Kerala News
സ്ത്രീക്കും പുരുഷനും തുല്യനീതി വേണം; പി.എം.എ സലാമിനെ തള്ളി എം.എസ്.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 29, 08:15 am
Wednesday, 29th January 2025, 1:45 pm

കോഴിക്കോട്: സ്ത്രിയും പുരുഷനും തുല്യരല്ലെന്ന മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ നിലപാടിനെ തള്ളി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. സ്ത്രീക്കും പുരുഷനും തുല്യ നീതി ലഭിക്കേണ്ടതുണ്ടെന്നും ക്യാമ്പസുകളില്‍ എം.എസ്.എഫ് ആ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പി.കെ. നവാസ് പറഞ്ഞു.

പി.എം.എ സലാം പറഞ്ഞതില്‍ വിശദീകരരണം നല്‍കേണ്ടത് മുസ്‌ലിം ലീഗ് പാര്‍ട്ടിയാണെന്ന് പി.എം.എ സലാമിന്റെ മേല്‍പറഞ്ഞ നിലപാടിനോട് യോജിക്കുന്നില്ലെന്നും പി.കെ. നവാസ് പറഞ്ഞു. ക്യാമ്പസുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഇരിപ്പിടങ്ങളാണെന്ന പി.എം.എ സലാമിന്റെ വാദത്തെയും പി.കെ. നവാസ് എതിര്‍ത്തു.

ക്യാമ്പസുകളില്‍ തങ്ങള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചാണ് ഇരിക്കുന്നതും പ്രവര്‍ത്തിക്കുന്നതെന്നും പി.കെ. നവാസ് പറഞ്ഞു. തങ്ങളുടെ സംഘടനയുടെ സംസ്ഥാന കമ്മിറ്റിയിലടക്കം ഇപ്പോള്‍ പെണ്‍കുട്ടികളുണ്ടെന്നും ആ രീതിയിലാണ് തങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും പി.കെ. നവാസ് പറഞ്ഞു.

മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പി.എം.എ. സലാമെടുത്ത തീരുമാനം പാര്‍ട്ടി തീരുമാനമാണെന്നും എന്നാല്‍ സ്ത്രീക്കും പുരുഷനും തുല്യ നീതി ലഭിക്കണമെന്നാണ് ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാടെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. ഇത് സംബന്ധിച്ച പാര്‍ട്ടി നിലപാട് പാര്‍ട്ടി നേതാക്കള്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.

PMA SALAM

മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം

സ്ത്രീയും പുരുഷനും എല്ലാ നിലയിലും തുല്യരാണെന്ന് പറയാന്‍ കഴിയില്ലെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഇന്ന് രാവിലെ പറഞ്ഞത്. സ്ത്രീയും പുരുഷനും തുല്യരാണെന്ന് ലോകം അംഗീകരിച്ചിട്ടില്ലെന്നും ഒളിമ്പികിസില്‍ ഉള്‍പ്പടെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ മത്സരങ്ങളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീയും പുരഷനും തുല്യരാണെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെയാണ് ഇപ്പോള്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് തള്ളിപ്പറഞ്ഞിരിക്കുന്നത്.

CONTENT HIGHLIGHTS: We want equal justice for men and women; MSF rejected PMA Salam