കാസര്‍കോട്: കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തിന് പിന്തുണയുമായി കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. കീഴാറ്റൂരിലെ നെല്‍വയല്‍ സംരക്ഷിക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.
“എന്റെ ജോലി നെല്‍വയല്‍ സംരക്ഷിക്കലാണ്. അത് ഞാന്‍ ചെയ്യും.”
നിലവില്‍ തന്റെ വകുപ്പല്ല വയല്‍ പിടിച്ചെടുത്തിരിക്കുന്നതെന്നും കൃഷി വകുപ്പില്‍ ഇതുമായി ബന്ധപ്പെട്ട ഫയല്‍ എത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഫയല്‍ തന്റെ ഓഫീസിലെത്തിയാല്‍ കൃഷിഭൂമി സംരക്ഷിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
വയല്‍ക്കിളികള്‍ എന്ന പേര് സംസ്ഥാനത്തിന് തന്നെ അഭിമാനമാണ്. എന്തുകൊണ്ടാണ് അവരെ വയലില്‍ നിന്നും അടിച്ചോടിച്ചതെന്ന് അറിയില്ലെന്നും കൃഷി മന്ത്രി പറഞ്ഞു. എന്നാല്‍ തുടര്‍ന്നുള്ള നാളുകളില്‍ അവര്‍ക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ എല്ലാ സഹായങ്ങളും പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.
Related News: തളിപ്പറമ്പിന്റെ ജലസംഭരണിയെ കല്ലിട്ടുമൂടരുത്; കീഴാറ്റൂര്‍ സമരത്തിനു പിന്തുണയുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്
നേരത്തെ ബൈപ്പാസിനായി സ്ഥലമളക്കാന്‍ ദേശീയപാതാ അധികൃതര്‍ എത്തിയപ്പോള്‍ പ്രതിഷേധിച്ച കര്‍ഷകരെ പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിനിടെ വയല്‍ക്കിളികളുടെ സമരപന്തല്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തീയിട്ടത് വിവാദമായിരുന്നു.
കീഴാറ്റൂരിലെ നെല്‍വയല്‍, തളിപ്പറമ്പ് ദേശീയപാതാ ബൈപ്പാസ് നിര്‍മ്മാണത്തിനായി ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിപ്പ് വന്നത് മുതല്‍ കീഴാറ്റൂരിലെ കര്‍ഷകര്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ സമരത്തിലാണ്.
വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്