ്കുവെക്കുയാണ് വിനീത്.
ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെ റാഗ് ചെയ്യുന്ന രംഗം ഒറ്റ രാത്രികൊണ്ടാണ് ഷൂട്ട് ചെയ്തതെന്ന് വിനീത് പറഞ്ഞു. ചെന്നൈയിലെ വൈ.എം.സി.എ കോളേജിലായിരുന്നു ഷൂട്ടെന്നും ഹരിഹരന്‍ ആ സീന്‍ വളരെ മനോഹരമായാണ് ഷൂട്ട് ചെയ്തതെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന് ആ സിനിമയില്‍ മൂന്ന് ഗെറ്റപ്പുണ്ടായിരുന്നെന്നും വിനീത് പറഞ്ഞു.
കോളേജ് വിദ്യാര്‍ത്ഥിയായി അഭിനയിക്കാന്‍ മോഹന്‍ലാല്‍ ഫിസിക്കലി ഒരുപാട് തയാറെടുപ്പുകള്‍ നടത്തിയിരുന്നെന്ന് വിനീത് പറയുന്നു. മൂന്ന് കാലഘട്ടത്തിലും തന്റെ കഥാപാത്രത്തിന്റെ മാറ്റം അറിയിക്കാന്‍ മോഹന്‍ലാല്‍ ശരീരഭാരം കുറച്ചിരുന്നെന്ന് വിനീത് പറഞ്ഞു. ജിമ്മിലൊക്കെ പോയി വെയിറ്റ് കുറച്ചിട്ടാണ് മോഹന്‍ലാല്‍ കോളേജ് വിദ്യാര്‍ത്ഥിയായി അഭിനയിച്ചതെന്നും ആ സിനിമ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു വിനീത്.
‘അമൃതം ഗമയ എന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ്. ഹരന്‍ സാര്‍ ഡയറക്ഷനും എം.ടി സാര്‍ സ്‌ക്രിപ്റ്റും. എനിക്ക് ഇന്നും ഓര്‍മയുള്ളത് ആ സിനിമയിലെ റാഗിങ് സീനിന്റെ ഷൂട്ടാണ്. ഒറ്റ രാത്രി കൊണ്ടാണ് ആ സീന്‍ ഹരന്‍ സാര്‍ എടുത്തത്. ചെന്നൈയിലെ വൈ.എം.സി.എ കോളേജിലായിരുന്നു ഷൂട്ട്. അദ്ദേഹം ആ സീന്‍ വളരെ മനോഹരമായിട്ടാണ് എടുത്തത്.
കോളേജ് സ്റ്റുഡന്റാകാന്‍ വേണ്ടി ലാലേട്ടന്‍ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയിട്ടുണ്ട്. മൂന്ന് ഗെറ്റപ്പാണ് ആ സിനിമയില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കോളേജ് സ്റ്റുഡന്റായിട്ട്, അത് കഴിഞ്ഞിട്ടുള്ള ഗെറ്റപ്പ്, അവസാനം കുറച്ച് ഏജ്ഡ് ആയിട്ടുള്ള ഗെറ്റപ്പ്. അതില്‍ കോളേജ് സ്റ്റുഡന്റിന്റെ സീന്‍ എടുക്കുന്നതിന് മുമ്പ് പുള്ളി ജിമ്മിലൊക്കെ പോയിട്ട് വെയിറ്റ് കുറച്ചിരുന്നു. ആ സിനിമ ഇന്നും ഡിസ്‌കസ് ചെയ്യപ്പെടുന്നുണ്ട്,’ വിനീത് പറഞ്ഞു.
Content Highlight: Vineeth shares the shooting experience with Mohanlal in Amrutham Gamaya movie