'മാര്‍പാപ്പയ്ക്ക് സ്ത്രീകളുടെ കാല്‍ കഴുകാമെങ്കില്‍ കര്‍ദിനാളിനായിക്കൂടെ?'; സ്ത്രീകളുടെ കാല്‍ കഴുകേണ്ടെന്ന കര്‍ദിനാളിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് വൈദികര്‍
Syro Malabar Sabha
'മാര്‍പാപ്പയ്ക്ക് സ്ത്രീകളുടെ കാല്‍ കഴുകാമെങ്കില്‍ കര്‍ദിനാളിനായിക്കൂടെ?'; സ്ത്രീകളുടെ കാല്‍ കഴുകേണ്ടെന്ന കര്‍ദിനാളിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് വൈദികര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st April 2018, 1:05 pm

കൊച്ചി: പെസഹ ദിവസം സ്ത്രീകളുടെ കാല്‍ കഴുകേണ്ടെന്ന കര്‍ദ്ദിനാളിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍. പെസഹദിനത്തില്‍ സ്ത്രീകളുടെ കാല്‍ കഴുകേണ്ടെന്ന് സിറോ മലബാര്‍ സഭയുടെ തീരുമാനത്തിനെതിരെയാണ് വൈദികര്‍ രംഗത്തെത്തിയത്.

നേരത്തെ നിലവിലെ പരമ്പരാഗത രീതികളെ മാറ്റിക്കൊണ്ട് കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകള്‍ക്കും പങ്കാളിത്തം നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ രീതി വേണ്ടെന്നാണ് സീറോ മലബാര്‍ സഭയുടെ തീരുമാനം. ഇത് സംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പെസഹ ദിനത്തില്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പരമ്പരാഗത രീതിയില്‍ പുരുഷന്മാരുടെയും ആണ്‍കുട്ടികളുടെയും കാലുകള്‍ കഴുകിയാല്‍ മതിയെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.


Also Read:  ഗാസയില്‍ നിരായുധനായി തിരിഞ്ഞോടുന്ന പ്രതിഷേധക്കാരനെ വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്


 

സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ മൗണ്ട് സെയ്ന്റ് തോമസില്‍ ചേര്‍ന്ന സിനഡ് മാര്‍പാപ്പയുടെയും കര്‍ദിനാള്‍ സംഘത്തിന്റെയും നിര്‍ദേശം തള്ളുകയായിരുന്നു. പൗരസ്ത്യസഭകളുടെ ആരാധനാ ക്രമത്തില്‍ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് പ്രത്യേക പദവിയാണുള്ളതെന്നും ഇതിനെ തള്ളിക്കളയാനാകില്ലെന്നുമാണ് സിറോ മലബാര്‍ സഭയുടെ വാദം.

അതേസമയം സഭയില്‍ സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യമാണെന്നും കാനോന്‍ നിയമങ്ങളും ഇത് ഉറപ്പു നല്‍കുന്നുണ്ടെന്നും വൈദികര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പെസഹ ദിവസം പുരുഷന്‍മാരുടെ കാലുകള്‍ മാത്രം കഴുകിയാല്‍ മതിയെന്ന ആലഞ്ചേരിയുടെ ഉത്തരവ് സഭാ വിരുദ്ധമെന്നാണ് വൈദികരുടെ വാദം. മാര്‍പാപ്പയ്ക്ക് സ്ത്രീകളുടെ കാല്‍ കഴുകാമെങ്കില്‍ കര്‍ദിനാളിനായിക്കൂടെ എന്നും വൈദികര്‍ ചോദിക്കുന്നു.

Watch This Video: