കല്‍പ്പറ്റ: വയനാട് ഡി.സി.സി ട്രഷറായിരുന്ന എന്‍.എന്‍ വിജയന്റെയും മകന്റെയും മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ.എം. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കിലെ നിയമന തട്ടിപ്പാണ് ഡി.സി.സി ട്രഷറുടെ ആത്മഹത്യക്ക് കാരണമായതെന്ന് സി.പി.ഐ.എം ആരോപിച്ചു.
ബാങ്കില്‍ നിന്ന് പണം തട്ടിയവര്‍ എന്‍.എന്‍. വിജയനെ ബലിയാടാക്കിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആത്മഹത്യ കുറിപ്പ് മാറ്റിയെന്നും ആരോപണമുണ്ട്. വയനാട്ടിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്നു എന്‍.എന്‍. വിജയന്‍.
വിജയന്റെ മരണത്തില്‍ സി.പി.ഐ.എം ബത്തേരി ഏരിയ കമ്മിറ്റിയാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവും മകനും ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നാലെ നാലഞ്ച് പാര്‍ട്ടി നേതാക്കളാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയതെന്നും സ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് മാറ്റിയെന്നും സി.പി.ഐ.എം ആരോപിച്ചു.
സംഭവത്തിലെ ദുരൂഹത തെളിയണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു. വിഷയം കെ.പി.സി.സി അന്വേഷിക്കുമെന്നും കുറ്റക്കാരുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസും അറിയിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിരുന്നില്ല.
സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നഗരസഭ കൗണ്‍സിലര്‍ എന്നീ നിലകളില്‍ എന്‍.എന്‍. വിജയന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക അവശതകള്‍ മൂലം കിടപ്പിലായിരുന്നു.