തിരുവനന്തപുരം: മാതൃഭൂമിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മാനേജ്‌മെന്റ് സ്വീകരിക്കുന്ന പ്രതികാര നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മാധ്യമ പ്രവര്‍ത്തകരോടുള്ള മാനേജുമെന്റുകളുടെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്നും മാതൃഭൂമി മാനേജ്‌മെന്റ് പിരിച്ചുവിട്ട മാധ്യമപ്രവര്‍ത്തകന്‍ സി. നാരായണനെ തിരിച്ചെടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. പത്രമാനേജ്‌മെന്റുകളുടെ പ്രതികാര നടപടി അവസാനിപ്പിക്കുക, ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കുക, മാധ്യമരംഗത്തെ കോര്‍പറേറ്റ്‌വല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടത്തുന്ന നിലനില്‍പ്പ് സമരത്തിന് വിഎസ് ഐക്യാദര്‍ഢ്യം പ്രഖ്യാപിച്ചു.
പത്രസ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരും, ജീവനക്കാരും അവകാശങ്ങളും ആനുകൂല്യങ്ങളും ചോദിക്കുന്നതിന്റെ പേരില്‍ അവരെ ക്രൂരമായി പീഡിപ്പിക്കുകയും അന്യായമായി സ്ഥലം മാറ്റുകയും ചെയ്യുന്ന നടപടി ജനാധിപത്യത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവര്‍ക്ക് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. മാതൃഭൂമി പത്രത്തില്‍ കുറച്ചു കാലമായി ഇത്തരത്തിലുള്ള പീഡനങ്ങള്‍ നടന്നുവരികയാണെന്നത് ആശങ്കാജനകമാണ്. കേരളത്തില്‍ ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകരെ രാജ്യത്തെ വിദൂരപ്രദേശങ്ങളിലേക്ക് സ്ഥലം മാറ്റി പീഡിപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാവുന്ന കാര്യമല്ല. ഭരണാധികാരികള്‍ പത്രപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തെ ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ച അടിയന്തിരാവസ്ഥയുടെ നാല്‍പ്പതാം വാര്‍ഷിക നാളുകളില്‍ പത്രമാനേജ്‌മെന്റു തന്നെ പത്രപ്രവര്‍ത്തകരെ പീഡിപ്പിക്കുന്ന സ്ഥിതി ജനാധിപത്യ സമൂഹമാകെ ഗൗരവപൂര്‍വം കാണേണ്ടിയിരിക്കുന്നു.
തുച്ഛമായ ശമ്പളവും ആനുകൂല്യങ്ങളും മാത്രം നല്‍കി കോര്‍പറേറ്റ് സ്വഭാവമുള്ള പല മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവര്‍ത്തകരെയും ജീവനക്കാരെയും ദ്രോഹിക്കുന്നുമുണ്ട്. ഈവക പ്രതികാര നടപടികള്‍ ജനാധിപത്യ സംവിധാനത്തിനും ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങള്‍ക്കും എതിരാണ്. അതുകൊണ്ട് പ്രതികാര നടപടികള്‍ അവസാനിപ്പിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാവണം. പിരിച്ചുവിട്ട സി നാരായണനെ തിരിച്ചെടുത്ത് മാധ്യമപ്രവര്‍ത്തനരംഗത്ത് സമാധാനന്തരീക്ഷം പുന:സ്ഥാപിക്കാന്‍ മാതൃഭൂമി മാനേജ്‌മെന്റ് തയ്യാറാകണമെും വി.എസ് ആവശ്യപ്പെു.
മാതൃഭൂമിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നടക്കുന്ന പ്രതികാര നടപടിക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ ഏറെനാളായി സമരം നടക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ നേതൃത്വമോ സാമൂഹിക, സാംസ്‌കാരിക നായകരോ ഇതുവരെ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറായിരുന്നില്ല. ആദ്യമായാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ മാധ്യമ മാനേജുമെന്റുകള്‍ക്കെതിരെ രംഗത്തുവരുന്നത്.
വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ അനുസരിച്ച് വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കതെതിരെ മാനേജുമെന്റ് പ്രതികാര നടപടി തുടങ്ങിയത്. ബ്യൂറോകളില്ലാത്ത സംസ്ഥാനത്തിന് പുറത്തെ കുഗ്രാമങ്ങളിലേക്കടക്കം സ്ഥലം മാറ്റിയായിരുന്നു നടപടി. ഇതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നിലനില്‍പ്പ് സമരം നടക്കുകയാണ്. മാതൃഭൂമിക്ക് പുറമെ മറ്റ് ചില മാധ്യമങ്ങളിലും ജീവനക്കാരോട് പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
ഇന്നലെ കണ്ണൂരില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ നടത്തിയ നിലനില്‍പ്പ് സമരത്തില്‍ മാതൃഭൂമി മാനേജുമെന്റ് വിശ്വസ്തരെ അയച്ച് ചാരപ്പണിയെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകരല്ലാത്ത ജീവനക്കാര്‍ സമരപ്പന്തലിലിരുന്ന ചിത്രങ്ങള്‍ പകര്‍ത്തിയപ്പോള്‍ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയാണ് ഉണ്ടായത്. ഈ കേസ് ഒതുക്കാന്‍ പൊലീസിന് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് മാതൃഭൂമി മാനേജുമെന്റ്
സ്വന്തം ജീവനക്കാര്‍ക്കെതിരെ മാതൃഭൂമി സ്വീകരിക്കുന്ന നയത്തില്‍ പ്രതിഷേധിച്ച് പത്ര പ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ സമരം നടക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും ഇടപെടലുകള്‍ ഉണ്ടാവുന്നത്.