'ഞങ്ങള്‍ ആര്‍.എസ്.എസാണ്, ഈ രാജ്യത്തെ പ്രധാനമന്ത്രി വരെ ആര്‍.എസ്.എസാണ്'; സഭയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിത്തെറിച്ച് യെദിയൂരപ്പ
national news
'ഞങ്ങള്‍ ആര്‍.എസ്.എസാണ്, ഈ രാജ്യത്തെ പ്രധാനമന്ത്രി വരെ ആര്‍.എസ്.എസാണ്'; സഭയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിത്തെറിച്ച് യെദിയൂരപ്പ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th March 2021, 9:53 am

ബെംഗളൂരു: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ വിഷയത്തില്‍ കര്‍ണാടക നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ സംഘര്‍ഷം. തെരഞ്ഞെടുപ്പിന്റെ തീം ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ’് എന്നതാക്കുന്നത് ആര്‍.എസ്.എസിന്റെ അജണ്ടയാണെന്ന് പ്രതിപക്ഷം ഉന്നയിച്ചതിന് പിന്നാലെയാണ് സഭയില്‍ വാക്കേറ്റം ഉണ്ടായത്.

ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നത് എന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ സ്പീക്കര്‍ വിശ്വേശര്‍ ഹെഗ്ഡ കഗേരി നിങ്ങള്‍ എന്തിനാണ് ആര്‍.എസ്.എസിനെ ഇവിടെ വലിച്ചിഴയ്ക്കുന്നത് എന്ന് ചോദിക്കുകയായിരുന്നു.

ഇതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട മുഖ്യമന്ത്രി യെദിയൂരപ്പ പ്രതിപക്ഷത്തോട് ”എന്ത് ആര്‍.എസ്.എസ് അജണ്ടയെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്? ഈ രാജ്യത്തെ പ്രധാനമന്ത്രി വരെ ആര്‍.എസ്.എസ് ആണ്” എന്ന് കോണ്‍ഗ്രസ് അംഗങ്ങളോട് യെദിയൂരപ്പ പറഞ്ഞു.

കോണ്‍ഗ്രസ് അംഗങ്ങളോട് ആര്‍.എസ്.എസിന് ഈ രാജ്യം മുഴുവന്‍ വേരുകളുണ്ടെന്നും, തങ്ങള്‍ ആര്‍.എസ്.എസ് ആണ്. അതില്‍ അഭിമാനിക്കുന്നവരുമാണെന്നും യെദിയൂരപ്പ പറഞ്ഞു. 55 അംഗങ്ങള്‍ ഉള്ളതുകൊണ്ട് മാത്രമാണ് നിങ്ങള്‍ക്ക് സഭയില്‍ ഒച്ചവെക്കേണ്ടി വരുന്നതെന്നും പ്രതിപക്ഷത്തോട് യെദിയൂരപ്പ പറഞ്ഞു.

അതിനിടെ സംസാരിക്കാന്‍ അവസരം നിഷേധിച്ചുവെന്ന് പറഞ്ഞ് ജെ.ഡി.എസ് എം.എല്‍.എമാര്‍ സഭയില്‍ നിന്നിറങ്ങിപ്പോയി. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന രീതി നടപ്പിലാക്കിയാല്‍ ചിലവ് ലാഭിക്കാമെന്ന് കഴിഞ്ഞ ദിവസം സഭയില്‍ സ്പീക്കര്‍ പറഞ്ഞിരുന്നു.

ഇതിനിടെ കര്‍ണാടക നിയമസഭയില്‍ ഷര്‍ട്ടൂരി പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് എം.എല്‍.എയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മാര്‍ച്ച് 12 വരെയാണ് കോണ്‍ഗ്രസ് എം.എല്‍.എയായ സംഗമേഷിനെ സസ്‌പെന്‍ഡ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: “We Are RSS, Even PM Is From RSS”: BS Yediyurappa’s Outburst In Assembly