മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെയും പാകിസ്ഥാന്റെ നിലവിലെ ക്യാപ്റ്റനുമായ ബാബര്‍ അസമിനെയും താരതമ്യപ്പെടുത്തുന്നത് ക്രിക്കറ്റ് ലോകത്ത് സജീവമാണ്. ഇവരില്‍ ആരാണ് മികച്ചത് എന്നത് ക്രിക്കറ്റ് ലോകത്തില്‍ ചര്‍ച്ചാ വിഷയമാണ്.
വിരാടാണ് മികച്ചതെന്ന് വിശ്വസിക്കുന്നവരും ബാബറാണ് മികച്ചതെന്ന് വിശ്വസിക്കുന്നവരും ഒരുപാടുണ്ട്. വിരാട് തന്റെ ഏറ്റവും മോശം കാലഘത്തട്ടിലൂടെ കടന്നുപോകുമ്പോള്‍ ബാബര്‍ അദ്ദേഹത്തിന്റെ പീക്ക് ടൈമിലാണ്.
എന്നാല്‍ പാകിസ്ഥാന്‍ ഇതിഹാസ താരമായ വസീം അക്രത്തിന്റെ അഭിപ്രായത്തില്‍ വിരാടാണ് ബാബറിനേക്കാള്‍ മികച്ചത്.
‘വിരാട് കോഹ്‌ലിയും ബാബര്‍ അസമും തമ്മിലുള്ള താരതമ്യം സ്വാഭാവികമാണ്. ഇരുവരും ഓരോ കാലഘട്ടത്തിലെ ഹീറോകള്‍ തന്നെയാണ്. ബാറ്റിങ് ടെക്‌നിക്കും ഷോട്ട് സെലക്ഷനും, സെഞ്ച്വറി നേടാനുള്ള മികവുമെല്ലാം ഇരുവര്‍ക്കും ഒരുപോലെയുണ്ട്. എന്നാല്‍ കോഹ്ലി വളരെ മുമ്പിലാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ അക്രം പറഞ്ഞു.
കഴിഞ്ഞ കുറച്ചുകാലമായി വിരാടിന് അദ്ദേഹത്തിന്റെ സ്റ്റാന്‍ഡേര്‍ഡിനൊത്ത പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. ഇന്ത്യ കണ്ടതില്‍ വെച്ച ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് വിരാട്. 2019ല്‍ ബംഗ്ലദേശിനെതിരെ നേടിയ സെഞ്ച്വറിക്ക് ശേഷം അദ്ദേഹത്തിന് അന്താരാഷ്ട്ര തലത്തില്‍ ഒരു സെഞ്ച്വറി പോലും നേടാന്‍ സാധിച്ചിട്ടില്ല. അത്തരത്തിലുള്ള വലിയ പരീക്ഷണ ഘട്ടത്തിലൂടെയാണ് കോഹ്‌ലി നിലവില്‍ കടന്നു പോവുന്നത്.
നിലവില്‍ മികച്ച ബാറ്റിങ്ങാണ് ബാബര്‍ പുറത്തെടുക്കുന്നത്. ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി-20യിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബാബര്‍ മൂന്ന് ഫോര്‍മാറ്റിലും ആദ്യ മൂന്ന് റാങ്കിങ്ങില്‍ ഇടം നേടിയിട്ടുണ്ട്.
ഓഗസ്റ്റ് 27് ആരംഭിക്കുന്ന ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ഒരുപാട് നാളത്തെ വിശ്രമത്തിന് ശേഷമാണ് വിരാട് ടീമിലേക്ക് മടങ്ങിയെത്തുന്നത്. ഓഗസ്റ്റ് 27നാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 28നാണ് ഇന്ത്യ പാകിസ്താന്‍ മത്സരം അരങ്ങേറുന്നത്.