തിരുവനന്തപുരം: മോദിക്കെതിരായ പരാമർശത്തിൽ സൂറത്ത് കോടതി രാഹുൽ ഗാന്ധിയെ കുറ്റക്കാരനെന്ന് വിധിച്ചതിന് പിന്നാലെ മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. നീരവ് മോദി, ലളിത്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ പേരുകളിൽ മാത്രമല്ല സാമ്യമെന്ന് വി.ടി ബൽറാം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“നീരവ് മോദി, ലളിത് മോദി, പ്രധാന മോദി..
പേരിൽ മാത്രമല്ല ഈ മഹാന്മാർ തമ്മിൽ സാമ്യം”- എന്നായിരുന്നു വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ്.
രാഹുൽ ഗാന്ധിയും വിധിക്ക് പിന്നാല പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
മഹാത്മാ ഗാന്ധിയുടെ വചനം ഉദ്ധരിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
എന്റെ മതം സത്യവും അഹിംസയുമാണ്- സത്യം ദൈവവും അഹിംസ അത് നേടാനുള്ള മാർഗവുമാണെന്ന മഹാത്മാ ഗാന്ധിയുടെ വാക്യമാണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.
2019ലെ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി എന്ന പേരിനെ അപമാനിച്ച് സംസാരിച്ചെന്ന കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് കോടതി വിധിച്ചിരുന്നു. രണ്ട് വർഷം തടവിനാണ് കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ കോടതി രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു.
ഗുജറാത്ത് മുൻ മന്ത്രി പൂർണേഷ് മോദി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ കേസ് ഫയൽ ചെയ്തത്. എന്നാൽ പരാമർശം പൂർണേഷ് മോദിയെ ഉദ്ദേശിച്ചല്ലെന്നും നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണെന്നും രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.
വ്യാജരേഖ ചമച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14,000 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് നീരവ് മോദി. ലണ്ടനിലേക്ക് നാടുവിട്ട നീരവ് മോദിയെ പിടികൂടിയിട്ടില്ല. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്, വ്യാജ രേഖ കാണിച്ച് വായ്പാ തട്ടിപ്പ്, സി.ബി.ഐ കേസിലെ തെളിവുകൾ നശിപ്പിച്ചു തുടങ്ങി മൂന്ന് കേസുകളാണ് നീരവ് മോദിക്കെതിരെ രാജ്യത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്.