national news
രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടയിലും വഖഫ് ഭേദഗതി ബിൽ 2025ന് അംഗീകാരം നൽകി രാഷ്ട്രപതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 06, 12:48 am
Sunday, 6th April 2025, 6:18 am

ന്യൂദൽഹി: രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടയിലും വഖഫ് ഭേദഗതി ബിൽ 2025ന് അംഗീകാരം നൽകി രാഷ്‌ട്രപതി ദ്രൗപതി മുർമു. ഇരുസഭകളിലെയും മണിക്കൂറുകളോളം നീണ്ട ചർച്ചകൾക്ക് ശേഷം പാർലമെന്റ് വിവാദപരമായ നിയമനിർമാണം പാസാക്കി ദിവസങ്ങൾക്ക് ശേഷം തന്നെ ബില്ലിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്.

ബില്ലില്‍ ഒപ്പ് വയ്ക്കരുതെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും മുസ്‌ലിം ലീഗും രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചിരുന്നു. ബില്ലിനെതിരെ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാനുള്ള നീക്കത്തിലുമായിരുന്നു. ഇതിനിടയിലാണ് രാഷ്ട്രപതി ബില്ലിൽ ഒപ്പുവെക്കുന്നത്.

2025ലെ മുസൽമാൻ വഖഫ് (പിൻവലിക്കൽ) ബില്ലിനും രാഷ്ട്രപതി അംഗീകാരം നൽകി. കേന്ദ്ര സർക്കാർ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിക്കുന്ന ദിവസം മുതൽ പുതിയ വഖഫ് നിയമം പ്രാബല്യത്തിൽ വരും.

വഖഫ് സംവിധാനം സുതാര്യതയുടെയും ഉത്തരവാദിത്തത്തിന്റെയും അഭാവം വളരെക്കാലമായി അനുഭവിച്ചുവരികയാണെന്ന് വാദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നീക്കത്തെ ഒരു നിർണായക നിമിഷം എന്ന് പ്രശംസിച്ചു. ‘ഈ നിയമനിർമാണം സുതാര്യത വർധിപ്പിക്കുകയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യും,’ അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.

ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ നടത്തിപ്പും ഭരണവും മെച്ചപ്പെടുത്തുക എന്നതാണ് പുതിയ നിയമം ലക്ഷ്യമിടുന്നതെന്നാണ് ബി.ജെ.പിയുടെ വാദം. മുസ്‌ലിങ്ങൾ സംഭാവന ചെയ്യുന്ന സ്വത്തുക്കളുടെ നടത്തിപ്പിനെ നിയന്ത്രിക്കുന്ന 1995ലെ വഖഫ് നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമം നടപ്പിലാക്കിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബിൽ ആദ്യം പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെയും വിവിധ മുസ്‌ലിം സംഘടനകളുടെയും കടുത്ത പ്രതിഷേധങ്ങൾക്കിടയിൽ, ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (ജെ.പി.സി) അയച്ചു.

ബി.ജെ.പി എം.പി ജഗദംബിക പാൽ നേതൃത്വം നൽകിയ ജെ.പി.സിയിൽ മാസങ്ങൾ നീണ്ട ചർച്ചകൾ നടത്തിയതിന് ശേഷം ഏപ്രിൽ രണ്ടിന് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലാണ് ഭേദഗതി അവതരിപ്പിച്ചത്.

12 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷം 288 അംഗങ്ങൾ പിന്തുണച്ചും 232 അംഗങ്ങൾ എതിർത്തും ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് വഖഫ് ബിൽ ലോക്സഭയിൽ പാസാക്കിയത്. തുടർന്ന് ഏപ്രിൽ നാലിന് അതിരാവിലെ രാജ്യസഭയും ബിൽ പാസാക്കി. രാജ്യസഭയിൽ 128 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും 95 അംഗങ്ങൾ എതിർത്തും വോട്ട് ചെയ്തു.

പുതിയ വഖഫ് നിയമത്തെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. ഇത് ഭരണഘടനാ വിരുദ്ധവും മുസ്‌ലിങ്ങളോടുള്ള വിവേചനവുമാണെന്നും അവർ പറഞ്ഞു. കോൺഗ്രസ്, എ.ഐ.എം.ഐ.എം, എ.എ.പി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള നേതാക്കൾ പുതിയ വഖഫ് നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ വെവ്വേറെ ഹരജികൾ സമർപ്പിച്ചിട്ടുണ്ട്.

 

Content Highlight: Waqf Bill, cleared by Parliament after marathon debates, gets President’s nod