കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന വാദം; അമിത്ഷാക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്
Wayanad landslide
കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന വാദം; അമിത്ഷാക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd August 2024, 10:11 pm

ന്യൂദല്‍ഹി: ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ തുടര്‍ച്ചയായുള്ള അവകാശവാദങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്. അമിത്ഷാക്കെതിരെ കോണ്‍ഗ്രസ് രാജ്യസഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശാണ് നോട്ടീസ് നല്‍കിയത്. അമിത്ഷാ സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയത്.

‘കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന വാദം തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇത് സഭയെ തെറ്റിദ്ധരിപ്പിക്കലാണ്. ഒരു മന്ത്രിയോ സഭാഗംമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് സഭയെ അവഹേളിക്കുന്നതും പദവിയുടെ ലംഘനവുമാണ്. അമിത്ഷായുടെ പ്രവര്‍ത്തിയിലൂടെ ഇത് തെളിയിക്കപ്പെട്ടിരിക്കുന്നു’, ജയ്‌റാം രമേശ് നല്‍കിയ നോട്ടീസില്‍ പറയുന്നു.

ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് കേന്ദ്രം ജൂലൈ 23ന് തന്നെ കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നത്. ഏഴ് ദിവസം മുമ്പ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടും കേരളം ദുരന്തമേഖലയില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ അമിത്ഷായുടെ അവകാശവാദങ്ങള്‍ക്ക് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. കേന്ദ്രം നല്‍കിയ മുന്നറിയിപ്പുകളില്‍ ഒന്നും റെഡ് അലേര്‍ട് ഉണ്ടായിരുന്നില്ലെന്നും ദുരന്തം സംഭവിച്ചതിന് ശേഷമാണ് കേന്ദ്രം റെഡ് അലേര്‍ട് നല്‍കിയത് എന്നുമായിരുന്നു രേഖകള്‍ ഉയര്‍ത്തിയുള്ള മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 344 പേരാണ് മരണപ്പെട്ടത്. 200ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്ന് 14 മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. 210 പേരുടെ പോസ്റ്റുമോര്‍ട്ടം ഇതുവരെ പൂര്‍ത്തിയായി. 146 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.

content highlights: Wayanad Landslide; Allegation that Kerala was warned; Congress issued notice for violation of rights against Amit Shah