ആയുധമുണ്ടാക്കാന്‍ ആരുടെയും അനുമതിക്ക് കാത്തുനില്‍ക്കില്ല: ഇറാന്‍
world
ആയുധമുണ്ടാക്കാന്‍ ആരുടെയും അനുമതിക്ക് കാത്തുനില്‍ക്കില്ല: ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th April 2018, 6:21 pm

തെഹ്‌റാന്‍: ആയുധം ഉണ്ടാക്കാന്‍ ആരുടെയും അനുമതിക്ക് കാത്ത് നില്‍ക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. വിദേശ ഭീഷണിക്കെതിരായ പ്രതിരോധം ശക്തമായ സൈന്യമാണെന്നും റൂഹാനി പറഞ്ഞു. ഇറാന്‍ ആര്‍മി ഡേയില്‍ സംസാരിക്കവെയാണ് റൂഹാനിയുടെ പ്രസ്താവന.

“ഏതെങ്കിലും തരത്തിലുള്ള ആയുധം ആവശ്യമായി വന്നാല്‍ ഞങ്ങള്‍ അത് വികസിപ്പിക്കും. ലോകരാജ്യങ്ങളുടെ അനുമതിക്കായി കാത്തുനില്‍ക്കില്ല.” റൂഹാനി പറഞ്ഞതായി ഇറാനിലെ മെഹ്ര്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ മിസൈല്‍ പദ്ധതിക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ മിസൈല്‍ പദ്ധതിയില്‍ ചര്‍ച്ചയില്ലെന്നും പ്രതിരോധ ആവശ്യത്തിന് വേണ്ടിയാണ് അല്ലാതെ ആണവ ആയുധം ഉപയോഗിക്കുന്നതിന് വേണ്ടിയല്ലെന്നുമാണ് ഇറാന്റെ നിലപാട്.


Read more: ഡോക്ടര്‍ കഫീല്‍ ഖാന് ചികിത്സ നിഷേധിച്ച് ജയിലധികൃതര്‍; ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ മാധ്യമങ്ങള്‍ക്കുമുന്നില്‍


പശ്ചിമേഷ്യയെ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി ആയുധങ്ങള്‍ കൊണ്ട് നിറയ്ക്കുകയാണ് പശ്ചാത്യ രാജ്യങ്ങളെന്നും റൂഹാനി കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങള്‍ക്കുള്ള മാര്‍ഗം സമാധാന ചര്‍ച്ചകളാണെന്നും റൂഹാനി പറഞ്ഞു.

അതേ സമയം യെമനില്‍ സൗദിക്കെതിരായി ഹൂതികള്‍ക്ക് ആയുധം നല്‍കുന്നുവെന്ന സൗദിയുടെ ആരോപണം ഇറാനെതിരെ നിലനില്‍ക്കുന്നുണ്ട്. റിയാദ് ലക്ഷ്യമാക്കി യെമനില്‍ നിന്ന് വന്ന മിസൈല്‍ ഇറാന്‍ നിര്‍മ്മിതമാണെന്ന് സൗദി ആരോപിച്ചിരുന്നു.