വേനൽമഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യത: മുന്നറിയിപ്പ് നൽകി നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: വേനൽ മഴയ്ക്കൊപ്പം സംസ്ഥാനത്തെ ഏതാനും ജില്ലകളിൽ അതിശക്തമായ ഇടിമിന്നലും കാറ്റുമുണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ വേനൽ മഴയോടൊപ്പം ഉച്ചയ്ക്ക് രണ്ടു മണി മുതൽ ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയും ഉണ്ട്. ഇക്കാരണം കൊണ്ട് ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നുണ്ട്.
ഉച്ചസമയത്ത് രണ്ടു മണി മുതൽ തുറസായ സ്ഥലത്ത് കളിക്കുന്നതിൽനിന്നും രക്ഷിതാക്കൾ കുട്ടികളെ വിലക്കണമെന്നും കാലാവാസ്ഥാ വകുപ്പ് പറഞ്ഞു. രാത്രി സമയത്ത് വൈദ്യുത ഉപകരണങ്ങളുടെ കേബിൾ ഊരിയിടാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മഴ പെയ്യാൻ തുടങ്ങുകയാണെന്ന് കണ്ടാൽ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ മുറ്റത്തേക്കോ ടെറസിലേക്കോ പോകുന്നത് ഒഴിവാക്കണം.
മഴക്കാർ കണ്ടു വളർത്തു മൃഗങ്ങളെ മാറ്റി കെട്ടാനും ടെറസിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാനും പോയ വീട്ടമ്മമാരിൽ കൂടുതലായി ഇടിമിന്നൽ ഏറ്റിട്ടുണ്ട്. ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന വീട്ടമ്മമാർ പ്രത്യേകമായി ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.