വയനാട്ടിലെ സ്‌കൂളുകള്‍ അടിയന്തിരമായി വൃത്തിയാക്കാന്‍ നിര്‍ദേശം; ആശുപത്രികള്‍ക്ക് പരിശീലനം നല്‍കണം; വിദ്യാര്‍ത്ഥി പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ കര്‍ശന നടപടികള്‍
ബത്തേരി: പാമ്പുകടിയേറ്റു വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ വയനാട്ടിലെ സ്‌കൂളുകളില്‍ കര്‍ശന നടപടികളുമായി പൊതു വിദ്യാഭ്യാസ ഉപഡയറക്ടറും വയനാട് ജില്ലാ കലക്ടറും.
ജില്ലാ കലക്ടര്‍, പൊലീസ് മേധാവി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നിവര്‍ അന്വേഷണം നടത്തണമെന്നും 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ബാലവാകശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
ഇന്നുതന്നെ എല്ലാ സ്‌കൂളുകളിലും ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തണമെന്നാണ് പൊതു വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിര്‍ദേശം.
സ്‌കൂളും പരിസരവും വൃത്തിയാക്കുക, ശുചിമുറിയിലേക്ക് പോകുന്ന വഴി, ശുചിമുറി, കളിസ്ഥലം തുടങ്ങിയ ഇടങ്ങളില്‍ പാമ്പോ ഏതെങ്കിലും തരത്തിലുള്ള ഇഴ ജന്തുക്കളോ ഉണ്ടെങ്കില്‍ അവയെ തുരത്താനുമുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും പൊതു വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.
പ്രധാനാധ്യാപകന്റെ നേതൃത്വത്തിലാവണം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്നും പ്രധാനാധ്യാപകന്റെ നിര്‍ദേശം സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
എല്ലാ മാസവും ഇത്തരത്തില്‍ സ്‌കൂളും പരിസരവും പരിശോധിക്കണമെന്നും അതിന്റെ റിപ്പോര്‍ട്ട് ഉപഡയറക്ടര്‍ക്ക് സമര്‍പ്പിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.
വയനാട്ടിലെ സ്‌കൂളുകളിലെ സുരക്ഷ നേരിട്ട് പരിശോധിക്കണമെന്നാണ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കലക്ടര്‍ നല്‍കിയ നിര്‍ദേശം.
എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരും അതത് പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകളില്‍ പോയി പരിശോധനയ്ക്ക് നേതൃത്വം നല്‍കണമെന്നാണ് കലക്ടറുടെ ഉത്തരവില്‍ പറയുന്നത്.
പാമ്പുകടിയേറ്റാല്‍ പ്രാഥമികമായി എന്തു ചെയ്യണമെന്ന് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കണമെന്നും കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
പരിശീലനത്തിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആയിരിക്കണം നേതൃത്വം നല്‍കേണ്ടത്. എന്നാല്‍ പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷെഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും ക്ലാസ് മുറികള്‍ വേണ്ടവിധത്തില്‍ പരിപാലിക്കാത്തതുമാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണമായതെന്ന് സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.