ബാബ്‌രി തകര്‍ത്ത തെമ്മാടിക്കൂട്ടത്തെ ആഘോഷിച്ചവരാണ് സമാധാനപരമായ പ്രതിഷേധത്തെക്കുറിച്ച് രാജ്യത്ത് പ്രഭാഷണം നടത്തുന്നത്; കര്‍ഷകര്‍ക്കെതിരെ നടത്തുന്ന പ്രചരണങ്ങളെ വിമര്‍ശിച്ച് സിദ്ധാര്‍ഥ്
farmers protest
ബാബ്‌രി തകര്‍ത്ത തെമ്മാടിക്കൂട്ടത്തെ ആഘോഷിച്ചവരാണ് സമാധാനപരമായ പ്രതിഷേധത്തെക്കുറിച്ച് രാജ്യത്ത് പ്രഭാഷണം നടത്തുന്നത്; കര്‍ഷകര്‍ക്കെതിരെ നടത്തുന്ന പ്രചരണങ്ങളെ വിമര്‍ശിച്ച് സിദ്ധാര്‍ഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th January 2021, 12:11 pm

ചെന്നൈ: കര്‍ഷക പ്രതിഷേധത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ നടന്‍ സിദ്ധാര്‍ഥ്. ബാബ്‌രി മസ്ജിദ് തകര്‍ത്ത കുറ്റകൃത്യത്തിന്റെ വക്താക്കള്‍ സമാധാനപരമായ പ്രതിഷേധത്തെക്കുറിച്ച് സംസാരിക്കുന്നത് എന്തൊരു വൈരുദ്ധ്യമാണെന്ന് അദ്ദേഹം ചോദിച്ചു.

”ഒരു കെട്ടിടം തകര്‍ത്ത് താറുമാറാക്കിയ വിഡ്ഢികളായ തെമ്മാടിക്കൂട്ടത്തെ നമ്മള്‍ സ്‌നേഹിക്കുകയും ആഘോഷിക്കുകയും നീതിന്യായപരമായി കുറ്റവിമുക്തരാക്കുകയും ചെയ്തു. ആ ക്രൂരമായ കുറ്റകൃത്യത്തിന്റെ വക്താക്കളാണ് ഇന്ന് സമാധാനപരമായ പ്രതിഷേധത്തെക്കുറിച്ച് രാജ്യത്ത് പ്രഭാഷണം നടത്തുന്നുന്നത്. മലക്കം മറിച്ചിലാണ് വിരോധാഭാസം. വിയോജിപ്പ് ദേശസ്‌നേഹമാണ്.
ജയ്ശ്രീറാം” അദ്ദേഹം പ്രതികരിച്ചു.

അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ ആക്രമണങ്ങളില്‍ ദല്‍ഹി പൊലീസ് ചുമത്തിയത് 15 എഫ്.ഐ.ആര്‍ ആണ്.

കര്‍ഷകരില്‍ ചിലര്‍ പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്തുവെന്നും രാജ്യതലസ്ഥാനത്തേക്ക് അനുമതിയില്ലാതെ പ്രവേശിച്ചുവെന്നും ആരോപിച്ചാണ് പൊലീസ് എഫ്.ഐ.ആര്‍ ചുമത്തിയത്. കര്‍ഷകര്‍ക്ക് റാലി നടത്താന്‍ പൊലീസ് അനുവദിച്ച പാത തെറ്റിച്ച് ഒരു വിഭാഗം കര്‍ഷകര്‍ പോയെന്നും അതുകൊണ്ടാണ് എ.എഫ്.ആര്‍ ചുമത്തിയതെന്നും ദല്‍ഹി പൊലീസ് പറയുന്നു.

റാലിക്കിടെ കര്‍ഷകരും പൊലീസും തമ്മില്‍ വലിയ സംഘര്‍ഷം ഉണ്ടായിരുന്നു. അതേസമയം, കര്‍ഷകരും പൊലീസും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ ഒരാള്‍ മരിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് സ്വദേശിയാണ് മരിച്ചത്. പൊലീസ് വെടിവെയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചത് എന്നാണ് പൊലീസ് വാദം.

ദല്‍ഹിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചിരുന്നു.

പുറത്തുനിന്നും വന്നവരാണ് ഇവരെന്നും സംയുക്ത സമിതി അറിയിച്ചു. നഗരഹൃദയത്തില്‍ എത്തിയത് സംയുക്ത സമിതിയിലുള്ളവരല്ല. എന്നാല്‍ പൊലീസ് മര്‍ദ്ദനം അംഗീകരിക്കാനാവില്ലെന്നും സമരസമിതി പറഞ്ഞു.

ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് പിന്നില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവും കേന്ദ്രസര്‍ക്കാരുമാണെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. കര്‍ഷക സമരത്തെ അട്ടിമറിക്കാനും അപകീര്‍ത്തിപ്പെടുത്താനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് ദീപ് സിദ്ദു ചെങ്കോട്ടയിലേക്ക് ഒരു കൂട്ടം ആള്‍ക്കാരെ നയിച്ചതും പതാക ഉയര്‍ത്തിയതെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

ദീപ് സിദ്ദു കേന്ദ്രസര്‍ക്കാരിന്റെ ഏജന്റാണെന്നാണ് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ഗുര്‍നം സിംഗ് ചാരുണി പറഞ്ഞത്. കര്‍ഷക പ്രതിഷേധം മതപരമല്ലെന്നും തുടര്‍ന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദീപ് സിദ്ദുവിനെ വളരെയേറെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: We loved, celebrated, and judicially exonerated the morons who broke a building as vandals; Actor Siddharth Against BJP