national news
പഹൽഗാമിൽ ആക്രമണം നടത്തിയ തീവ്രവാദികളുടെ ചിത്രം പുറത്തുവിട്ട് അന്വേഷണ സംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 23, 08:08 am
Wednesday, 23rd April 2025, 1:38 pm

ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ 28 പേരുടെ ജീവനെടുത്ത ആക്രമണം നടത്തിയ തീവ്രവാദികളുടെ രേഖാചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം. ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങളാണ് സുരക്ഷാ ഏജൻസികൾ പുറത്ത് വിട്ടത്.

ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും അന്വേഷണസംഘം പറഞ്ഞു. തീവ്രവാദികളിൽ ഒരാൾ എ.കെ-47 റൈഫിൾ പിടിച്ചുകൊണ്ട് പ്രദേശത്തുകൂടി ഓടുന്നതിന്റെ ഒരു ഫോട്ടോ പുറത്തുവന്നിരുന്നു.

ആസിഫ് ഫൗജി, സുലെമാൻ ഷാ, അബു തൽഹ എന്നീ പ്രതികളെയാണ് തിരിച്ചറിഞ്ഞതെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മൂസ, യൂനുസ്, ആസിഫ് എന്നീ രഹസ്യനാമങ്ങളും ഇവർക്ക് ഉണ്ടായിരുന്നുവെന്നും പൂഞ്ചിലെ ഭീകരാക്രമണങ്ങളിൽ ഇവർ പങ്കാളികളാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതിജീവിച്ചവരുടെ സഹായത്തോടെയാണ് രേഖാചിത്രങ്ങൾ തയ്യാറാക്കിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

രണ്ട് പ്രാദേശിക ഭീകരർ അടക്കം ആറ് ഭീകരരാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടി ഉതിർത്തതെന്നാണ് വിവരം. കൂട്ടക്കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട തീവ്രവാദികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പഹൽഗാം, ബൈസരൺ, അനന്ത് നാഗ് എന്നീ മേഖലകളിൽ വിശദമായ പരിശോധന നടക്കുകയാണ്.

പഹൽഗാം ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ ലഷ്ക്കർ ഇ ത്വയ്ബയുടെ കൊടും ഭീകരൻ സൈഫുള്ള കസൂരിയെന്നാണ് വിവരം. പാകിസ്ഥാനിൽ ഇരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നും രഹസ്യാന്വേഷണ വിവരം വന്നിട്ടുണ്ട്. സംഘത്തിൽ അഫ്ഗാൻ ഭാഷയായ പഷ്തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. ഭീകരര്‍ക്കായി ബയ്സരൺ വനമേഖലയിൽ നാല് ഹെലികോപ്റ്ററുകളിൽ സൈന്യം തെരച്ചിൽ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. അതേസമയം, ആക്രമണവുമായി ബന്ധമില്ലെന്ന് പാകിസ്ഥാൻ പ്രതികരിച്ചു.

അതേസമയം, ഭീകരാക്രമണത്തില്‍ മരിച്ച 26 പേരെ തിരിച്ചറിഞ്ഞു. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിലുള്ളത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചു. ശ്രീനഗറിൽ എത്തിച്ച മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ ഒരു മണിയോടെ ദൽഹിയിൽ എത്തിക്കും.

Content Highlight: Investigation team releases photo of terrorists involved in Pahalgam attack