അവരെ നേരിടുന്നത് രോഹിത്തിന് വളരെ എളുപ്പമല്ലേ, അതുകൊണ്ട് ഓപ്പണിങ്ങില്‍ ഇറങ്ങരുത്; നിര്‍ണായക നിര്‍ദേശവുമായി ഡൊമസ്റ്റിക് ലെജന്‍ഡ്
T20 world cup
അവരെ നേരിടുന്നത് രോഹിത്തിന് വളരെ എളുപ്പമല്ലേ, അതുകൊണ്ട് ഓപ്പണിങ്ങില്‍ ഇറങ്ങരുത്; നിര്‍ണായക നിര്‍ദേശവുമായി ഡൊമസ്റ്റിക് ലെജന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 29th May 2024, 8:29 pm

 

ഏറെ പ്രതീക്ഷകളോടെയാണ് ഇന്ത്യ 2024 ടി-20 ലോകകപ്പിനിറങ്ങുന്നത്. 2013ന് ശേഷം ഇതുവരെ ഒറ്റ ഐ.സി.സി കിരീടം പോലും നേടാന്‍ സാധിക്കാത്തതിന്റെ അപമാന ഭാരം കൂടി ഇറക്കിവെക്കാന്‍ ഉറച്ചാണ് ഇന്ത്യ വിന്‍ഡീസിലേക്ക് പറക്കുന്നത്.

രോഹിത് ശര്‍മയെ നായകനാക്കിയും ഹര്‍ദിക് പാണ്ഡ്യയെ ഹിറ്റ്മാന്റെ ഡെപ്യൂട്ടിയുമായി ചുമതലപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്.

ലോകകപ്പില്‍ നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് പൊസിഷനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസവുമായ വസീം ജാഫര്‍. രോഹിത് ഓപ്പണിങ്ങില്‍ ഇറങ്ങരുതെന്നാണ് വസീം ജാഫര്‍ പറയുന്നത്.

രോഹിത് ശര്‍മക്ക് പകരം വിരാട് കോഹ്‌ലി യശസ്വി ജെയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ആരംഭിക്കണമെന്നാണ് വസീം ജാഫര്‍ പറയുന്നത്. ടീമിന് ലഭിക്കുന്ന തുടക്കമനുസരിച്ച് രോഹിത് മൂന്നാം നമ്പറിലോ നാലാം നമ്പറിലോ കളത്തിലിറങ്ങണമെന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്.

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വസീം ജാഫര്‍ ഇക്കാര്യം പറയുന്നത്.

‘എന്റെ അഭിപ്രായത്തില്‍ വിരാട് കോഹ്‌ലിയും യശസ്വി ജെയ്‌സ്വാളും ലോകകപ്പില്‍ ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണം. നമുക്ക് ലഭിക്കുന്ന തുടക്കമനുസരിച്ച് രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും മൂന്നാം നമ്പറിലും നാലാം നമ്പറിലും കളിക്കണം.

സ്പിന്‍ ബൗളേഴ്‌സിനെതിരെ വളരെ മികച്ച രീതിയിലാണ് രോഹിത് ശര്‍മ ബാറ്റ് ചെയ്യുന്നത്. ഇക്കാരണത്താല്‍ തന്നെ രോഹിത് ശര്‍മക്ക് നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല,’ വസീം ജാഫര്‍ എക്‌സില്‍ കുറിച്ചു.

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ട്രാവലിങ് റിസര്‍വ് താരങ്ങള്‍

ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

ലോകകപ്പില്‍ അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ അഞ്ചിന് നടക്കുന്ന മത്സരത്തിന് ഈസ്റ്റ് മെഡോയാണ് വേദിയാകുന്നത്.

ലോകകപ്പിലെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ജൂണ്‍ 05 – vs അയര്‍ലന്‍ഡ് – ഈസ്റ്റ് മെഡോ

ജൂണ്‍ 09 – vs പാകിസ്ഥാന്‍ – ഈസ്റ്റ് മെഡോ

ജൂണ്‍ 12 – vs യു.എസ്.എ – ഈസ്റ്റ് മെഡോ

ജൂണ്‍ 15 vs കാനഡ – സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്

 

Content highlight: Wasim Jaffer says Rohit Sharma should bat in 3rd or 4th position