ഗസ: ഹമാസിനെ പൂർണമായി നശിപ്പിക്കാൻ ദീർഘകാലത്തെ പോരാട്ടം ആവശ്യം വരുമെന്നതിനാലും ഇനിയും ഒരു ഭീഷണി ഉണ്ടാകാതിരിക്കാനും ഗസയിലെ യുദ്ധം മാസങ്ങളോളം നീണ്ടുപോകാമെന്ന് ഇസ്രഈൽ സേന.
തീവ്രവാദ സംഘടനയെ ഇല്ലാതാക്കാൻ കുറുക്കുവഴികൾ ഇല്ലെന്ന് ഇസ്രഈൽ സേനയായ ഐ.ഡി.എഫിന്റെ സ്റ്റാഫ് മേധാവി ഹെർസി ഹലേവി മാധ്യമങ്ങളോട് പറഞ്ഞു.
‘പരിഹാരം കാണാൻ മായാജാലമൊന്നും നടക്കില്ല. ഒരു തീവ്രവാദ സംഘടനയെ ഇല്ലാതാക്കാൻ ശക്തമായും ദൃഢനിശ്ചയത്തോടെയും പൊരുതുക എന്നതല്ലാതെ മറ്റ് കുറുക്കുവഴികൾ ഒന്നുമില്ല,’ ഹെർസി ഹലേവി പറഞ്ഞു.
ഹമാസുമായുള്ള യുദ്ധം അവസാനിക്കാറായിട്ടില്ല എന്ന ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് സൈനിക മേധാവിയുടെ പരാമർശം.
ഗസയിലെ സമാധാനത്തിന്, യുദ്ധം അവസാനിക്കും മുമ്പ് ഹമാസിനെ ഇല്ലാതാക്കണമെന്നും ഗസയെ നിരായുധീകരിക്കണമെന്നുമുള്ള വ്യവസ്ഥകൾ നടപ്പിലാക്കണമെന്നും നെതന്യാഹു പറഞ്ഞിരുന്നു.
ഗസയിൽ സന്ദർശനം നടത്തിയ നെതന്യാഹു യുദ്ധം കടുപ്പിക്കുമെന്നും പറഞ്ഞിരുന്നു. ഒക്ടോബർ ഏഴ് മുതൽ ഇസ്രഈലി ആക്രമണങ്ങളിൽ ഗസയിൽ 21,000ത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.