മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായകരില്‍ ഒരാളാണ് അഫ്സല്‍. മലയാള സിനിമയില്‍ ഒരുപാട് ഹിറ്റ് പാട്ടുകളുള്ള ഗായകനാണ് അദ്ദേഹം. അഫ്സല്‍ പാടിയ പാട്ടുകളൊക്കെ എല്ലാ ജനറേഷനും ഇഷ്ടപ്പെടുന്നതാണ് എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഗിരീഷ് പുത്തഞ്ചേരി വരികള്‍ നല്‍കി അലക്‌സ്‌പോള്‍ സംഗീതം സംവിധാനം നിര്‍വഹിച്ച ‘ഞാനും വരട്ടെ’ എന്ന ഗാനം ആലപിച്ചത് അഫ്‌സല്‍ ആയിരുന്നു. 2004 ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായ ചതിക്കാത്ത ചന്തുവിലെ ഗാനം അഫ്‌സലും സുജാത മോഹനും ചേര്‍ന്നാണ് ആലപിച്ചത്.
20 വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട് ഗാനമാണ് ചതിക്കാത്ത ചന്തുവിലെ ഞാനും വരട്ടെ. ഇപ്പോള്‍, ഈ ജനറേഷനിലും ട്രെന്‍ടിങ് ആയി നില്‍ക്കുന്ന തന്റെ പാട്ടിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അഫസല്‍.
ചതിക്കാത്ത ചന്തുവിലെ ഞാനും വരട്ടെ എന്ന ഗാനം ഒരു പ്രത്യേക സ്റ്റൈലിലാണ് ഷൂട്ട് ചെയ്യാന്‍ പോകുന്നതെന്ന് സംവിധായകന്‍ റാഫി മെക്കാര്‍ട്ടിന്‍ തന്റെയടുത്ത് പറഞ്ഞിരുന്നുവെന്നും സംഗീത സംവിധായകന്‍ അലക്‌സ്‌പോളിന്റെ ആദ്യത്തെ ഗാനമായിരുന്നു ഇതെന്നും അഫ്‌സല്‍ പറയുന്നു. സുജാത മോഹന്‍ തന്നോട് ഇപ്പോഴും ആ ഗാനത്തെ പറ്റി പറയാറുണ്ടെന്നും ഇപ്പോഴും കുട്ടികള്‍ ഈ പാട്ട് കേള്‍ക്കാറുണ്ടെന്നുള്ളത് വളരെ സന്തോഷമുള്ള കാര്യമാണെന്നും അഫ്‌സല്‍ കൂട്ടിചേര്‍ത്തു. റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ പാട്ടിന്റെ പ്രത്യേകത എന്തെന്നാല്‍ മ്യൂസിക് ഡയറക്ടര്‍ അലക്‌സ് പോളിന്റെ ആദ്യത്തെ സിനിമയായിരുന്നു ഇത്. റാഫി സാര്‍ വിളിച്ചിട്ട് ഒരു പാട്ട് അഫ്‌സല്‍ പാടണമെന്ന് പറഞ്ഞു. നോക്കുമ്പോള്‍ നല്ല റേഞ്ചുള്ള പാട്ടാണ്. ഈ പാട്ട് ഒരു ഡിഫറന്റ് സ്റ്റൈലിലാണ് ഷൂട്ട് ചെയ്യാന്‍ പോകുന്നത് റാഫിക്ക എന്റെടുത്ത് പറഞ്ഞിരുന്നു. അതിന്റെ പിക്ച്ചറെയ്‌സേഷന്‍ നമ്മള്‍ കണ്ടിട്ടുണ്ടല്ലോ, ഒരു ടൈറ്റാനിക് കപ്പലിന്റെ ഉള്ളില്‍ വച്ചിട്ടാണ് അത് ഷൂട്ട് ചെയ്തിരിക്കുന്നത്. അത്തരമൊരു സ്റ്റൈലില്‍.
ആ പാട്ടൊക്കെ എന്തൊരു റേയ്ഞ്ചാണ് എന്ന് സുജാത ചേച്ചി എന്നോട് കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. ഇപ്പോഴും കുട്ടികളൊക്കെ ആ പാട്ട് കേള്‍ക്കുന്നുണ്ട് എന്ന് പറയുന്നത് ഭയങ്കര സന്തോഷമുള്ള കാര്യമാണ്. കാനനചായയില്‍ എന്ന പഴയപാട്ടിന്റെ ഒരു രീതി വെച്ചിട്ടാണ് ഈ ഗാനം ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞിരുന്നു. പാട്ടിന്റെ ഒരു കോണ്‍സപ്റ്റ് അങ്ങനെയാണെന്ന് പറഞ്ഞിരുന്നു,’ അഫ്‌സല്‍ പറഞ്ഞു.
Content Highlight: Afsal talks about his song in chathikatha chanthu